Friday, January 20, 2012

ചുവപ്പണിഞ്ഞ് തലസ്ഥാനം

സിപിഐ എമ്മിന്റെ വളര്‍ച്ചയുടെ പന്ഥാവില്‍ പുത്തന്‍ അനുഭവമായി തലസ്ഥാനം ചുവപ്പണിഞ്ഞു. ഒട്ടനവധി ചരിത്രമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാനജില്ലയുടെ മുക്കിലും മൂലയിലും സംസ്ഥാന സമ്മേളനത്തിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു. നാടും നഗരവും രക്തവര്‍ണാലങ്കാരങ്ങളില്‍ ജ്വലിച്ചുയര്‍ന്നു. ചെമ്പതാകയും ബോര്‍ഡുകളും പോസ്റ്ററുകളും കമാനങ്ങളുമാല്‍ നഗരവീഥികളും നാട്ടുപാതകളുമുള്‍പ്പെടെ സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ പെരുമ്പറ മുഴക്കുകയാണ്.
പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന പതിനായിരങ്ങള്‍ ഒരേ മനസ്സായി സമ്മേളനത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. സമ്മേളനം വിജയിപ്പിക്കുന്നതിന് രണ്ടായിരത്തിഅഞ്ഞൂറിലേറെ സംഘാടകസമിതി ഓഫീസുകള്‍ നിലവില്‍ വന്നു. ഒരു ബ്രാഞ്ചില്‍നിന്നും 100 വീതം രണ്ടുലക്ഷം ബഹുജനങ്ങള്‍ സമാപനസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ അണിനിരക്കും. ഇതില്‍ പകുതി വനിതകളാണ്. ബഹുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സ്ക്വാഡ് പ്രവര്‍ത്തനവും കുടുംബ യോഗങ്ങളും എങ്ങും നടക്കുന്നു. കാല്‍ലക്ഷം വരുന്ന ചുവപ്പ് സേനയുടെ മഹാപ്രവാഹത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകം റിക്രൂട്ടുചെയ്ത സേനാംഗങ്ങളുടെ പരിശീലനവും പരേഡും തുടരുകയാണ്. ഈ വളന്റിയര്‍മാരില്‍ മൂന്നിലൊന്ന് വനിതകളാണ്. ചുവപ്പ്സേനയുടെ റോഡ്ഷോ ഞായറാഴ്ച കാലത്തും വൈകിട്ടുമായി വിവിധ കേന്ദ്രങ്ങളില്‍ അരങ്ങേറും.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതിഹാസങ്ങള്‍ രചിച്ച മണ്‍മറഞ്ഞ പ്രതിഭകളുടെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന 60 സ്ക്വയറുകളാണ് തലസ്ഥാന നഗരിയില്‍ മാത്രമായി ഉയരുന്നത്. 500ലേറെ കമാനങ്ങള്‍ ഇതിന് പുറമെയുണ്ട്. ചരിത്രമുറങ്ങുന്ന പുത്തരിക്കണ്ടം മൈതാനം ലോക വിപ്ലവ ചരിത്രത്തിലേക്കും പുരോഗമന-മതേതര കേരളത്തിന്റെ സഞ്ചാരങ്ങളിലേക്കും വെളിച്ചം വിശുന്ന പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. പുത്തരിക്കണ്ടത്ത് ജനുവരി 30 മുതല്‍ 10 നാള്‍ അറിവിന്റെയും കാഴ്ചയുടെയും ലോകമൊരുക്കും. പ്രശസ്ത ചിത്രകാരും ശില്‍പ്പികളും ഒത്തുചേര്‍ന്ന് ക്യാന്‍വാസിലാക്കിയ ചരിത്രത്തിലെ അപൂര്‍വ മുഹൂര്‍ത്തങ്ങളും സംഭവങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കാവ്യവിളംബരം തിങ്കളാഴ്ച ആരംഭിക്കും. നാടന്‍പാട്ട്, ഗാനമേള, നാടകം എന്നിവ അവതരിപ്പിച്ച് സാംസ്കാരികസംഘവും തിങ്കളാഴ്ചമുതല്‍ ജില്ലയില്‍ പര്യടനം നടത്തും. പ്രതിഭാവന്ദനം, ചരിത്രസമ്മേളനം, ശതാബ്ദി ആദരം, പ്രഭാഷണങ്ങള്‍ , സിനിമാപ്രദര്‍ശനം, കഥാപ്രസംഗം നാടകം തുടങ്ങിയ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ദേശീയ സെമിനാറുകളും പ്രാദേശിക സെമിനാറുകളും സമകാലിക രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യമേഖലകളിലെ സംവാദങ്ങളുടെ വേദിയാകും. സാര്‍വദേശീയ-ദേശീയ- പ്രാദേശികതലത്തിലുള്ള വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്. കായികമത്സരങ്ങള്‍ നാടിന്റെ മേളകളായി മുന്നേറുകയാണ്. ഏരിയാമേളകള്‍ക്കു ശേഷം 25 മുതല്‍ ജില്ലാതല കായികമേളകള്‍ നടക്കും. കലാ-സാഹിത്യമത്സരങ്ങള്‍ നൂറുകണക്കിന് പ്രതിഭകളുടെ സംഗമവേദിയാകും.

സെമിനാര്‍ പരമ്പരയ്ക്ക് ഫെബ്രുവരി 12നു തുടക്കം

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഫെബ്രുവരി 12-ന് തുടക്കമാകും. കോഴിക്കോട് ജില്ലയില്‍ ഏരിയാതലത്തില്‍ 13 സെമിനാറുകളാണ് ആദ്യഘട്ടമായി സംഘടിപ്പിക്കുന്നത്. മാര്‍ച്ചില്‍ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ 40 സെമിനാറുകളും സംവാദസദസ്സുകളും സംഘടിപ്പിക്കുമെന്ന് പാര്‍ടികോണ്‍ഗ്രസ് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണനും അറിയിച്ചു.

പാര്‍ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രസന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സെമിനാറുകള്‍ . നവോത്ഥാനം, മതനിരപേക്ഷത, തൊഴിലാളിവര്‍ഗ രാഷ്ട്രീയം, ജനപക്ഷവികസനം, സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ , കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖല എന്നിങ്ങനെ കാലികവും ചരിത്രപ്രധാനവുമായ വിഷയങ്ങളിലാണ് സെമിനാര്‍ . കുഞ്ഞാലിമരക്കാരുടെ വീറുറ്റ പോരാട്ടത്താല്‍ പ്രശസ്തമായ കോട്ടക്കലിലാണ് സെമിനാറിന്റെ തുടക്കം. സെമിനാര്‍ പരമ്പര ഫെബ്രുവരി 12-ന് സാമ്രാജ്യത്വവിരുദ്ധസമരവും മതനിരപേക്ഷ രാഷ്ട്രീയവും എന്ന വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 15-ന് ബാലുശേരിയില്‍ "സ്ത്രീശാക്തീകരണം" സെമിനാര്‍ പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. 18ന് നാദാപുരത്ത് വര്‍ഗീയ -തീവ്രവാദവിരുദ്ധ സെമിനാറാണ്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാഗ്ഭടാനന്ദ ഗുരുദേവന്റെ കര്‍മഭൂമിയായിരുന്ന ഒഞ്ചിയത്ത് ഗുരുദേവനെ അനുസ്മരിച്ചാണ് സെമിനാര്‍ . "ഗുരുദേവനും കേരളീയ നവോത്ഥാനവും" സെമിനാര്‍ 19ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 21-ന് കൊയിലാണ്ടിയിലും താമരശേരിയിലുമാണ് സെമിനാറുകള്‍ . കൊയിലാണ്ടിയില്‍ മത്സ്യമേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും എന്നതാണ് വിഷയം. അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും.

താമരശേരിയില്‍ കാര്‍ഷികത്തകര്‍ച്ചയും തൊഴിലില്ലായ്മയും എന്ന വിഷയത്തിലല്‍ നടക്കുന്ന സെമിനാര്‍ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോ. സെക്രട്ടറി സുനിത്ചോപ്ര ഉദ്ഘാടനം ചെയ്യും. 22-ന് കുന്നമംഗലത്ത് ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും സെമിനാര്‍ കേന്ദ്രക്കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. വടകരയില്‍ 24-ന് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും വര്‍ത്തമാനവും എന്ന വിഷയത്തിലാണ് ചര്‍ച്ച. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. ഹേമലത ഉദ്ഘാടനം ചെയ്യും. ടൂണീഷ്യ മുതല്‍ വാള്‍സ്ട്രീറ്റ്വരെ എന്ന വിഷയത്തിലാണ് 25-ന് കക്കോടിയിലെ സെമിനാര്‍ . കേന്ദ്രസെക്രട്ടറിയറ്റംഗം നീലോല്‍പല്‍ ബസു ഉദ്ഘാടനം ചെയ്യും. 27-ന് കുറ്റ്യാടിയില്‍ വര്‍ഗീയത ഉയര്‍ത്തുന്ന സാമൂഹ്യവിപത്ത് സെമിനാര്‍ പാര്‍ടി കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

കുടിയേറ്റ മേഖലയായ തിരുവമ്പാടിയില്‍ സെമിനാര്‍ കുടിയേറ്റകൃഷിക്കാരുടെ പ്രശ്നങ്ങള്‍ ആസ്പദമാക്കിയാണ്. 29-ന് അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് മൂന്നിനാണ് പേരാമ്പ്രയില്‍ സെമിനാര്‍ . കാര്‍ഷിക പരിഷ്കരണവും സാമൂഹ്യമാറ്റവും സെമിനാര്‍ പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഏരിയാതല സെമിനാറിന്റെ സമാപനം മാര്‍ച്ച് നാലിന് ഫറോക്കിലാണ്. ബേപ്പൂര്‍ തുറമുഖവികസനമാണ് വിഷയം. മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. എല്ലാസെമിനാറുകളും പകല്‍ മൂന്നിനാണ് ആരംഭിക്കുക.

deshabhimani 200112

1 comment:

  1. സിപിഐ എമ്മിന്റെ വളര്‍ച്ചയുടെ പന്ഥാവില്‍ പുത്തന്‍ അനുഭവമായി തലസ്ഥാനം ചുവപ്പണിഞ്ഞു. ഒട്ടനവധി ചരിത്രമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാനജില്ലയുടെ മുക്കിലും മൂലയിലും സംസ്ഥാന സമ്മേളനത്തിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു. നാടും നഗരവും രക്തവര്‍ണാലങ്കാരങ്ങളില്‍ ജ്വലിച്ചുയര്‍ന്നു. ചെമ്പതാകയും ബോര്‍ഡുകളും പോസ്റ്ററുകളും കമാനങ്ങളുമാല്‍ നഗരവീഥികളും നാട്ടുപാതകളുമുള്‍പ്പെടെ സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ പെരുമ്പറ മുഴക്കുകയാണ്.

    ReplyDelete