Monday, January 23, 2012

തടഞ്ഞത് കള്ളക്കഥ ചമച്ച്; പ്രതിഷേധാര്‍ഹമെന്ന് റുഷ്ദി

ജയ്പ്പുര്‍ സാഹിത്യോത്സവത്തില്‍ താന്‍ പങ്കെടുക്കാതിരിക്കാന്‍ രാജസ്ഥാന്‍ പൊലീസ് നുണക്കഥ ചമച്ചതില്‍ പ്രമുഖ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി പ്രതിഷേധിച്ചു. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തീവ്രവാദികളുടെ ഭാഗത്തുനിന്ന് വധശ്രമമുണ്ടാകുമെന്ന് വ്യക്തമായ സൂചന ലഭിച്ചതായി രാജസ്ഥാന്‍ പൊലീസ് സല്‍മാന്‍ റുഷ്ദിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് റുഷ്ദി ജയ്പ്പുര്‍ സന്ദര്‍ശനം റദ്ദാക്കി. എന്നാല്‍ , റുഷ്ദിയുടെ വരവ് ഒഴിവാക്കുന്നതിന് ജയ്പ്പുര്‍ പൊലീസ് ചമച്ച നുണക്കഥയാണ് ഭീകരാക്രമണമെന്ന് പിന്നീട് തെളിഞ്ഞു.

ഈ വിഷയം താന്‍ തന്നെ അന്വേഷിച്ചുവെന്നും തന്നെ അകറ്റാന്‍ പൊലീസ് കള്ളകഥ ചമയ്ക്കുകയായിരുന്നുവെന്നും റുഷ്ദി ട്വിറ്ററില്‍ പ്രതികരിച്ചു. പൊലീസ് തന്നോട് നുണപറയുകയായിരുന്നു. താന്‍ അങ്ങേയറ്റം അസ്വസ്ഥനും ക്ഷുഭിതനുമാണ്- റുഷ്ദി പ്രതികരിച്ചു. ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ രാജസ്ഥാന്‍ പൊലീസ് തെറ്റായ ഇന്റലിജന്‍സ് വിവരം തനിക്ക് കൈമാറിയതെന്ന് അറിയില്ല. ആരാണ് നിര്‍ദേശം നല്‍കിയതെന്ന് അറിയില്ല. ഹരി, അമിതാവ, റുചിര്‍ , ജീത് എന്നീ എഴുത്തുകാരെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതും ഇതേ പൊലീസ് തന്നെയാകണം. അസ്വസ്ഥയുണര്‍ത്തുന്ന കാര്യമാണിത്- റുഷ്ദി പറഞ്ഞു.

സാഹിത്യോത്സവത്തില്‍ സാത്താന്റെ വചനങ്ങള്‍ എന്ന നിരോധിത നോവലിലെ ഭാഗങ്ങള്‍ വായിച്ചതിന് നാല് എഴുത്തുകാരെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് ശ്രമിച്ചിരുന്നു. റുഷ്ദിയെ കൊലപ്പെടുത്താന്‍ മുംബൈ അധോലോകത്തുനിന്ന് മതമൗലികവാദികള്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ പൊലീസ് റുഷ്ദിയെ അറിയിച്ചത്. വാടകഗുണ്ടകളുടെ പേര് ഉള്‍പ്പെടെയാണ് വിവരം കൈമാറിയത്. എന്നാല്‍ , രാജസ്ഥാന്‍ പൊലീസിന്റെ അവകാശവാദം മുംബൈ പൊലീസ് തന്നെ തള്ളി. റുഷ്ദിയുടെ ഇന്ത്യാ സന്ദര്‍ശനം ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയമായതോടെയാണ് രാജസ്ഥാന്‍ പൊലീസ് കള്ളകഥ ചമച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്. അല്‍ത്താഫ് ബട്ലി, അസ്ലം കോംഗൊ എന്നീ വാടകകൊലയാളികളെ റുഷ്ദിയെ കൊലപ്പെടുത്താന്‍ ചുമതലപ്പെടുത്തിയെന്നാണ് ഇന്റലിജന്‍സ് വിവരമെന്ന മട്ടില്‍ രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ടത്. ഭീകരപ്രവര്‍ത്തകനായ സാഖിബ് ഹമീദ് നാച്ചനാണ് ഇവരെ പണം നല്‍കി ചുമതലപ്പെടുത്തിയതെന്നും പൊലീസ് റുഷ്ദിയെ അറിയിച്ചു. എന്നാല്‍ , ഈ പേരുകളില്‍ വാടകകൊലയാളികള്‍ ഉള്ളതായി അറിവില്ലെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

deshabhimani 230112

1 comment:

  1. ജയ്പ്പുര്‍ സാഹിത്യോത്സവത്തില്‍ താന്‍ പങ്കെടുക്കാതിരിക്കാന്‍ രാജസ്ഥാന്‍ പൊലീസ് നുണക്കഥ ചമച്ചതില്‍ പ്രമുഖ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി പ്രതിഷേധിച്ചു. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തീവ്രവാദികളുടെ ഭാഗത്തുനിന്ന് വധശ്രമമുണ്ടാകുമെന്ന് വ്യക്തമായ സൂചന ലഭിച്ചതായി രാജസ്ഥാന്‍ പൊലീസ് സല്‍മാന്‍ റുഷ്ദിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് റുഷ്ദി ജയ്പ്പുര്‍ സന്ദര്‍ശനം റദ്ദാക്കി. എന്നാല്‍ , റുഷ്ദിയുടെ വരവ് ഒഴിവാക്കുന്നതിന് ജയ്പ്പുര്‍ പൊലീസ് ചമച്ച നുണക്കഥയാണ് ഭീകരാക്രമണമെന്ന് പിന്നീട് തെളിഞ്ഞു.

    ReplyDelete