Saturday, January 21, 2012

തൊഴിലാളി കൂട്ടായ്മയില്‍ ആദ്യ സൈബര്‍ പാര്‍ക്ക്

കോഴിക്കോട്: തൊഴിലാളി കൂട്ടായ്മയില്‍ രൂപമെടുക്കുന്ന ഇന്ത്യയിലെ ആദ്യ സൈബര്‍ പാര്‍ക്കായ യുഎല്ലിന്റെ പ്രധാന കെട്ടിടത്തിന് വെള്ളിയാഴ്ച ശിലയിട്ടു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള യുഎല്‍ സൈബര്‍ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മലബാറിലെ ആദ്യ സൈബര്‍ പാര്‍ക്ക് എന്നതിലുപരി കേരളത്തില്‍ സഹകരണരംഗത്തെ പ്രഥമ സൈബര്‍ സംരംഭമെന്ന പ്രത്യേകതയും ഇതിനുണ്ട്. പാര്‍ക്കിലേക്ക് ആദ്യമെത്തുന്ന ഐടി കമ്പനികള്‍ക്ക് പെട്ടെന്ന് ജോലികള്‍ തുടങ്ങാനായി പണിത "ക്വിക്ക് സ്പേസി"ന്റെ ഉദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മന്ത്രി എം കെ മുനീര്‍ അധ്യക്ഷനായി. സര്‍വീസ് ബ്ലോക്കിന് മേയര്‍ എ കെ പ്രേമജം ശിലയിട്ടു. ഇ-ഡോട്ട് ടെക്നോളജി താക്കോല്‍ദാനം എം കെ രാഘവന്‍ എംപിയും പാര്‍ക്ക് ഓഫീസ് ഉദ്ഘാടനം എളമരം കരീം എംഎല്‍എയും എടിഎം താക്കോല്‍ദാനം എ പ്രദീപ്കുമാര്‍ എംഎല്‍എയും പോസിസ് ടെക്നോളജിയുടെ താക്കോല്‍ദാനം കലക്ടര്‍ പി ബി സലീമും നിര്‍വഹിച്ചു.

വൈവിധ്യവല്‍ക്കരണത്തിന്റെ പുതുമേഖലകള്‍ താണ്ടുന്ന വടകര ഊരാളുങ്കല്‍ സൊസൈറ്റിക്ക് വെള്ളിയാഴ്ച അഭിമാന ദിനമായിരുന്നു. 1925ല്‍ 950 രൂപയുടെ റോഡുപണി കരാറെടുത്ത് തുടങ്ങിയ സഹകരണ പ്രസ്ഥാനം 600 കോടി രൂപയുടെ മുതല്‍മുടക്കിലാണ് ഐടി രംഗത്തേക്കു ചുവടുവെക്കുന്നത്. നെല്ലിക്കോട് ബൈപ്പാസിനരികില്‍ 25.11 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക്. 2010 മെയ് 17 ന് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 1.4 ദശലക്ഷം സ്ക്വയര്‍ഫീറ്റ് കെട്ടിടമാണ് ആദ്യഘട്ടത്തില്‍ പണിയുന്നത്. 2012 ഡിസംബറോടെ ഇതു പൂര്‍ത്തിയാകും. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 3.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും പാര്‍ക്ക്. പാര്‍ക്ക് പുര്‍ത്തിയാകുന്നതോടെ ഇരുപതിനായിരം പേര്‍ക്കു നേരിട്ടും എണ്‍പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ഉത്സവാന്തരീക്ഷം; ഒഴുകിയെത്തിയത് ആയിരങ്ങള്‍

കോഴിക്കോട്: അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വാഗ്ഭടാനന്ദന്‍ തുടക്കമിട്ട സഹകരണസംഘം വിവരസാങ്കേതികരംഗത്ത് കാലുറപ്പിച്ചതിന്റെ നേര്‍ക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍ . തൊഴിലാളികളുടെ കൂട്ടായ്മയില്‍ രൂപമെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പാര്‍ക്ക്-യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപനം ഉത്സവാന്തരീക്ഷം പകര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

പുരുഷന്‍ കടലുണ്ടി എംഎല്‍എ, കെഎസ്ഐടിഐഎല്‍ എംഡി കെ ജി ഗിരീഷ്ബാബു, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, ഭുവനേശ്വരി രവീന്ദ്രന്‍ , പിഎന്‍ബി സര്‍ക്കിള്‍ ഹെഡ് എസ് ബാബു, കൗണ്‍സിലര്‍ ദേവകി, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ സുഗതന്‍ , ഒളിമ്പ്യന്‍ പി ടി ഉഷ, സി പി ഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ഡിസിസി പ്രസിഡന്റ് കെ സി അബു, എം അബ്ദുള്‍ റസാഖ്, ഐ വി ശശാങ്കന്‍ , പി രഘുനാഥ്, ജോണ്‍ പൂതക്കുഴി, മനയത്ത് ചന്ദ്രന്‍ , മുക്കം മുഹമ്മദ്, സി എന്‍ വിജയകൃഷ്ണന്‍ , കെ ലോഹ്യ, പി വി ചന്ദ്രന്‍ , പി ജി അനൂപ് നാരായണന്‍ , ടി പി അഹമ്മദ്കോയ, സജി ഗോപിനാഥ്, റോഷന്‍ കൈനടി, അജയ് തോമസ്, എം പി സുരേഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.

deshabhimani 210211

No comments:

Post a Comment