Sunday, January 22, 2012

ബജറ്റ് പൂര്‍വ ചര്‍ച്ചകളും ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും

കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റിനുള്ള തയ്യാറെടുപ്പുകളിലാണ്. അഭൂതപൂര്‍വമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത് നടന്നുവരുന്നത്. ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന സാമ്പത്തികപ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ ഉതകുന്ന നടപടികള്‍ക്ക് ബജറ്റ് രൂപം നല്‍കുമെന്നാണ് സാമാന്യജനങ്ങള്‍ പ്രതീക്ഷിക്കുക. എന്നാല്‍ അത്തരത്തിലുള്ള സമീപനങ്ങള്‍ക്കല്ല കേന്ദ്രഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്ന ആശങ്ക വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നു. ബജറ്റ് രൂപീകരണശ്രമങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്രധനമന്ത്രാലയം ഇതിനകം പുറത്തിറക്കിയ സാമ്പത്തിക അവലോകനമാണ് അത്തരമൊരു ആശങ്കയ്ക്ക് വഴിവെയ്ക്കുന്നത്. സാമ്പത്തിക അവലോകനത്തില്‍ രണ്ടര പേജോളം വിനിയോഗിക്കുന്നത് 2005 മുതലുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) വളര്‍ച്ചയുടെ അരുണാഭമായ ചിത്രം വരച്ചുകാട്ടാനാണ്. ജി ഡി പി വളര്‍ച്ചയെ മഹാഭൂരിപക്ഷംവരുന്ന ജനങ്ങളുടെ ക്ലേശഭൂയിഷ്ടമായ ജീവിതയാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്താന്‍ യാതൊരു ശ്രമവും നടന്നുകാണുന്നില്ല. അതാണ് വരാന്‍പോകുന്ന ബജറ്റിനെപ്പറ്റി വിവിധ ജനവിഭാഗങ്ങളെ ഉല്‍ക്കണ്ഠാകുലരാക്കുന്നത്.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കിവരുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമായിട്ടുണ്ട്. ആ നേട്ടങ്ങള്‍ മഹാഭൂരിപക്ഷത്തിനും ആഘോഷിക്കാന്‍ യാതൊന്നും നല്‍കിയില്ല. മറിച്ച് രാജ്യത്ത് ദാരിദ്ര്യം ഏറുകയും തൊഴില്‍ നിഷേധിക്കപ്പെടുകയും തൊഴില്‍രഹിതരുടെ എണ്ണം പെരുകുകയുമാണ് ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനനയങ്ങള്‍ അനിയന്ത്രിതമായ നാണയപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഇതിനെതിരെ ശക്തവും സംഘടിതവുമായ ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നുവരണം. ഈ തിരിച്ചറിവ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിനും അവരുടെ സംഘടിത ശക്തിക്കും ഉണ്ടായിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ബജറ്റ് തയ്യാറെടുപ്പുകളുടെ ഭാഗമായിനടന്ന ആലോചനയില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതശക്തി ഈ ദിശയില്‍ നിര്‍ണായക കാല്‍വെയ്പ്പാണ് ഇതിനോടകം നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് ജനുവരി 16 ന് കേന്ദ്രധനമന്ത്രാലയവുമായി ട്രേഡ് യൂണിയനുകള്‍ നടത്തിയ കൂടിയാലോചനകള്‍ ഈ ദിശയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നു., സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപക്ഷെ ഇതാദ്യമാണ് പതിനൊന്ന് ട്രേഡ് യൂണിയനുകള്‍ ബജറ്റ് പൂര്‍വചര്‍ച്ചയില്‍ ഒറ്റക്കെട്ടായി പങ്കെടുക്കുകയും യോജിച്ച ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തത്. ഭരണ-പ്രതിപക്ഷമെന്നോ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഇടതുവലതു ചിന്താഗതികളെ പ്രതിനിധീകരിക്കുന്നവരെന്നോ ഉള്ള വ്യത്യാസം കൂടാതെയാണ് തൊഴിലാളിവര്‍ഗം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കുന്ന ഐ എന്‍ ടി യു സിയും ബി ജെ പി പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന ബി എം എസും ഒരുമിച്ചുവന്നുവെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാനവര്‍ഗത്തിന്റെ ഈ ഐക്യം വേതനത്തിന്റെയോ സേവനവ്യവസ്ഥയുടെയോ വിഷയത്തില്‍ ആയിരുന്നില്ല എന്നതും സവിശേഷമാണ്.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഈ സംഘടിതശക്തി കേന്ദ്രധനമന്ത്രാലയത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടം ഏകകണ്ഠമായി ഉന്നയിച്ച ആവശ്യങ്ങള്‍ മഹാഭൂരിപക്ഷജനങ്ങളുടെയും മൗലിക ജീവിതപ്രശ്‌നങ്ങളാണ്. പുതിയ വര്‍ഷത്തേയ്ക്കുള്ള നിര്‍ദിഷ്ട ബജറ്റ് ദാരിദ്ര്യത്തിന്റെയും തൊഴില്‍രാഹിത്യ വളര്‍ച്ചയുടെയും അടിസ്ഥാനസാമൂഹ്യ ഉപരിഘടനയുടെയും പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ബജറ്റ് പൂര്‍വ ചര്‍ച്ചകളില്‍ എന്നതുപോലെ ബജറ്റിനുശേഷമുള്ള ചര്‍ച്ചകളിലും കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സംഘടനകള്‍ക്കും നല്‍കുന്ന പങ്കാളിത്തവും പ്രാധാന്യവും തൊഴിലാളിസംഘടനകള്‍ക്കും ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യവസായവല്‍ക്കരണത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യയില്‍ തൊഴിലാളിവര്‍ഗം തങ്ങളില്‍ അര്‍പ്പിതമായ സാമൂഹ്യ ഉത്തരവാദിത്വം ഗൗരവപൂര്‍ണം നിര്‍വഹിക്കാന്‍ സന്നദ്ധമാകുന്നുവെന്നത് വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നു. തങ്ങളുടെ സാധ്യതകളെ പരിമിതപ്പെടുത്തിയിരുന്ന വിഭാഗീയതകളെയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം അതിജീവിച്ചുവരുന്നത്. ഈ ഐക്യം രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ്. കോര്‍പ്പറേറ്റ് ചൂഷണത്തിനും വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹ്യമായ മറ്റനീതികള്‍ എന്നിവയെ ചെറുക്കുന്നതില്‍ ഈ ഐക്യം ജനകീയ സമരങ്ങള്‍ക്ക് കരുത്ത് പകരും. സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുള്ള ഫെബ്രുവരി 28 ന്റെ അഖിലേന്ത്യാ പൊതുപണിമുടക്ക് ഈ ദിശയില്‍ സുപ്രധാനമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

janayugom editorial 220112

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റിനുള്ള തയ്യാറെടുപ്പുകളിലാണ്. അഭൂതപൂര്‍വമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത് നടന്നുവരുന്നത്. ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന സാമ്പത്തികപ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ ഉതകുന്ന നടപടികള്‍ക്ക് ബജറ്റ് രൂപം നല്‍കുമെന്നാണ് സാമാന്യജനങ്ങള്‍ പ്രതീക്ഷിക്കുക. എന്നാല്‍ അത്തരത്തിലുള്ള സമീപനങ്ങള്‍ക്കല്ല കേന്ദ്രഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്ന ആശങ്ക വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നു. ബജറ്റ് രൂപീകരണശ്രമങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്രധനമന്ത്രാലയം ഇതിനകം പുറത്തിറക്കിയ സാമ്പത്തിക അവലോകനമാണ് അത്തരമൊരു ആശങ്കയ്ക്ക് വഴിവെയ്ക്കുന്നത്. സാമ്പത്തിക അവലോകനത്തില്‍ രണ്ടര പേജോളം വിനിയോഗിക്കുന്നത് 2005 മുതലുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) വളര്‍ച്ചയുടെ അരുണാഭമായ ചിത്രം വരച്ചുകാട്ടാനാണ്. ജി ഡി പി വളര്‍ച്ചയെ മഹാഭൂരിപക്ഷംവരുന്ന ജനങ്ങളുടെ ക്ലേശഭൂയിഷ്ടമായ ജീവിതയാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്താന്‍ യാതൊരു ശ്രമവും നടന്നുകാണുന്നില്ല. അതാണ് വരാന്‍പോകുന്ന ബജറ്റിനെപ്പറ്റി വിവിധ ജനവിഭാഗങ്ങളെ ഉല്‍ക്കണ്ഠാകുലരാക്കുന്നത്.

    ReplyDelete