Friday, January 20, 2012

ഇമെയില്‍ വിവാദം: മന്ത്രിസഭയിലും യു ഡി എഫിലും ഭിന്നത

ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികക്കെതിരെ  നടപടി എടുക്കുന്ന കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍ കേസിനല്ല മുന്‍ഗണന നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രിയും മന്ത്രിസഭയിലെ പ്രമുഖനായ അംഗവും സ്വീകരിച്ചിട്ടുള്ള പരസ്പരവിരുദ്ധമായ നിലപാടുകള്‍ പ്രശ്‌നം സംബന്ധിച്ച് കോണ്‍ഗ്രസ് (ഐ) യിലും യു ഡി എഫിലും ഉരുത്തിരിഞ്ഞിട്ടുള്ള ഭിന്നതകളുടെ പ്രതിഫലനമാണ്. കോണ്‍ഗ്രസ് (ഐ) ക്കുള്ളില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മുസ്ലീംലീഗ് വിരുദ്ധചേരി കര്‍ക്കശമായ നിലപാടിനുവേണ്ടി വാദിക്കുകയാണ്. ലീഗിനെ യാതൊരുതരത്തിലും വിധത്തിലും പ്രകോപിപ്പിക്കാതെ ഭരണം നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരാണ് മറുപക്ഷത്ത്. പുറമെ ഒന്നുംതന്നെ പറഞ്ഞിട്ടില്ലെങ്കിലും സംഭവഗതികളില്‍ മുസ്ലീംലീഗിന് കടുത്ത അതൃപ്തിയുണ്ട്.  ഇമെയില്‍ വിവാദത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണക്കുന്നവരും അര്‍ഥഗര്‍ഭമായ മൗനംപാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

മന്ത്രിസഭയിലും യു ഡി എഫിലും കോണ്‍ഗ്രസിലും ഭിന്നത. എന്തുവന്നാലും മാധ്യമത്തിനെതിരെ കേസെടുക്കണമെന്ന നിലാപാടാണ് കടുത്ത ജമാഅത്തെ വിരോധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രി ആര്യാടന്‍  മുഹമ്മദിന്റേത്. കേസെടുക്കുന്നതിന്റെ  പേരില്‍ മന്ത്രിസഭ പോയാലും പ്രശ്‌നമില്ലെന്നാണ്  മമ്പാട് എം  ഇ എസ് കോളേജിലെ ചടങ്ങില്‍ ആര്യാടന്‍ അഭിപ്രായപ്പെട്ടത്.   മന്ത്രിസഭ താഴെവീണാലും മാധ്യമത്തിനെതിരെ നടപടിയുമായി മുന്നോട്ടു പോകണമെന്നാണ് തന്റെ അഭിപ്രായം. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ചചെയ്ത ശേഷം ഈ അഭിപ്രായം മന്ത്രിസഭാ യോഗത്തിലും ഉന്നയിച്ചിരുന്നു. ഒരു സമുദായത്തെ തിരഞ്ഞുപിടിച്ചാണ് സര്‍വെ നടത്തിയതെന്ന വാര്‍ത്ത ശരിയല്ല. വിഘടനവാദം ആരുടെ ഭാഗത്തുനിന്നായാലും അത് അപകടകരമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പൊലീസാണ്. അതു മാത്രമാണ് അവര്‍ ചെയ്യുന്നത്. സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയേകാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ നീക്കങ്ങളെ സര്‍ക്കാര്‍ നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അതേസമയം  കേസെടുക്കുന്നതിനല്ല  മുന്‍ഗണനയെന്നും വാര്‍ത്ത കൊടുത്തവര്‍ സ്വയം തെറ്റു തിരുത്തണമെന്നതാണ് തന്റെ നിലപാടെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.   ആര്യാടന്റെ പ്രസംഗത്തിനു ശേഷം മമ്പാട്ടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി  ആര്യാടന്റെ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാധ്യമത്തിനെതിരെ കേസെടുക്കില്ലെന്ന സൂചന നല്‍കിയത്.  തെറ്റായ പ്രചാരണങ്ങള്‍ നടത്തിയ മാധ്യമം വാരികക്കെതിരെ കേസെടുക്കുമെന്നാണ് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ മലക്കം മറിച്ചിലെന്ന് അറിയുന്നു.

അതേസമയം മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ചിലരുടെ പേരു വിവരങ്ങള്‍ മറച്ചു വെച്ച്  ഇ- മെയില്‍ ലിസ്റ്റ് പുറത്തുവിട്ട മാധ്യമത്തിനെതിരെ നടപടിയെടുക്കാത്ത പക്ഷം അത് സര്‍ക്കാര്‍ മുസ്‌ലിംലീഗിന് കീഴ്‌പ്പെടുന്നു  എന്ന പ്രചാരണം ഉണ്ടാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കിയതായും  അറിയുന്നു.

janayugom 210112

3 comments:

  1. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍ കേസിനല്ല മുന്‍ഗണന നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട്.

    ReplyDelete
  2. ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ച് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അഡീഷണല്‍ ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേട്ട് ബി കലാംപാഷ ഫയലില്‍ സ്വീകരിച്ചു. 27ന് വാദം കേള്‍ക്കും. വിഴിഞ്ഞം സ്വദേശി ഇസഹാക്കാണ് അഡ്വ. സാന്‍ടി ജോര്‍ജ് മുഖേന ഹര്‍ജി നല്‍കിയത്. 258 പേരുടെ ഇ-മെയില്‍ വിലാസത്തില്‍ പൊലീസ് കടന്നുകയറി നാട്ടില്‍ സാമുദായിക സ്പര്‍ധ സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി. ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളും ഐടി ആക്ട് പ്രകാരവുമാണ് ഹര്‍ജി. ഇ-മെയില്‍ വിലാസക്കാരായ 258 പേര്‍ ഉള്‍പ്പെടെ 261 പേരടങ്ങിയ സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

    ReplyDelete
  3. പ്രമുഖരുള്‍പ്പെടെയുള്ള 258 മുസ്ലീം സമുദായാംഗങ്ങളുടെ ഇ മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടുണ്ടായ മന്ത്രിസഭാ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുജായി യൂനുസ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന ആഭ്യന്തര- രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടപടി അപലപനീയമാണ്. അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട മന്ത്രിസഭാ തീരുമാനത്തില്‍ ദുരൂഹതയുണ്ട്. സിമി ബന്ധ പരാമര്‍ശം ഉദ്യോഗസ്ഥനു പറ്റിയ പിഴവാണെന്ന് പറഞ്ഞ് നിസാരവല്‍ക്കരിച്ച മുഖ്യമന്ത്രിയടക്കമുള്ളവരുടെ സമീപനം ആരെയൊക്കെയോ സംരക്ഷിക്കുന്നതിനാണ്. ഇതിനെതിരെ രംഗത്തുവരേണ്ട, സമുദായ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മുസ്ലീംലീഗ് അധികാരഭ്രമം കൊണ്ട് സമുദായവഞ്ചകരാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു- സുജായി പറഞ്ഞു

    ReplyDelete