Monday, January 23, 2012

തീവ്രവാദിഭീഷണി മറികടന്ന് മണിപ്പുരില്‍ പ്രചാരണം

തീവ്രവാദിസംഘടനകളുടെ ബഹിഷ്കരണഭീഷണിയും സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും നിറംകെടുത്തുന്നുവെങ്കിലും മണിപ്പുരില്‍ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണവും മൂര്‍ധന്യാവസ്ഥയില്‍ . സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ആക്രമണഭീഷണിയും പ്രതികൂല കാലാവസ്ഥയും കാരണം വലിയ തെരഞ്ഞെടുപ്പുറാലികള്‍ കുറവാണ്. 60 അംഗ നിയമസഭയിലേക്ക് 28ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

പത്തുവര്‍ഷമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് മൂന്നാംവിജയത്തിന് രംഗത്തിറങ്ങുമ്പോള്‍ അഞ്ചു പാര്‍ടികളടങ്ങുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് പ്രധാന പ്രതിയോഗികളായുള്ളത്. മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ടി, എന്‍സിപി, ജനതാദള്‍ (യുണൈറ്റഡ്), സിപിഐ എം, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ടികളടങ്ങുന്ന മുന്നണിയാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി ജനവിധി തേടുന്നത്. 46 സീറ്റില്‍ മുന്നണിയുടെ സ്ഥാനാര്‍ഥികളുണ്ട്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഐയും ഒറ്റയ്ക്ക് ജനവിധി തേടുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും ഇവിടെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസിന് 30 സീറ്റാണുള്ളത്. 2007ല്‍ അഞ്ച് സീറ്റുണ്ടായിരുന്ന സിപിഐയുടെയും നാല് സീറ്റുണ്ടായിരുന്ന ആര്‍ജെഡിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചത്. സിപിഐ ഇക്കുറി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 24 സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥികളുണ്ട്. മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന സിപിഐയുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി നാരാ സിങ് ആരോപിച്ചു. 20 വര്‍ഷമായി മണിപ്പുരില്‍ രാഷ്ട്രീയസ്ഥിരതയ്ക്കായി കോണ്‍ഗ്രസിനെ സിപിഐ പിന്തുണച്ചിരുന്നു. ഇക്കുറി സമാനചിന്താഗതിക്കാരായ ജനാധിപത്യ, മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് സിപിഐയുടെ നിലപാട്.

പത്തുവര്‍ഷമായി മണിപ്പുര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഒക്റം ഇബോബിസിങ്ങിനെതിരെ ശക്തമായ വിമര്‍ശമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടിനെതിരെ (എഎഫ്എസ്പിഎ) വിവിധ സംഘടനകള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ സംസ്ഥാന പൊലീസ്തന്നെ മനുഷ്യാവകാശധ്വംസകരായി മാറിയെന്ന വിമര്‍ശം ശക്തമാണ്. ഏഴ് തീവ്രവാദിസംഘടനകള്‍ കോണ്‍ഗ്രസിന് "നിരോധനം" ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും തട്ടിക്കൊണ്ടുപോകുന്നത് മണിപ്പുരില്‍ സ്ഥിരം സംഭവമാണ്. മണിപ്പുരിലെ കുക്കി ജനവിഭാഗം സദര്‍ കുന്നുകള്‍ കേന്ദ്രമാക്കി പ്രത്യേക ജില്ല ആവശ്യപ്പെട്ട് നടത്തുന്ന ദേശീയപാത ഉപരോധവും അതിനെ എതിര്‍ത്ത് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തുന്ന ബന്ദുമാണ് മണിപ്പുരിലെ പ്രധാന ചര്‍ച്ചാവിഷയം. 2011 ആഗസ്ത് ഒന്നുമുതല്‍ റോഡ് ഉപരോധം നടക്കുകയാണ്. പ്രത്യേക ജില്ല അനുവദിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതിനെതുടര്‍ന്ന് സദര്‍ ഹില്‍സ് ഡിസ്ട്രിക്ട്ഹുഡ് ഡിമാന്‍ഡ് കമ്മിറ്റി നവംബറില്‍ ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ , പ്രത്യേക ജില്ലാ രൂപീകരണത്തെ എതിര്‍ക്കുന്ന യുണൈറ്റഡ് നാഗാ കൗണ്‍സില്‍ ഉപരോധം തുടരുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്ന വിമര്‍ശമുണ്ട്. അവശ്യസാധനവില നാലും അഞ്ചും ഇരട്ടിയായി വര്‍ധിച്ചത് കോണ്‍ഗ്രസിന് വിനയാകും.
(വി ജയിന്‍)

deshabhimani 230112

1 comment:

  1. തീവ്രവാദിസംഘടനകളുടെ ബഹിഷ്കരണഭീഷണിയും സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും നിറംകെടുത്തുന്നുവെങ്കിലും മണിപ്പുരില്‍ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണവും മൂര്‍ധന്യാവസ്ഥയില്‍ . സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ആക്രമണഭീഷണിയും പ്രതികൂല കാലാവസ്ഥയും കാരണം വലിയ തെരഞ്ഞെടുപ്പുറാലികള്‍ കുറവാണ്. 60 അംഗ നിയമസഭയിലേക്ക് 28ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

    ReplyDelete