Saturday, January 21, 2012

ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു; വയനാട്ടില്‍ കര്‍ഷക ആത്മഹത്യ കൂടി

വയനാട്ടിലെ കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് കഴിഞ്ഞ നവംബറില്‍ പെട്ടെന്ന് വര്‍ധിച്ചതായി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യ നടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

2006 മുതല്‍ 2011 വരെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞുവന്നിരുന്നതായും എന്നാല്‍ നവംബറില്‍ ഇത് പെെട്ടന്ന് ഉയര്‍ന്നതായും കൃഷിവകുപ്പ് സെക്രട്ടറി കെ എന്‍ സുജാത നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് പ്രത്യേക കമ്മറ്റിയെ നിയോഗിച്ചെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ 1995 മുതല്‍ 2005 വരെ വര്‍ധിച്ചുവന്നിരുന്നു. രാജ്യത്തെ കര്‍ഷക ആത്മഹത്യ സാധ്യത കൂടിയ പ്രദേശങ്ങള്‍ക്കായി 2006ല്‍ കേന്ദ്രസര്‍ക്കാര്‍ പുരധിവാസ പദ്ധതി തയ്യാറാക്കി. ഇതിനായി രാജ്യത്തെ 31 ജില്ലകളെ തിരഞ്ഞെടുത്തില്‍ സംസ്ഥാനത്തെ വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെട്ടിരുന്നു. വയനാട് ജില്ലയില്‍ പദ്ധതി വിജയകരകമായി നടപ്പാക്കി. 1665 പേര്‍ക്കായി 50 ലക്ഷം രൂപയോളം സഹായം നല്‍കിയിരുന്നു.

കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ  കേരള ഫാര്‍മേഴ്‌സ് കടാശ്വാസ കമ്മീഷന്‍ 2007 ജനുവരി 18ന് നിലവില്‍ വന്നു. ഇവരുടെ പ്രവര്‍ത്തനഫലമായി 2006 മുതല്‍ 2011 വെര കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞൂ വന്നു. എന്നാല്‍ 2011 നവംബറില്‍ പെട്ടന്ന് ആത്മഹത്യാനിരക്ക് വര്‍ധിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഗ്രികള്‍ച്ചര്‍ പ്രോഡക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക-വെറ്റിനറി സര്‍വകലാശാലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കമ്മറ്റി ഉണ്ടാക്കി. ഈ കമ്മറ്റി വയനാട് സന്ദര്‍ശിക്കുകയും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുയും ചെയ്തു. വയനാട്ടിലെ കാര്‍ഷിക മേഖല സംബന്ധിച്ച് വ്യക്തമായ അറിവ് ലഭിക്കാന്‍ പഠനം മൂലം സാധിച്ചു. ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ തടയുന്നതിവും കര്‍ഷകരെ സാഹായിക്കുന്നതിവും വ്യക്തമായ പദ്ധതികളാണ് കമ്മറ്റി മുന്നോട്ട് വെച്ചത്.

കര്‍ഷകരില്‍ നിന്ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും പണം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് റിക്കവറി നടത്തുന്നതിന് ഒരു വര്‍ഷത്തെ സ്റ്റേ അനുവദിക്കണം. കര്‍ഷിക കടാശ്വാസ പദ്ധതിക്ക് 2011ന് ഒക്ടോബര്‍ 31 വരെയുള്ള ലോണ്‍ പരിഗണിക്കുന്ന തരത്തില്‍ ഭേദഗതി കൊണ്ടുവരുക, മൈക്രോ ക്രെഡിറ്റ് പദ്ധതി നടപ്പാക്കുക, കുരുമുളക്, കാപ്പി, ഏലം, ഇഞ്ചി മുതലായവയ്ക്ക് കുറഞ്ഞ വില നിശ്ചയിക്കുക, കാട്ടുമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കാത്ത തരത്തില്‍ നടപടി എടുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് കമ്മറ്റി നല്‍കിയത്. ഇതില്‍ ഒട്ടുമിക്ക ശുപാര്‍ശകളും സര്‍ക്കാര്‍ ്യൂനടപ്പാക്കി. ബാങ്ക് തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചു. കര്‍ഷിക കടാശ്വാസ പദ്ധതിക്ക് 2011 ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചു. കര്‍ഷകരെ സഹായിക്കുന്ന തരത്തിലുള്ള വിലവര്‍ധനവ്, വാഹനങ്ങളില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കാര്‍ഷിക വസ്തുകള്‍ കൊണ്ടുപോകുന്നതിന് സബ്‌സിഡി, മൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം തുടങ്ങി അനവധി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

janayugom 210112

2 comments:

  1. വയനാട്ടിലെ കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് കഴിഞ്ഞ നവംബറില്‍ പെട്ടെന്ന് വര്‍ധിച്ചതായി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യ നടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

    ReplyDelete
  2. കര്‍ഷക ആത്മഹത്യ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കാര്‍ഷിക കടാശ്വാസനിയമം ഭേദഗതിചെയ്യുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട്ടിലെ കര്‍ഷകരുടെ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷികവായ്പയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കാനുതകുന്ന തരത്തില്‍ നിയമം ഭേദഗതിചെയ്യുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. നിയമം നിലവില്‍വന്ന 2007 ജനുവരി 18 മുതല്‍ 2009 മെയ് 31 വരെയുള്ള കാര്‍ഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍മാത്രമേ ഇപ്പോഴത്തെ വ്യവസ്ഥപ്രകാരം പരിഗണിക്കാനാവൂ എന്ന് അണ്ടര്‍ സെക്രട്ടറി കെ എന്‍ സുജാത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വയനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 1999 മുതല്‍ 2005 വരെയുള്ള കാലയളവില്‍ കര്‍ഷക ആത്മഹത്യക്ക് ആനുപാതികമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ നവംബറില്‍ കര്‍ഷക ആത്മഹത്യ കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷക ആത്മഹത്യ തടയുന്നതിനുള്ള അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയുടെ ഹര്‍ജിയിലാണ് നടപടി.

    ReplyDelete