സമരപുളകങ്ങളേറ്റു വാങ്ങി ചുമന്ന മണ്ണാണ് കരിവെള്ളൂര്‍. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് പുളകിതമായ മണ്ണ്. 1946 ഡിസംബര്‍ 20നാണ് ഐതിഹാസികമായ കരിവെള്ളൂര്‍ സമരം നടന്നത്. ഭക്ഷ്യക്ഷാമം മൂലം ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയുടെ പിടിയിലകപ്പെടുകയും കോളറയും വസൂരിയും കാരണം ആയിരക്കണക്കിനാളുകള്‍ ചത്തൊടുങ്ങുകയും ചെയ്ത ദുരിതകാലം കൂടിയായിരുന്നു അന്ന്.
ഈ സമയത്തും സാധാരണജനത്തെ അവഗണിച്ചു കൊണ്ടുള്ള കിരാതനടപടിക്കാണ് ജന്മിത്വം മുതിര്‍ന്നത്. ജന്മിമാര് മുഴുവന്‍ കൃഷിക്കാരെയും വാരത്തിന്റെയും പാട്ടത്തിന്റെയും മറ്റും പേരില്‍ പിഴിഞ്ഞുകൊണ്ടിരുന്നു. അഭിമാനബോധമുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നില്ല അത്.
അനീതിക്കെതിരെ പൊരുതാനും ചെറുത്തുനില്‍ക്കാനുമുള്ള തീരുമാനം വിപ്ലവകരമായ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടു. ചിറക്കല്‍ താലൂക്കിലെ പയ്യന്നൂര്‍ ഫര്‍ക്കയിലായിരുന്നു കരിവെള്ളൂര്‍ വില്ലേജ്. ചിറക്കല്‍ തമ്പുരാന് പാട്ടമായി വളരെയധികം നെല്ല് കമ്മി പ്രദേശമായിട്ടും കരിവെള്ളൂരില്‍ നിന്നും കൊണ്ടു പോയി. പാവപ്പെട്ട പാട്ടകൃഷിക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു ഈ നെല്ല് കടത്ത്. ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമായി. സഖാവ് ഏ വിയുടെ (എ വി കുഞ്ഞമ്പു) നേതൃത്വത്തില്‍ കരിവെള്ളൂരിലെ കൃഷിക്കാര്‍ ഒറ്റക്കെട്ടായി സംഘടിച്ച് ചിറക്കല്‍ കോവിലകത്തേക്കു മാര്‍ച്ച് ചെയ്തത് ഈ അനീതിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ്. കരിവെള്ളൂരിലെ കൃഷിക്കാരില്‍ നിന്ന് പാട്ടം പിരിച്ച് നെല്ല് കടത്തിക്കൊണ്ടു പോകാന്‍ പാടില്ലെന്നും ആ നെല്ല് കരിവെള്ളൂര്‍ സൊസൈറ്റി മുഖാന്തിരം വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് തമ്പുരാനും കാര്യസ്ഥന്മാരും ചെവിക്കൊണ്ടില്ല.
കരിവെള്ളൂരിന്റെ മണ്ണില്‍ നിന്ന് ഒരു മണിനെല്ല് പോലും കടത്തിക്കൊണ്ടു പോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് കര്‍ഷകരും കര്ഷകതൊഴിലാളികളും ഏ വി യുടെ നേതൃത്വത്തില്‍ തീരുമാനിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് തമ്പുരാനും കാര്യസ്ഥന്മാരും പൊലീസും ഗുണ്ടകളുമെല്ലാം ചേര്‍ന്ന് നെല്ലുകടത്താന്‍ തയ്യാറായി. ഇതോടെ കരിവെള്ളൂരിന്റെ ചരിത്രം മാറ്റിയെഴുതിയ സമരപോരാട്ടത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. എം എസ് പിക്കാര്‍ നെല്ല് ചാക്കുകള്‍ക്ക് ഉരുക്കുമതില്‍ തീര്‍ത്തു. സഖാവ് ഏ വി യുടേയും കൃഷ്ണന് മാസ്റ്ററുടേയും നേതൃത്വത്തില്‍ കിഴക്കുനിന്നും വടക്കുനിന്നും ജനങ്ങള്‍ യുണിയനിലേക്ക് കുതിച്ചെത്തി. അങ്ങനെ കുണിയന്‍ പുഴക്കര പോരാട്ട ഭൂമിയായി. പൊലീസുകാര്‍ മെഷീന് ഗണ്ണുകള്‍ ജനങ്ങള്‍ക്കുനേരെ തിരിച്ചു വിട്ടു. കൊടിയ മര്‍ദ്ദനത്തിനിരയായി സഖാവ് ഏ വിയും കെ കൃഷ്ണന് മാസ്റ്ററും പുതിയിടത്ത് രാമനും ബോധം കെട്ടു വീണു. തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി. രക്തസാക്ഷികളുടെ മൃതശരീരത്തോടൊപ്പം മൃതപ്രായരായ ഏ വി യേയും കൃഷ്ണന് മാസ്റ്ററേയും പുതിയിടത്ത് രാമനേയും നെല്ലുചാക്കുകള്‍ കയറ്റിയ ചീന (വള്ളം) യിലേക്ക് വലിച്ചെറിഞ്ഞു. ചീന കവ്വായിപ്പുഴയിലൂടെ തെക്കോട്ടേക്കൊഴുകി. പിന്നീട് കരിവെള്ളൂര്‍ ഇരുണ്ട ഭൂമിയായി മാറി. പൊലീസുകാരുടെ നരനായാട്ടായിരുന്നു എങ്ങും. പുരുഷന്മാര്ക്ക് വീടുകള്‍ വിട്ട് ഒളിവില്‍ പോകേണ്ടി വന്നു. രോഗികളും വൃദ്ധന്മാരായവരെപ്പോലും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിരാലംബരായ സ്ത്രീകളുടെ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നു. എല്ലാറ്റിനെയും അതിജീവിച്ച് കരിവെള്ളൂരിന്റെ ആകാശത്തിന് മുകളില്‍ ചുകപ്പ് സൂര്യന് വീണ്ടും വീണ്ടും ഉയര്‍ന്നു.
അതിജീവനത്തിന്റെ കാറ്റേറ്റും സമരപോരാട്ടങ്ങളുടെ തീചൂടേറ്റും ചുകന്ന കരിവെള്ളൂരിന്റെ സമരഭൂമി വിപ്ലവത്തിന്റെ ഈറ്റില്ലമായി. ഇപ്പോഴും പോരാട്ടത്തിന്റെ വീര്യം കരിവെള്ളൂരിന്റെ ഗ്രാമങ്ങളെ ത്രസിപ്പിക്കുന്നുണ്ട്.
(ഷിജിത്ത് കാട്ടൂര്‍)
janayugom 220112
സമരപുളകങ്ങളേറ്റു വാങ്ങി ചുമന്ന മണ്ണാണ് കരിവെള്ളൂര്‍. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് പുളകിതമായ മണ്ണ്. 1946 ഡിസംബര്‍ 20നാണ് ഐതിഹാസികമായ കരിവെള്ളൂര്‍ സമരം നടന്നത്. ഭക്ഷ്യക്ഷാമം മൂലം ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയുടെ പിടിയിലകപ്പെടുകയും കോളറയും വസൂരിയും കാരണം ആയിരക്കണക്കിനാളുകള്‍ ചത്തൊടുങ്ങുകയും ചെയ്ത ദുരിതകാലം കൂടിയായിരുന്നു അന്ന്.
ReplyDeleteസ : പി.കുഞ്ഞിരാമേട്ടന് ( പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു ) കരിവെള്ളൂര്‍ സമരത്തിന്റെ നെടുനായകത്വം വഹിച്ച ധീരനായ നേതാവാണ്. എവിയോടും കൃഷ്ണന് മാസ്ടരോടുമോപ്പം കുണിയന്‍ പുഴക്കരയിലേക്ക് ബ്ര്ട്ടിഷ് ചോറ്റു പട്ടാളത്തെ നേരിടാന്‍ മുന്നില്‍ നിന്ന പോരാട്ട നായകന്, കരിവെള്ളൂര്‍ സമരത്തെ കുറിചെഴുതുമ്പോള്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത പേരാണ് സ ; പയ്ങ്ങപ്പാടന് കുഞ്ഞിരാമേട്ടന് എന്ന കേരളം നെഞ്ചേറ്റിയ നേതാവിന്റെ പേര്
ReplyDelete