ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ വധത്തില്‍ യുഎന്നിനും പങ്ക്
ഐക്യരാഷ്ട്രകേന്ദ്രം: ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും പരോക്ഷമായി പങ്കെന്ന് ആരോപണം. ഐക്യരാഷ്ട്ര ഏജന്‍സികളില്‍നിന്നാണ് കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് രാജ്യത്തെ ആണവശാസ്ത്രജ്ഞരെക്കുറിച്ച് വിവരം ലഭിച്ചതെന്ന് യുഎന്നിലെ ഇറാന്റെ ഉപസ്ഥാനപതി ഇഷാഖ് അല്‍ ഹബീബ് വ്യക്തമാക്കി. രക്ഷാസമിതിയുടെ ഉപരോധപട്ടികയില്‍നിന്നോ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) രേഖകളില്‍നിന്നോ ആണ് യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മുസ്തഫ അഹ്മദി റോഷന്റെ കൊലയാളികള്‍ക്ക് വിവരം ലഭിച്ചതെന്ന് ഹബീബ് പറഞ്ഞു. ഐഎഇഎ നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്തെ ആണവശാസ്ത്രജ്ഞരുടെ വിവരം ഉണ്ടായിരുന്നു. റോഷന്‍ അടുത്തിടെ ഐഎഇഎ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരം രേഖകളില്‍നിന്നാണ് പേരുവിവരം ചോര്‍ന്നതെന്നും അദ്ദേഹം സുരക്ഷാസമിതി യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ 11ന് റോഷന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലും അമേരിക്കയുമാണെന്ന ആരോപണമുണ്ട്.
അതിനിടെ, ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ സേനാ തലവന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി ഇസ്രയേലിലെത്തി. ഇറാനെ ആക്രമിക്കാന്‍ ഇരുരാജ്യങ്ങളും കോപ്പുകൂട്ടുന്നതിനിടെയാണ് ഡെംപ്സി ഇസ്രയേലിലെത്തിയത്. ഇറാനെതിരായ നീക്കത്തില്‍ ഇന്ത്യയെ കൂടെനിര്‍ത്തുന്നതിന് ചര്‍ച്ച നടന്നുവരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂലന്‍ഡ് പറഞ്ഞു. ആണവപദ്ധതിയുടെ പേരില്‍ ഇറാന്‍ കേന്ദ്രബാങ്കിന് ഉപരോധമേര്‍പ്പെടുത്താനുള്ള തീരുമാനത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇറാന്‍ കേന്ദ്രബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കാനാണ് തീരുമാനമെന്ന് ഇയു വക്താവ് പറഞ്ഞു.
മെഗാഅപ്ലോഡ്.കോം അമേരിക്ക പൂട്ടിച്ചു
വാഷിങ്ടണ്‍ : പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന കേസില്‍ പ്രമുഖ ഫയല്‍ ഷെയറിങ്(വിവര കൈമാറ്റ) വെബ്സൈറ്റായ മെഗാഅപ്ലോഡ്.കോം അമേരിക്ക പൂട്ടിച്ചു. കമ്പനിസ്ഥാപകന്‍ കിം അടക്കം നാല് എക്സിക്യൂട്ടീവുകളെ അമേരിക്കയുടെ ആവശ്യപ്രകാരം ന്യൂസിലാന്‍ഡില്‍ അറസ്റ്റുചെയതു. ഓണ്‍ലൈന്‍ പകര്‍പ്പെടുക്കല്‍ നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് നിയമനിര്‍മാണത്തിന് ഒരുങ്ങുന്നതിനെതിരെ ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയ അടക്കം പ്രതിഷേധിക്കുന്നതിനിടെയാണ് നടപടി. ഇതില്‍ പ്രതിഷേധിച്ച് ഹാക്കര്‍മാര്‍ എഫ്ബിഐയുടെയും അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ വെബ്സൈറ്റുകള്‍ തകരാറിലാക്കി.
പകര്‍പ്പവകാശം ലംഘിച്ചതിന് മെഗാഅപ്ലോഡ് ലിമിറ്റഡ്, വെസ്റ്റര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കും ഏഴുപേര്‍ക്കുമെതിരെയാണ് എഫ്ബിഐ കേസെടുത്തത്. പൊതുവിവരശേഖരം ദുരുപയോഗം ചെയ്യല്‍ , ബൗദ്ധിക സ്വത്തവകാശലംഘനം എന്നിവയടക്കം നാല് കുറ്റങ്ങളിലായി 50 വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കേസാണ് എടുത്തത്. ന്യൂസിലാന്‍ഡ് പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി വസ്തുക്കളും പിടിച്ചെടുത്തു. 2010 മാര്‍ച്ചില്‍ അന്വേഷണം തുടങ്ങിയ കേസില്‍ അമേരിക്ക 2011 ആദ്യമാണ് ന്യൂസിലാന്‍ഡിന്റെ സഹായം തേടിയത്.
അതേസമയം, പുതിയ ഇന്റര്‍നെറ്റ് ബില്ലിനെ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് മുന്‍പന്തിയിലുള്ള മിറ്റ് റോംനി വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് വഴിയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരകൈമാറ്റത്തിനും എതിരാണിതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് വിക്കിപീഡിയ ലോകവ്യാപകമായി ബുധനാഴ്ച കരിദിനം ആചരിച്ചിരുന്നു. വിക്കിലീക്സ് അമേരിക്കന്‍ നയതന്ത്രരുടെ ഗൂഢസന്ദേശങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റ് വഴി പുറത്തുവിട്ടതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത് പിടിമുറുക്കാന്‍ അമേരിക്ക നടപടി ശക്തമാക്കിയത്.
പലസ്തീന്‍ സ്പീക്കറെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു
റമല്ല: പലസ്തീന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദല്‍ അസീസ് ദുഐകിനെയും പാര്‍ലമെന്റംഗം ഖാലിദ് താഫിഷിനെയും ഇസ്രയേലി സേന അറസ്റ്റ് ചെയ്തു. ഇതോടെ ഇസ്രയേലി ജയിലില്‍ കഴിയുന്ന പലസ്തീന്‍ പാര്‍ലമെന്റംഗങ്ങളുടെ എണ്ണം 25 ആയി. പലസ്തീനിലെ മൊത്തം പാര്‍ലമെന്റംഗങ്ങളുടെ മൂന്നിലൊന്നോളം വരും ഇത്. ഹമാസ് നേതാവായ ദുഐകിനെ പലസ്തീന്‍ അതോറിറ്റി ആസ്ഥാനം സ്ഥിതിചെയ്യുന്ന വെസ്റ്റ്ബാങ്കിനു സമീപം ജബാ ചെക്പോയിന്റില്‍ നിന്നാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മുമ്പ് 2006ല്‍ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ 2009ലാണ് വിട്ടയച്ചത്. ചെയിഞ്ച് ആന്‍ഡ് റിഫോം പാര്‍ടിക്കാരനായ താഫിഷിനെ വെള്ളളിയാഴ്ച പുലര്‍ച്ചെ വീടുവളഞ്ഞാണ് പിടിച്ചത്. അദ്ദേഹം പത്ത് വര്‍ഷത്തിലേറെ ഇസ്രയേലി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ഇതേസമയം, പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതായി തായ്ലന്‍ഡ് അറിയിച്ചു. 1967ലെ ആറുദിന യുദ്ധത്തിനുമുമ്പുള്ള അതിര്‍ത്തി അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഇതോടെ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം 131 ആയി.
പലസ്തീന്‍ കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്കും ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വത്തിനും അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പ്രധാന യുഎന്‍ ഏജന്‍സികളില്‍ ഒന്നായ യുനെസ്കോ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗത്വം നല്‍കി. ഇസ്രയേലിന്റെയും അമേരിക്കയുടെയും എതിര്‍പ്പാണ് യുഎന്നില്‍ പൂര്‍ണ അംഗത്വത്തിന് തടസ്സമായിരിക്കുന്നത്. പലസ്തീന് പിന്തുണ തേടി യൂറോപ്യന്‍ പര്യടനം നടത്തുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മോസ്കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദെവുമായി ചര്‍ച്ച നടത്തി. ലണ്ടന്‍ , ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷമാണ് അബ്ബാസ് റഷ്യയിലെത്തിയത്. ഇതിനിടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വെസ്റ്റ്ബാങ്കിലെ ജെനിനില്‍നിന്ന് 10 ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ അറിയിച്ചു.
deshabhimani 210112
പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതായി തായ്ലന്‍ഡ് അറിയിച്ചു. 1967ലെ ആറുദിന യുദ്ധത്തിനുമുമ്പുള്ള അതിര്‍ത്തി അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഇതോടെ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം 131 ആയി.
ReplyDeleteട്വിറ്ററിന് സമാനമായി ഗൂഗിളും ഒരോ രാജ്യത്തിലെയും നിയമങ്ങളെ അടിസ്ഥാനമാക്കി ബ്ലോഗിങ് സംവിധാനം നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ വിവരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. 1999ലാണ് ഗൂഗിള്‍ ഇന്ത്യയില്‍ ബ്ലോഗിങ് ആരംഭിച്ചത്. ഇന്ത്യ, ബ്രസീല്‍ , ഹോണ്ടുറാസ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. പുതിയ നിയമത്തിലൂടെ ഒരു ബ്ലോഗിനെ ആഗോളതലത്തില്‍ നിയന്ത്രിക്കാനാവില്ല. ഒരു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാത്ത ബ്ലോഗിന്റെ സേവനം അവിടെ നിഷേധിക്കുമെങ്കിലും മറ്റ് രാജ്യങ്ങളില്‍ അതിന്റെ സേവനം ലഭ്യമാക്കും. പുതിയ തീരുമാനത്തിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതോടൊപ്പം പ്രദേശിക നിയപ്രകാരമുള്ള നിയന്ത്രണങ്ങളും സാധ്യമാവുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഒരോ രാജ്യത്തും ബ്ലോഗിന് പ്രത്യേക യുആര്‍എല്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇത്തരത്തില്‍ യുആര്‍എല്‍ നല്‍കുന്നതിലൂടെ നിയന്ത്രണങ്ങള്‍ എളുപ്പമാകും.
ReplyDelete