Sunday, January 22, 2012

ജനസമ്പര്‍ക്ക അപേക്ഷകള്‍ വകുപ്പുകളിലേക്ക് കൈമാറി "തീര്‍പ്പാക്കി"

കോട്ടയം: ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി അധികൃതര്‍ "തീര്‍പ്പാക്കി". മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം മാത്രം നല്‍കി. ജനസമ്പര്‍ക്കം നടത്തി ഒരു മാസം കഴിഞ്ഞ് നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിന് സാധാരണഗതിയില്‍ പഞ്ചായത്ത്, വില്ലേജ് തലത്തില്‍ അപേക്ഷ നല്‍കിയാലും മതിയാകും. ഇതിന് വേണ്ടി കോടികള്‍ പൊടിച്ച ജനസമ്പര്‍ക്ക മാമ്മാങ്കം ആവശ്യമുണ്ടോയെന്ന ചോദ്യം ബാക്കിയാകുന്നു.

ജനസമ്പര്‍ക്കത്തില്‍ സംസ്ഥാനത്ത് ഏറ്റവും അധികം പരാതികള്‍ കോട്ടയത്താണെന്നായിരുന്നു പ്രചാരണം. ലഭിച്ച പരാതികളില്‍ കൂടുതലും എപിഎല്ലില്‍നിന്ന് ബിപിഎല്ലിലേക്ക് മാറ്റാനായിരുന്നു. ഇവ പരിഗണിക്കാതെ ആദ്യം തന്നെ മാറ്റി. നിലവിലെ മാനദണ്ഡമനുസരിച്ച് ഇവയില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നത് തന്നെ കാരണം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും അതത് വകുപ്പുകളിലേക്ക് കൈമാറി ഫയല്‍ തീര്‍പ്പാക്കിയെന്നാണ് ഔദ്യോഗിക ഭാഷ്യം. പെന്‍ഷന്‍ ആവശ്യപ്പെട്ട് എത്ര അപേക്ഷ ലഭിച്ചെന്ന് ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പോലും നിശ്ചയമില്ലായിരുന്നു. കൂടുതല്‍ അപേക്ഷകള്‍ പഞ്ചായത്ത് വകുപ്പിലാണ് ലഭിച്ചത്. വീടുകള്‍ക്കായുള്ള അപേക്ഷകള്‍ മുഖ്യമന്ത്രി വാങ്ങി ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കിയെന്നത് മാത്രം മിച്ചം. വീടുകള്‍ അനുവദിക്കണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഗ്രാമസഭകളുടെ അനുവാദം ആവശ്യമാണ്. ജനസമ്പര്‍ക്കത്തില്‍ നല്‍കാതെ അതത് ഗ്രാമസഭകളില്‍ നല്‍കിയാല്‍ പലരുടെയും അപേക്ഷകള്‍ നേരത്തെ തന്നെ പരിഗണിക്കപ്പെടുമായിരുന്നു. ഗ്രാമസഭ അംഗീകരിച്ചാലും വീടു വയ്ക്കാന്‍ സ്ഥലമില്ലെന്ന് ഉദ്യോഗസ്ഥര്‍ . വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഭവനരഹിതര്‍ എത്രയുണ്ടെന്നോ സര്‍ക്കാര്‍ ഭൂമിയെത്രയുണ്ടെന്നോ എന്ന കണക്കും അധികൃതരുടെ പക്കല്ലില്ല. കൃത്യമായ ഭരണസംവിധാനത്തിലൂടെ ഇവ കാര്യക്ഷമമാക്കാന്‍ സാധിക്കൂ. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമിയെന്ന നയം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ എതിര്‍ത്തവരാണ് യുഡിഎഫ്.

ജോലി വേണമെന്ന അപേക്ഷകളിലും തീര്‍പ്പാക്കാന്‍ സാധിച്ചിട്ടില്ല. ആയിരത്തിനടുത്ത് ആപേക്ഷകളാണ് ജോലി ആവശ്യവുമായി ലഭിച്ചത്. ജില്ലയില്‍ 2.5 ലക്ഷത്തിലേറെ പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 13,000 പേരെ മാത്രമെ വര്‍ഷം തോറും വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് പോലും നിര്‍ദേശിക്കാന്‍ സാധിക്കൂ. കുടിവെള്ള വിതരണം ആവശ്യപ്പെട്ട അപേക്ഷകളിലും തീരുമാനമില്ല. പുതിയ പദ്ധതികള്‍ പൂര്‍ത്തിയായാലെ പുതിയ കണക്ഷന്‍ നല്‍കാന്‍ സാധിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. താലൂക്ക് ഓഫീസുകളില്‍ പോക്കുവരവ് സംബന്ധിച്ച് ലഭിച്ച അപേക്ഷകളിലും തീരുമാനമില്ല. റീസര്‍വേ സംബന്ധിച്ച് പരാതികള്‍ തീര്‍പ്പാക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ അത്തരം പരാതികളും അവശേഷിക്കുന്നു.

വായ്പകള്‍ പൂര്‍ണമായും എഴുതിതള്ളാന്‍ ആവശ്യപ്പെട്ടായിരുന്നു സഹകരണമേഖലയുമായി ബന്ധപ്പെട്ട പരാതികളേറെയും. ഇത് സഹകരണ ബാങ്കുകള്‍ മുഖേന അപേക്ഷ നല്‍കിയാലും പരിഹരിക്കാവുന്നവ മാത്രമാണ്. വിദ്യാഭ്യാസ വായ്പ ആവശ്യപ്പെട്ട അപേക്ഷകളില്‍ പലതിലും നിലവിലെ മാര്‍ഗനിര്‍ദേശമനുസരിച്ച് വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ലീഡ്ബാങ്ക് അധികൃതര്‍ അറിയിച്ചു. ഫലത്തില്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കാതെ ജനസമ്പര്‍ക്കമെന്ന ജാലവിദ്യയിലൂടെ പരാതിപരിഹാരം സാധ്യമല്ലെന്ന വസ്തുത വീണ്ടും തെളിയുന്നു. ജീവനക്കാരുടെ കൃത്യമായ ജോലി നിര്‍വഹണം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. അധികാര വികേന്ദ്രീകരണത്തിന്റെ കാലത്ത് എല്ലാ മുഖ്യമന്ത്രി തന്നെ നേരിട്ട് ചെയ്തെന്ന് വരുത്താനുള്ള നീക്കമാണ് തുടക്കത്തിലെ പാളിയത്.

deshabhimani 220112

1 comment:

  1. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി അധികൃതര്‍ "തീര്‍പ്പാക്കി". മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം മാത്രം നല്‍കി. ജനസമ്പര്‍ക്കം നടത്തി ഒരു മാസം കഴിഞ്ഞ് നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിന് സാധാരണഗതിയില്‍ പഞ്ചായത്ത്, വില്ലേജ് തലത്തില്‍ അപേക്ഷ നല്‍കിയാലും മതിയാകും. ഇതിന് വേണ്ടി കോടികള്‍ പൊടിച്ച ജനസമ്പര്‍ക്ക മാമ്മാങ്കം ആവശ്യമുണ്ടോയെന്ന ചോദ്യം ബാക്കിയാകുന്നു.

    ReplyDelete