Monday, January 23, 2012

ഇ-മെയില്‍ വിശദാംശങ്ങള്‍ സര്‍ക്കാരിനു കിട്ടിയിരുന്നു

സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗിള്‍ , യാഹൂ തുടങ്ങിയ 23 ഇ-മെയില്‍ സേവനദാദാക്കള്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട 268 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാരിനു കൈമാറിയിരുന്നു. പട്ടികയില്‍പ്പെട്ടവരുടെ ഇ-മെയില്‍ ആശയവിനിമയങ്ങളടങ്ങിയ സിഡി ഈ മാസം ആദ്യം പൊലീസിന്റെ കൈയിലെത്തിയതായും വിവരം പുറത്തുവന്നു. ഇതോടെ ഇ-മെയില്‍ വിവാദത്തില്‍നിന്ന് തലയൂരാന്‍ നെട്ടോട്ടമോടുന്ന യുഡിഎഫ് സര്‍ക്കാര്‍കൂടുതല്‍ പ്രതിസന്ധിയിലേക്കു വീണു. ഒരാളുടെ ഇ-മെയിലും ചോര്‍ത്തിയിട്ടില്ലെന്ന് ആണയിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ത്തും വെട്ടിലായി.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിലാണ് ഇ-മെയില്‍ ചോര്‍ത്തിയതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നത്. പട്ടികയില്‍പ്പെട്ടവരുടെ ആശയവിനിമയങ്ങളുടെ പകര്‍പ്പുകള്‍ അടക്കം സേവനദാദാക്കള്‍ ഇ-മെയില്‍ കൈമാറി. ഇവരില്‍നിന്നു ലഭിച്ച ഏഴു ജിഗാബൈറ്റ് (7 ജിബി) വരുന്ന ഉള്ളടക്കമുള്ള സിഡികള്‍ ഹൈടെക്സെല്ലിന്റെ പരിശോധനയിലാണ്. ഇ-മെയില്‍ വിലാസം ഒത്തുനോക്കുക മാത്രമാണ് ചെയ്തതെന്ന സര്‍ക്കാരിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. കേവലം ഇ-മെയില്‍ വിലാസം മാത്രമാണെങ്കില്‍ അത് ഏഴു ജിഗാബൈറ്റ് സൈസ് ഉണ്ടാകില്ല. സിഡിയില്‍ വലിയ ഫയലുകള്‍ ഉള്ളതിനാലാണ് ഇത്രയേറെ സൈസ്. വിവാദ പട്ടികയിലുള്ളവരുടെ ഇ-മെയില്‍ പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനായി ഹൈടെക്സെല്‍ കഴിഞ്ഞ നവംബറിലാണ് ഇ-മെയില്‍ സേവനദാദാക്കളെ സമീപിച്ചത്. അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ സൂപ്രണ്ട് കെ കെ ജയമോഹന്‍ നവംബര്‍ മൂന്നിനാണ് 268 പേരുടെ ഇ-മെയില്‍ വിനിമയവിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈടെക്സെല്ലിനോട് ആവശ്യപ്പെട്ടത്. ചെറുകിട ഇ-മെയില്‍ സേവനദാദാക്കള്‍ മൂന്നാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറി. എന്നാല്‍ , കേന്ദ്ര ഇന്റലിജന്‍സ് ആവശ്യപ്പെട്ടാലെ വിവരങ്ങള്‍ കൈമാറൂ എന്നായിരുന്നു ഗൂഗിള്‍ , യാഹൂ തുടങ്ങിയ വന്‍കിട സേവനദാദാക്കളുടെ നിലപാട്. എന്നാല്‍ , ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരുടെ പട്ടികയാണ് ഇതെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് അവരും നിലപാട് മാറ്റി. ഡിസംബര്‍ ഏഴുമുതല്‍ അവരും വിവരങ്ങള്‍ നല്‍കിത്തുടങ്ങിയെന്ന് മാധ്യമം വാരിക വെളിപ്പെടുത്തുന്നു.

ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്തതായി തെളിയിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയതിനാല്‍ ഇങ്ങനെ ചെയ്യേണ്ടി വരുമെന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന. ഇ-മെയില്‍ വിവാദം യുഡിഎഫില്‍ സൃഷ്ടിച്ച പ്രതിസന്ധി ആര്യാടന്റെ പ്രസ്താവനയോടെ കൂടുതല്‍ രൂക്ഷമായതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ കേസ് എടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന മന്ത്രി ആര്യാടനെ ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നുമുണ്ട്. "മാധ്യമം" സ്വയം തിരുത്തുമെന്നു പറഞ്ഞ് തടിതപ്പാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതിനിടെയാണ് പുതിയ വഴിത്തിരിവുകള്‍ .

deshabhimani 230112

1 comment:

  1. സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗിള്‍ , യാഹൂ തുടങ്ങിയ 23 ഇ-മെയില്‍ സേവനദാദാക്കള്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട 268 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാരിനു കൈമാറിയിരുന്നു. പട്ടികയില്‍പ്പെട്ടവരുടെ ഇ-മെയില്‍ ആശയവിനിമയങ്ങളടങ്ങിയ സിഡി ഈ മാസം ആദ്യം പൊലീസിന്റെ കൈയിലെത്തിയതായും വിവരം പുറത്തുവന്നു. ഇതോടെ ഇ-മെയില്‍ വിവാദത്തില്‍നിന്ന് തലയൂരാന്‍ നെട്ടോട്ടമോടുന്ന യുഡിഎഫ് സര്‍ക്കാര്‍കൂടുതല്‍ പ്രതിസന്ധിയിലേക്കു വീണു. ഒരാളുടെ ഇ-മെയിലും ചോര്‍ത്തിയിട്ടില്ലെന്ന് ആണയിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ത്തും വെട്ടിലായി.

    ReplyDelete