Sunday, January 22, 2012

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; പ്രാര്‍ത്ഥിക്കാമെന്ന് മന്ത്രി ജോസഫ്

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കിയും സമീപ ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിലമരുമെന്നും വിവരണാതീതമായ ആള്‍നാശമുണ്ടാകുമെന്നും റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ സമ്മര്‍ദ്ദം ഇടുക്കി ഡാമിനും ഭീഷണിയാണ്.

ചെറുതോണി, കുളമാവ്, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നിങ്ങനെയുള്ള ചെറിയ ഡാമുകള്‍ പൂര്‍ണ്ണമായി തകരുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐ ഐ ടി അധികൃതര്‍ വ്യക്തമാക്കി. ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് റൂര്‍ക്കി ഐ ഐ ടിയെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതായി ജലവിഭവവകുപ്പ് മന്ത്രി പി ജെ ജോസഫ് പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. സ്ഥിതിവിശേഷം ഇത്രയും ഗുരുതരമായ നിലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും എന്ന ചോദ്യത്തിന് ''നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. മറ്റൊന്നും ചെയ്യാനില്ല'' എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

അണക്കെട്ട് തകര്‍ന്നാല്‍ തൊട്ടു താഴ്‌വാരമായ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളില്‍ 40.30 മീറ്ററും 36 കി.മീറ്റര്‍ അകലെ ഇടുക്കി ജലാശത്തിനടുത്ത് 20.85 മീറ്ററും വെള്ളം ഉയരും.
ഓടി രക്ഷപ്പെടാന്‍ പോലും സമയം കിട്ടുന്നതിനു മുമ്പേ ഇതെല്ലാം സംഭവിക്കുമെന്ന മുന്നറിയിപ്പും റൂര്‍ക്കി വിദഗ്ധര്‍ നല്‍കുന്നുണ്ട്. സര്‍ക്കാരിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ആദ്യഘട്ടം റിപ്പോര്‍ട്ട് പെട്ടെന്നു നല്‍കുന്നതെന്നും രണ്ടാം ഘട്ടം റിപ്പോര്‍ട്ട് നാലുമാസത്തിനകം നല്‍കുമെന്നും ഡോ. മിശ്രയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സര്‍ക്കാരിനെ അറിയിച്ചു. ഡാം ബ്രേക്ക് സാധാരണയായി സംഭവിക്കുന്നത് കനത്ത മഴ മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞ് ഡാമിനു മുകളിലൂടെ വെള്ളം പായുന്നതുകൊണ്ടും ഡാമിന്റെ ബലക്കുറവും ഭൂചലനവും മണ്ണിടിച്ചിലും മൂലം റിസര്‍വോയറില്‍ സൃഷ്ടിക്കപ്പെടുന്ന തിരകള്‍ മൂലവും ഡാമില്‍ വിള്ളലുകള്‍ ഉണ്ടായി ജലം ശക്തിയായി പുറത്തുവരുന്നതുകൊണ്ടുമാണ്. ഒരു ഡാം പൊട്ടിയാല്‍ അതിന്റെ താഴ്‌വാരങ്ങളില്‍ ഉള്ള മറ്റു ഡാമുകളും പൊട്ടുക എന്നത് തുടര്‍ഫലമാണ്.

ഇതുമൂലം ജീവനും സ്വത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങളും വെള്ളപ്പൊക്കത്തിന്റെ ഉയരവും ശക്തിയും അത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന സമയവും കണക്കാക്കി അടിയന്തിര നടപടി സ്വീകരിച്ചാല്‍ തീവ്രത കുറയ്ക്കാന്‍ സാധിക്കും. ഡാം പൊട്ടിവരുന്ന വെള്ളപ്പൊക്കത്തിന്റെ ഹൈഡ്രോ ഗ്രാഫ്, താഴ്‌വാരത്തിലേക്കുള്ള  ഒഴുക്ക്, വിവിധ സ്ഥലങ്ങളില്‍ വെള്ളത്തിന്റെ ലവല്‍, എന്നിവ കണക്കാക്കിയാണ് പഠനം നടത്തിയത്.

janayugom 220112

2 comments:

  1. സ്ഥിതിവിശേഷം ഇത്രയും ഗുരുതരമായ നിലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും എന്ന ചോദ്യത്തിന് ''നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. മറ്റൊന്നും ചെയ്യാനില്ല'' എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

    ReplyDelete
  2. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശാസ്ത്രീയ ബലപരിശോധനയ്ക്ക് 15 സെന്റീമീറ്റര്‍ നീളത്തിലുള്ള സുര്‍ക്കി കോര്‍ ലഭിക്കില്ലെന്ന് ഉറപ്പായി. സുര്‍ക്കിയുടെ ബലപരിശോധനയ്ക്കായി കുറഞ്ഞത് 15 സെന്റീമീറ്റര്‍ നീളത്തിലെങ്കിലും സുര്‍ക്കി കോര്‍ ലഭിക്കണം. എന്നാല്‍ , അണക്കെട്ടില്‍നിന്ന് ഇതുവരെ ലഭിച്ചത് ചെറിയ കല്‍ക്കഷണങ്ങളായിരുന്നു. ശനിയാഴ്ചത്തെ ഡ്രില്ലിങിലും സുര്‍ക്കി കോര്‍ ലഭിച്ചില്ല. അണക്കെട്ടിന്റെ മുകളില്‍ 475 അടി പോയിന്റില്‍ ശനിയാഴ്ച 109 അടി തുരന്നു. വെള്ളിയാഴ്ച വരെ ഇവിടെ 95 അടി താഴ്ത്തിയിരുന്നു. ശനിയാഴ്ചത്തെ 14 അടി ഡ്രില്ലിങും പരാജയമായി. 45 അടി ഗാലറിയില്‍ 554 അടി പോയിന്റില്‍ മൂന്നുദിവസം കൊണ്ട് 7.5 അടി തുരന്നു. ശനിയാഴ്ച ഒന്നരയടി കുഴിച്ചു. ഇവിടെ സിമന്റ് കോറാണ് ലഭിച്ചത്. അണക്കെട്ട് നിര്‍മിക്കാനുപയോഗിച്ച സുര്‍ക്കി പുനഃസൃഷ്ടിക്കാന്‍ തമിഴ്നാട്ടില്‍ ലോവര്‍ക്യാമ്പിലെ ചുണ്ണാമ്പ് ക്വാറിയില്‍ നിന്ന് ഏതാനും മാസം മുമ്പ് തമിഴ്നാടും കേരളവും വെവ്വേറെ ചുണ്ണാമ്പ് കല്ലുകള്‍ ശേഖരിച്ചിരുന്നു. കേരളം ശേഖരിച്ച ചുണ്ണാമ്പ്കല്ലുകള്‍ ഡല്‍ഹിയിലേക്ക് അയച്ചു. സിഎസ്എംആര്‍എസ് എന്ന സ്ഥാപനമാണ് പുനഃസൃഷ്ടിക്കുന്ന ജോലി ചെയ്യുന്നത്. സുര്‍ക്കി പുനഃസൃഷ്ടിച്ച് അണക്കെട്ടില്‍നിന്ന് ഡ്രില്ലിങിലൂടെ എടുക്കുന്ന കോര്‍ സാമ്പിളുമായി ശാസ്ത്രീയമായി താരതമ്യം ചെയ്ത് ബലം പരിശോധിക്കുകയായിരുന്നു ഉന്നതാധികാര സമിതിയിലെ വിദഗ്ധ അംഗങ്ങളുടെ ലക്ഷ്യം. സുര്‍ക്കിക്ക് പകരം കല്ലുകള്‍ ലഭിക്കുന്നതിനാല്‍ പഠനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സുര്‍ക്കി പുനഃസൃഷ്ടിച്ചുള്ള പഠനം പ്രയോജനരഹിതമാണെന്ന് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അണക്കെട്ട് നിര്‍മാണ വേളയില്‍ സുര്‍ക്കിയുണ്ടാക്കാന്‍ ചുണ്ണാമ്പ് വേവിച്ചത് എത്ര ഡിഗ്രി ചൂടാക്കിയാണെന്നത് സംബന്ധിച്ച് രേഖകള്‍ ഒരിടത്തുമില്ല. ഇതിനാലുണ്ടാകുന്ന വ്യതിയാനം പരിശോധനയെ ബാധിക്കുമെന്നാണ് അഭിപ്രായം. എന്നാല്‍ , ഇക്കാര്യത്തിലും തമിഴ്നാടിന്റെ പിടിവാശിയാണ് നടന്നത്.

    ReplyDelete