തീവ്രവാദബന്ധം ആരോപിച്ച് 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് നടത്തിയ നീക്കം യുഡിഎഫ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോടെ മന്ത്രിസഭയിലെ ചേരിതിരിവ് പ്രകടമായി. വിവാദത്തില്‍ നിന്നു തലയൂരാന്‍ മുഖ്യമന്ത്രി നടത്തുന്ന ബോധപൂര്‍വമായ നീക്കങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും അമര്‍ഷത്തിലാണ്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് യോഗത്തിലും സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നു.
ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്തതായി തെളിയിച്ചാല്‍ ആവശ്യമായ പ്രായശ്ചിത്തം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ , ഇ-മെയില്‍ ചോര്‍ത്തുന്നതില്‍ തെറ്റില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയതിനാല്‍ ഇത്തരത്തില്‍ ചെയ്യേണ്ടിവരുമെന്നും ആര്യാടന്‍ പ്രതികരിച്ചു. വാര്‍ത്ത പുറത്തുവിട്ട "മാധ്യമ"ത്തിനെതിരെ കേസെടുക്കാനുള്ള കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നാണ് ആര്യാടന്റെ നിലപാട്. കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ചില മന്ത്രിമാര്‍ ആര്യാടന് രഹസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, മാധ്യമം സ്വയം തിരുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്.
മുസ്ലിംലീഗ് നേതാക്കള്‍ പരസ്യമായി എതിരഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും ലീഗിനുള്ളില്‍ കടുത്ത പ്രതിഷേധമുണ്ട്. ചോര്‍ത്താനായി രഹസ്യാന്വേഷണവിഭാഗം ഹൈടെക് സെല്ലിനു കൈമാറിയ 268 ഇ- മെയിലുകളില്‍ 258ഉം വിവിധ മേഖലയിലുള്ള മുസ്ലിം സമുദായക്കാരുടേതാണ്. മുന്‍ എംപി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തരവകുപ്പിന്റെ നടപടി അന്വേഷിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ മലപ്പുറത്ത് ശനിയാഴ്ച ലീഗ് അടിയന്തര ഉന്നതതലയോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ചു. എന്നാല്‍ , നേതൃയോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവന മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ധര്‍മം മറക്കരുതെന്ന് മാധ്യമങ്ങളെ ഉപദേശിച്ച പ്രസ്താവനയില്‍ ചില മാധ്യമങ്ങള്‍ സാമുദായിക ഐക്യത്തിന് പോറലേല്‍പ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സിമി ബന്ധം ആരോപിച്ചാണ് 268 പേരുടെ ലിസ്റ്റ് ഹൈടെക് സെല്ലിന് കൈമാറിയത്. ഏഴ് ഇ- മെയില്‍ സേവനദാതാക്കളായ കമ്പനികളില്‍ നിന്നുള്ള "ലോഗിന്‍" വിശദാംശം ശേഖരിക്കണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചത്. ഇതു ലഭിച്ചശേഷം പാസ്വേര്‍ഡ് മനസ്സിലാക്കി ഇ- മെയില്‍ ചോര്‍ത്താനായിരുന്നു പരിപാടി. ഇ-മെയില്‍ കമ്പനികളില്‍ ചിലതിന്റെ ആസ്ഥാനം വിദേശത്തായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് വിവരം പുറത്തായത്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള മലയാളിയില്‍ നിന്നാണ് ഇ- മെയില്‍ വിലാസങ്ങള്‍ പൊലീസിനു കിട്ടിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള ഇയാള്‍ ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണവലയത്തിനു പുറത്താണത്രേ. ഇ- മെയില്‍ വിശദാംശങ്ങളടങ്ങിയ സിഡികളാണ് ഇയാളില്‍നിന്നു കിട്ടിയത്.
ഇ- മെയില്‍ ചോര്‍ത്തല്‍ വിവരം പുറത്തുവിട്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ വലിയ കുറ്റമായി വ്യാഖ്യാനിക്കുന്നത്. ചോര്‍ത്തലിനു പിന്നിലെ പൗരാവകാശധ്വംസനത്തെ കുറിച്ച് മിണ്ടുന്നില്ല. ഒരാളുടെ ഇ- മെയിലില്‍ കടന്നുകയറുന്നത് ഐടി നിയമപ്രകാരം കുറ്റമാണ്. ആഭ്യന്തരവകുപ്പിന്റെ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ലെന്നും അതുകൊണ്ടു തന്നെ ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുക്തിസഹമായി വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ വിശദാംശത്തിന് കത്തയച്ചത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് ലാഘവബുദ്ധിയോടെ പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു.
സംസ്ഥാനത്ത് മുസ്ലിംവേട്ട നടക്കുന്നില്ല: ശിഹാബ് തങ്ങള്‍
മലപ്പുറം: കേരളത്തില്‍ മുസ്ലിം വേട്ടയുണ്ടെന്ന് ആരും കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു. പാണക്കാട് ചേര്‍ന്ന അടിയന്തര മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. സാമുദായിക ഐക്യത്തിന് ചില മാധ്യമങ്ങള്‍ പോറലേല്‍പ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള നീക്കം അപലപനീയമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിരപരാധികളെ വേട്ടയാടില്ലെന്ന് ലീഗ് ഉറപ്പുവരുത്തും. യോഗത്തില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ പി എ മജീദ് എന്നിവരും പങ്കെടുത്തു. ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ രണ്ടഭിപ്രായം രൂപപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. ഇ മെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും സംഘവും ഇതിനെ എതിര്‍ക്കുന്നു.
അരക്ഷിതബോധം സൃഷ്ടിക്കാന്‍ ശ്രമമെന്ന്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച് സമുദായത്തില്‍ അരക്ഷിതബോധം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഈ പ്രവണത ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായ സ്പര്‍ദയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇതു വിലപ്പോവില്ല. ചില ഛിദ്രശക്തികളാണ് നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. മാധ്യമങ്ങള്‍ നാടിന്റെ നന്മയും പുരോഗതിയുമാണ് കാംക്ഷിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
deshabhimani 220112
തീവ്രവാദബന്ധം ആരോപിച്ച് 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് നടത്തിയ നീക്കം യുഡിഎഫ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോടെ മന്ത്രിസഭയിലെ ചേരിതിരിവ് പ്രകടമായി. വിവാദത്തില്‍ നിന്നു തലയൂരാന്‍ മുഖ്യമന്ത്രി നടത്തുന്ന ബോധപൂര്‍വമായ നീക്കങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും അമര്‍ഷത്തിലാണ്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് യോഗത്തിലും സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നു.
ReplyDelete