സിപിഐ എം സംസ്ഥാന സമ്മേളനനഗറില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിലെ അനശ്വര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്നും പതാക ഉയര്‍ത്താനുള്ള കൊടിമരം ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച വയലാറില്‍നിന്നും കൊണ്ടുവരും. സമ്മേളനനഗറിലേക്കുള്ള ദീപശിഖ ആതിഥേയ ജില്ലയായ തിരുവനന്തപുരത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതികുടീരത്തില്‍നിന്ന് എത്തിക്കും. ഫെബ്രുവരി ആറിന് വൈകിട്ട് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍നഗറില്‍ (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) പതാക- കൊടിമര- ദീപശിഖാ പ്രയാണങ്ങള്‍ സംഗമിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പതാകജാഥ. 30ന് വൈകിട്ട് മൂന്നിന് കയ്യൂരില്‍ പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പതാക കൈമാറി ജാഥ ഉദ്ഘാടനംചെയ്യും. കൊടിമരജാഥ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് വയലാറില്‍ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന് ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവരുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന് നയിക്കുന്ന ദീപശിഖാപ്രയാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഇതോടൊപ്പം ജില്ലയിലെ കമ്യൂണിസ്റ്റ് നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മൃതിമണ്ഡപങ്ങളില്നിന്നായി 14 ഉപ ദീപശിഖാറാലിയും പ്രയാണം നടത്തും.
കയ്യൂരില്‍നിന്ന് 30ന് പുറപ്പെടുന്ന പതാകജാഥ വൈകിട്ട് പയ്യന്നൂരില്‍ സമാപിക്കും. 31ന് വടകരയിലും ഫെബ്രുവരി ഒന്നിന് മലപ്പുറത്തും രണ്ടിന് തൃശൂരിലും മൂന്നിന് തൃപ്പൂണിത്തുറയിലും നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കൊട്ടാരക്കരയിലും സമാപിക്കും. ആറിന് രാവിലെ ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ ജാഥയെ സ്വീകരിക്കും. കൊടിമരജാഥ നാലിന് വൈകിട്ട് ആലപ്പുഴയില്‍ സമാപിക്കും. അഞ്ചിന് കൊല്ലത്ത് സമാപിക്കുന്ന ജാഥയെ ആറിന് പകല്‍ 12.30ന് ആറ്റിങ്ങലില്‍വച്ച് ആതിഥേയ ജില്ലയിലേക്ക് വരവേല്‍ക്കും. കായികതാരങ്ങള്‍ അടങ്ങുന്ന വന്‍ജനാവലി മൂന്നു ജാഥകളെയും അനുഗമിക്കും. ഓരോ ജാഥയ്ക്കും കടന്നുവരുന്ന പ്രദേശങ്ങളിലെല്ലാം പ്രധാന കേന്ദ്രങ്ങളില്‍ വിപുലമായ സ്വീകരണങ്ങള്‍ ഒരുക്കും. ആറിന് വൈകിട്ട് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഉയരും. സ്വാഗതസംഘം ചെയര്മാന് എം വിജയകുമാര്‍ പതാക ഉയര്‍ത്തും.
മത്സരങ്ങള്‍ ജനകീയമാകും; പ്രതിഭാസംഗമവും
സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച കാര്‍ഷിക- കായിക മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കായികമത്സരങ്ങള്‍ ദേശീയ-അന്തര്‍ദേശീയ കായികപ്രതിഭകളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാകുമെന്ന് സ്വാഗതസംഘം ചെയര്മാന് എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന് , സ്പോര്‍ട്സ് സബ്കമ്മിറ്റി ചെയര്മാന് ബി ബാലചന്ദ്രന് , കണ്‍വീനര്‍ ഡി മോഹനന് , ജോയിന്റ് കണ്‍വീനര്‍ പി ശശിധരന്‍നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈനി വിത്സന് , വിത്സന് ചെറിയാന് , പത്മിനി തോമസ്, ഒളിമ്പ്യന്‍ ബോബി അലോഷ്യസ്, അന്തര്‍ദേശീയ വോളിബോള്‍താരം അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. ഫുട്ബോള്‍ , ക്രിക്കറ്റ്, വോളിബോള്‍ , മരമടി, തെങ്ങുകയറ്റം എന്നീ ഇനങ്ങളില്‍ പുരുഷന്മാര്ക്കും അത്ലറ്റിക്സ്, ബീച്ച് വടംവലി, ചെസ്, കാരംസ്, ഓലമെടയല്‍ , മിനിമാരത്തണ്‍ , റോളര്‍ സ്കേറ്റിങ് എന്നിവയില്‍ പുരുഷ/വനിതാ വിഭാഗങ്ങള്‍ക്കായും മത്സരങ്ങളുണ്ട്. നാലിന് പുരുഷ മിനിമാരത്തണ്‍ ആറ്റിങ്ങലിലും വനിതാ മാരത്തണ്‍ കഴക്കൂട്ടത്തും ആരംഭിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സമാപിക്കും.
തെങ്ങുകയറ്റം, ഓലമെടയല്‍ മത്സരങ്ങള്‍ 25ന് പാലോട്ട് നടക്കും. ഫുട്ബോള്‍ മത്സരം 26ന് കഴക്കൂട്ടത്തും ക്രിക്കറ്റ് മത്സരം 27ന് പൂജപ്പുരയിലും വോളിബോള്‍ മത്സരം 27ന് പൂവച്ചലിലും നടക്കും. ബീച്ച് വടംവലി 28ന് ശംഖുംമുഖത്തും റോളര്‍ സ്കേറ്റിങ് 29ന് വെള്ളയമ്പലം മാനവീയം വീഥിയിലും നടക്കും. അത്ലറ്റിക്സ് മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. മരമടിമത്സരം 31ന് മടവൂര്‍ , വേമൂട്ടില്‍ നടക്കും. ചെസ്, കാരംസ് മത്സരങ്ങള്‍ പിഎംജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററില്‍ 31ന് നടക്കും. കാരംസ്, ചെസ്, റോളര്‍ സ്കേറ്റിങ്, മിനിമാരത്തണ്‍ , തെങ്ങുകയറ്റം, മരമടി, ഓലമെടയല്‍ എന്നിവയില്‍ ഓപ്പണ്‍ എന്‍ട്രിയാണ്. മത്സരം തുടങ്ങുന്നതിന് രണ്ടു ദിവസംമുമ്പുവരെ എന്‍ട്രികള്‍ സ്വീകരിക്കും. അത്ലറ്റിക്സില് 16 വയസ്സിനുമുകളില്‍/താഴെ എന്നീ വിഭാഗങ്ങളിലും ബീച്ച് വടംവലിയില്‍ ഭാരം മാനദണ്ഡമല്ലാതെ (7+1) എന്ന ക്രമത്തിലുമാണ് മത്സരം. റോളര്‍ സ്കേറ്റിങ്ങില്‍ എട്ടുവയസ്സുവരെ, 8-12, 12-16, 16നുമുകളില്‍ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം. ഓപ്പണ്‍ വിഭാഗത്തിലുള്ള ഇനങ്ങളില്‍ സ്വാഗതസംഘം ഓഫീസില്‍ നേരിട്ടും ഏരിയ കമ്മിറ്റി ഓഫീസുകള്‍വഴിയും പേര് രജിസ്റ്റര്‍ചെയ്യാം. വിശദവിവരങ്ങള്‍ സ്റ്റാച്യുവിലുള്ള സ്വാഗതസംഘം ഓഫീസിലും 0471-2474715, 9496254880, 9447461610 എന്നീ നമ്പരിലും cpmkeralaconference.org വെബ്സൈറ്റിലും ലഭിക്കും.
കലാവിളംബരയാത്രയ്ക്ക് സംഗീതസാന്ദ്രമായ തുടക്കം
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാവിളംബര യാത്രയ്ക്ക് തിരുമലയില്‍ സംഗീതസാന്ദ്രമായ തുടക്കം. ഞായറാഴ്ച വൈകിട്ട് ആറിന് സംഗീതസംവിധായകന് എം ജയചന്ദ്രന് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്മാന് എം വിജയകുമാര്‍ അധ്യക്ഷനായി. വിപ്ലവഗാനമേള, നാടന്‍പാട്ട്, കാവ്യവിളംബരം എന്നീ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കലാവിളംബര യാത്ര ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വരുന്ന എട്ടു ദിവസങ്ങളിലായി കാവ്യ സംഗീതപ്പെരുമഴ ഒരുക്കും. ഗുരുക്കന്മാരായ എം ബി ശ്രീനിവാസനെയും ദേവരാജന്‍ മാസ്റ്ററെയും സ്മരിച്ചാണ് ജയചന്ദ്രന്റെ ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. ദേവരാജന്‍ മാസ്റ്റര്‍ ആദ്യം പഠിപ്പിച്ച മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. കരയാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. മുതലാളിത്തത്തിനുമുന്നില് ഇനി മുട്ടുമടക്കാന്‍ മനസ്സില്ല... എന്ന ഗാനം അദ്ദേഹം ആലപിച്ചതോടെ തിരുമലയില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ ഏറ്റുചൊല്ലി. "മാസ്റ്ററുടെ സംഗീതവും സ്നേഹവുമാണ് എന്നെ ഞാനാക്കിമാറ്റിയത്. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാവിളംബരയാത്ര നാട്ടില്‍ ഗംഗ, യമുന, സരസ്വതി എന്നപോലെ ഒഴുകിനടക്കട്ടെ"- അദ്ദേഹം പറഞ്ഞു. സംഗീതപഠിതാക്കള് കൂടുതല്‍ സംസാരിക്കരുത്, സംഗീതത്തിലൂടെവേണം എല്ലാറ്റിനും മറുപടി നല്‍കാനെന്ന തന്റെ ഗുരുക്കന്മാരുടെ നിര്‍ദേശം നടപ്പാക്കി പച്ചപ്പനന്തത്തെ പുന്നാര പൂമുത്തേ, പുന്നെല്ലിന്‍ പൂങ്കരളേ എന്ന ഗാനം ജയചന്ദ്രന് ആലപിച്ച് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പുരോഗമന കലാപ്രസ്ഥാനങ്ങളുടെ കീഴില്‍ കഴിഞ്ഞ പത്തുദിവസത്തെ പരിശീലനത്തിനുശേഷമാണ് കലാവിളംബര യാത്ര തിങ്കളാഴ്ച പര്യടനം നടത്തുന്നത്. ആമച്ചല്‍ രവിയുടെ നേതൃത്വത്തിലുള്ള വിപ്ലവഗാനമേള സംഘം, പൂവച്ചല്‍ സുരേഷിന്റെ നേതൃത്വത്തില്‍ പുരോഗമന കലാസംഘത്തിന്റെ നാടന്‍പാട്ട്, വിനോദ് വൈശാഖിയുടെ നേതൃത്വത്തില്‍ കാവ്യവിളംബരം എന്നിവരുടെ സംഘം ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുമലയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഓരോ പ്രദേശത്തും സംഘം കാവ്യ-സംഗീത പരിപാടികള്‍ അവതരിപ്പിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന് ,വി ശിവന്‍കുട്ടി എംഎല്‍എ, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ , കോലിയക്കോട് കൃഷ്ണന്‍നായര്‍ , പുത്തന്‍കട വിജയന് , ആമച്ചല്‍ രവി, പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. കാവ്യവിളംബരം തിങ്കളാഴ്ച വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര ഏരിയയില്‍ പര്യടനം നടത്തും. ഗാനമേളാ സംഘം വിളപ്പില്‍ , കാട്ടാക്കട പ്രദേശങ്ങളിലും നാടന്‍പാട്ടുസംഘം പേരൂര്‍ക്കട, നെടുമങ്ങാട് ഏരിയയിലുമാണ് കലാപരിപാടികള്‍ അവതരിപ്പിക്കുക.
വിപ്ലവസ്വപ്നങ്ങള്‍ പകര്‍ന്ന കഥാപ്രസംഗപരമ്പരയ്ക്ക് ഒന്നിനു തുടക്കം
സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന കഥാപ്രസംഗ പരമ്പരയ്ക്ക് കിഴക്കേകോട്ടയിലെ നായനാര്‍ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നിന് തുടക്കമാകും. കേരളത്തില്‍ ഇടതുപക്ഷാശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കഥാപ്രസംഗങ്ങള്‍ വഹിച്ച പങ്കിനെ ഓര്മിപ്പിക്കുന്നതാകും പരമ്പര. കേരളത്തിന്റെ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ വിപ്ലവ വീര്യം പകര്‍ന്ന കഥകളുടെ പുനരാവിഷ്കരണത്തിനും നായനാര്‍ പാര്‍ക്കിലെ കഥാപ്രസംഗവേദി സാക്ഷിയാകും. കേരളത്തിലെ പ്രമുഖരായ 11 കാഥികരാണ് പങ്കെടുക്കുക.
പരമ്പരയ്ക്ക് തുടക്കംകുറിച്ച് ഫെബ്രുവരി ഒന്നിന് വൈകിട്ട് ആറിന് തേവര്‍തോട്ടം സുകുമാരന്‍ "വേഗത പോര" എന്ന കഥ പറയും. രണ്ടിന് നോവല്‍ രാജ് "സാംബശിവന്റെ നായികമാരും പൗരാണിക നായികമാരും" എന്ന കഥയും മൂന്നിന് വൈകിട്ട് 5.30ന് മണമ്പൂര്‍ ഡി രാധാകൃഷ്ണന് "ആവര്‍ത്തനം" എന്ന കഥയും 7.30ന് സീന പള്ളിക്കര "ആയിഷ"യും അവതരിപ്പിക്കും. നാലിന് കടയ്ക്കോട് വിശ്വംഭരന്റെ "മുത്ത്" എന്ന കഥയും അഞ്ചിന് വാമദേവന് മഞ്ചാടിയുടെ "രമണനും" തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ "അസുരവാഴ്ച"യും ഉണ്ടാകും. ആറിന് അയിലം ഉണ്ണിക്കൃഷ്ണന് "കല്‍ക്കത്ത" എന്ന കഥയും ഏഴിന് വി ഹര്‍ഷകുമാര്‍ "കാട്ടുകടന്നല്‍" എന്ന കഥയും അവതരിപ്പിക്കും. എട്ടിന് പ്രൊഫ. വസന്തകുമാര്‍ സാംബശിവന് "മേരി ക്യൂറി" അവതരിപ്പിക്കും. ഒമ്പതിന് ചിറക്കര സലിംകുമാറിന്റെ "കയ്യൂര്‍ ചുവന്നപ്പോള്‍" എന്ന കഥയോടെ പരമ്പരയ്ക്ക് സമാപനമാകും.
deshabhimani 230112
സിപിഐ എം സംസ്ഥാന സമ്മേളനനഗറില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിലെ അനശ്വര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്നും പതാക ഉയര്‍ത്താനുള്ള കൊടിമരം ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച വയലാറില്‍നിന്നും കൊണ്ടുവരും. സമ്മേളനനഗറിലേക്കുള്ള ദീപശിഖ ആതിഥേയ ജില്ലയായ തിരുവനന്തപുരത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതികുടീരത്തില്‍നിന്ന് എത്തിക്കും. ഫെബ്രുവരി ആറിന് വൈകിട്ട് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍നഗറില്‍ (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) പതാക- കൊടിമര- ദീപശിഖാ പ്രയാണങ്ങള്‍ സംഗമിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete