Monday, January 23, 2012

കുമരകത്ത് നീര്‍ക്കാക്കകള്‍ വര്‍ധിച്ചെന്ന് സര്‍വേ

പക്ഷിപ്രേമികള്‍ക്ക് കുമരകത്തുനിന്ന് സന്തോഷവാര്‍ത്ത. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് നീര്‍ക്കാക്കകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് നീര്‍ക്കാക്കകളുടെ വര്‍ധനയെന്ന് ഇതു സംബന്ധിച്ച സര്‍വേയില്‍ തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം 17,065 നീര്‍ക്കാക്കകളാണ് കുമരകത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 30,969 എണ്ണത്തെ ഞായറാഴ്ച നടത്തിയ സര്‍വേയില്‍ കണ്ടെത്തി. "എരണ്ട" വര്‍ഗത്തില്‍പ്പെട്ട പക്ഷികളെല്ലാം കൃഷി കുറവുള്ള കുമരകം ഭാഗത്തെ പാടത്തേക്ക് ചേക്കേറുകയായിരുന്നു. ഇതാണ് പക്ഷികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകാന്‍ കാരണമായതെന്ന് കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ പറഞ്ഞു. വനംവകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആറു മുതല്‍ പത്തു വരെയായിരുന്നു സര്‍വേ. ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങളാകാം നീര്‍ക്കാക്കകളുടെ വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് കുമരകത്തെ പക്ഷികളുടെ കണക്കെടുപ്പ് നടത്തുന്നത്. 125 പേരാണ് കണക്കെടുപ്പില്‍ പങ്കാളികളായത്. പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് സര്‍വേ നടത്തിയത്. നീര്‍ക്കാക്കകളുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി പരിസ്ഥിതിപ്രവര്‍ത്തകന്‍ വി എസ് നിതേഷ്കുമാറിന് വേമ്പനാട് സംരക്ഷണ അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ ബസുദേവ് ചാറ്റര്‍ജിയാണ് അവാര്‍ഡ് സമ്മാനിച്ചത്. എംജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ , പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. അതിനിടെ കല്ലറ, മാന്‍വെട്ടം പ്രദേശങ്ങളില്‍ മാത്രം കണ്ടെത്തിയ "രാജഹംസം" കുമരകത്തും ഞായറാഴ്ച വിശിഷ്ടാതിഥിയായെത്തി. തമിഴ്നാട്ടില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷിയാണ് രാജഹംസം. ചൈന, മംഗോളിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന "കുറിത്തലയന്‍ വാത്തി"നെയും കുമരകത്ത് കണ്ടെത്തി.

deshabhimani 230112

1 comment:

  1. പക്ഷിപ്രേമികള്‍ക്ക് കുമരകത്തുനിന്ന് സന്തോഷവാര്‍ത്ത. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് നീര്‍ക്കാക്കകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് നീര്‍ക്കാക്കകളുടെ വര്‍ധനയെന്ന് ഇതു സംബന്ധിച്ച സര്‍വേയില്‍ തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം 17,065 നീര്‍ക്കാക്കകളാണ് കുമരകത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 30,969 എണ്ണത്തെ ഞായറാഴ്ച നടത്തിയ സര്‍വേയില്‍ കണ്ടെത്തി. "എരണ്ട" വര്‍ഗത്തില്‍പ്പെട്ട പക്ഷികളെല്ലാം കൃഷി കുറവുള്ള കുമരകം ഭാഗത്തെ പാടത്തേക്ക് ചേക്കേറുകയായിരുന്നു. ഇതാണ് പക്ഷികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകാന്‍ കാരണമായതെന്ന് കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ പറഞ്ഞു. വനംവകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആറു മുതല്‍ പത്തു വരെയായിരുന്നു സര്‍വേ. ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങളാകാം നീര്‍ക്കാക്കകളുടെ വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

    ReplyDelete