Saturday, January 21, 2012
ഇടത്-ജനാധിപത്യ ബദല്‍ ഉയര്‍ത്തും
നിലവിലുള്ള രാഷ്ട്രീയസംവിധാനത്തിനെതിരായ ഇടതുപക്ഷ- ജനാധിപത്യബദല്‍ കെട്ടിപ്പടുക്കാന്‍ സിപിഐ എം പ്രവര്‍ത്തിക്കുമെന്ന് 20-ാം പാര്ടികോണ്ഗ്രസിലേക്കുള്ള കരട് രാഷ്ട്രീയപ്രമേയം പ്രഖ്യാപിക്കുന്നു. 21-ാംനൂറ്റാണ്ടിന് യോജിച്ച നവീകരിച്ച സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ചര്‍ച്ചചെയ്യുന്ന കരട് പ്രത്യയശാസ്ത്രപ്രമേയവും കൊല്‍ക്കത്തയില്‍ സമാപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. രാഷ്ട്രീയ- പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിന്റെ സ്വതന്ത്രമായ പങ്ക് വളര്‍ത്തിയെടുക്കാനും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പാര്‍ടിയെ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രാഷ്ട്രീയപ്രമേയം പ്രാധാന്യം നല്കുന്നു. ആഗോള മുതലാളിത്തത്തിന്റെ പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും പ്രത്യയശാസ്ത്രപ്രശ്നങ്ങള് സംബന്ധിച്ച പ്രമേയം വിശദമായി ചര്‍ച്ചചെയ്യുന്നു. സാമ്രാജ്യത്വവും ആഗോള ധനമൂലധനശക്തികളും മേധാവിത്വം നിലനിര്‍ത്തുന്നതിന് അതിശക്തമായ ആശയപ്രചാരണമാണ് നടത്തുന്നത്. ഇതിനെതിരെ ലോകമാകെ തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പുകള്‍ ഉയരുന്നുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ആശയപരമായ വെല്ലുവിളികളും പ്രമേയം ചര്‍ച്ചചെയ്യുന്നു. ബൂര്‍ഷ്വ- ഫ്യൂഡല്‍ പ്രതിലോമ ആശയങ്ങളെ പ്രതിരോധിക്കാനുള്ള ആശയപരമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രപ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ നവ ഉദാര നയങ്ങളുടെ ഇരകളായ ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് ശക്തമായ ചെറുത്തുനില്‍പ്പിന് കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്യുന്നു. വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താനുള്ള പോരാട്ടം ശക്തമായി തുടരണം. ഹിന്ദുത്വശക്തികളുടെ പദ്ധതികളെ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രമേയം അടിവരയിടുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇടതുപക്ഷ ജനാധിപത്യശക്തികളെ അണിനിരത്തിയുള്ള പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് കഴിഞ്ഞ പാര്ടികോണ്ഗ്രസുകള് ആഹ്വാനംചെയ്തിരുന്നു. 1978 മുതല്‍ ഇത്തരം ഐക്യത്തിന് പാര്‍ടി മുന്‍ഗണന നല്‍കുന്നുണ്ട്. ആ പ്രവര്ത്തനത്തിനുതന്നെയാണ് ഊന്നല്‍ . കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ യഥാര്‍ഥ ബദലിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ടി ആലോചിക്കുന്നത്.
ദേശീയ ഐക്യം, ഫെഡറല്‍ സംവിധാനത്തിനെതിരായ വെല്ലുവിളി, മതനിരപേക്ഷതയ്ക്കെതിരായ ആക്രമണങ്ങള്‍ എന്നീ കാര്യങ്ങളില്‍ കോണ്‍ഗ്രസിതര- ബിജെപിയിതര മതനിരപേക്ഷ, ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കും. തെരഞ്ഞെടുപ്പുസഖ്യത്തിന് ഇത്തരമൊരു വിശാല സമരവേദിയായി മാറാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പുസഖ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പുകാലത്ത് ആലോചിക്കും. കര്‍ഷകര്‍ , തൊഴിലാളികള്‍ , വിവിധ വിഭാഗം ജനങ്ങള്‍ എന്നിവര്‍ കൂടുതലായി അണിനിരക്കുന്നതോടെ വിശാലമായ സമരമുന്നണി ശക്തമാകും. പാര്‍ലമെന്റില്‍ പ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി യോജിച്ച് ഇടതുപക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജു ജനതാദള്‍ , എഐഎഡിഎംകെ, ജനതാദള്‍ സെക്കുലര്‍ , തെലുങ്കുദേശം തുടങ്ങിയ പാര്‍ടികളുമായി ഇത്തരം സഹകരണം ഉണ്ടാക്കിയിട്ടുണ്ട്- കാരാട്ട് പറഞ്ഞു. ഫെബ്രുവരി 28ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കിന് പാര്‍ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
deshabhimani 210112
Labels:
പ്രത്യയശാസ്ത്രം,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete