Saturday, January 21, 2012

കാന്‍സര്‍ രോഗികളുടെ ചികിത്സ കാര്യക്ഷമമല്ല

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ രോഗികള്‍ക്ക് കാര്യക്ഷമായ ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്  അധികൃതരുടെ ഭാഗത്തുന്നിന്നും നടപടികളില്ലാത്തതാണ് ഇതിനുകാരണം.

കാന്‍സര്‍ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കേണ്ട ചുമതല മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്. എന്നാല്‍ യഥാസമയം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് മൂലം മരുന്നുകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ലഭ്യമല്ല. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള കീമോതെറാപ്പിയും പ്രകാശ രശ്മികള്‍ ഉപയോഗിച്ചുള്ള റേഡിയോ തെറാപ്പിയുമായി സാധാരണ നല്‍കാറുള്ള ചികിത്സാ രീതികള്‍.

പണക്കാരായ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഓങ്കോളജി വിഭാഗത്തില്‍ എത്താറില്ല. എത്തിയാല്‍തന്നെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ പരുഷമായ പെരുമാറ്റവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുന്നതിന് പ്രത്യേക ലോബികളും സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഇത് കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ഇതിന് പകരം വന്‍തുക കമ്മിഷന്‍ ലഭിക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ രോഗികളെ പ്രേരിപ്പിക്കും. സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ഉടമകളും ഡോക്ടര്‍മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന ആക്ഷപവും ശക്തമാണ്.

നിര്‍ദ്ധനരായ രോഗികള്‍ക്ക് റേഡിയോ തെറാപ്പി നല്‍കുന്നതിനായി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചികിത്സാ ഉപകരണങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഇതിന്റെ പ്രയോജനങ്ങള്‍ രോഗികള്‍ക്ക് ലഭിക്കാറില്ല. റേഡിയോളജി വിഭാഗത്തില്‍ റേഡിയേഷന്‍ ചികിത്സക്കായി 4.87 കോടി  രൂപ ചെലവില്‍ പുതിയ മെഷീനുകള്‍ മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിച്ചു. ഇതില്‍ പലതിന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നിലച്ചു. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല.

മെഷിന്‍ സ്ഥാപിച്ച കമ്പനി അധികൃതരെ വിവരം അറിയിച്ചെന്ന ന്യായം പറഞ്ഞാണ് അധികൃതര്‍ ഒഴിഞ്ഞുമാറുന്നത്. മെഷീനുകളുടെ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ കൃത്യസമയത്ത് പുതുക്കാത്തതാണ് യന്ത്രത്തിന്റെ തകരാര്‍ തീര്‍ക്കാന്‍ കഴിയാത്തതെന്ന് കമ്പനി അധികൃതര്‍ പറയന്നു. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ചികിത്സാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കാണ്. യന്ത്രങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ടിന് വിവരം നല്‍കേണ്ട ചുമതലയും ഇവര്‍ക്കാണ് .എന്നാല്‍ ഇതിനൊന്നും ഡോക്ടര്‍മാര്‍ തയ്യാറാകാറില്ല.

ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ലഭിക്കുന്നില്ല. കാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന അത്യാവശ്യ മരുന്നുകള്‍ വാങ്ങുന്നതിന് ആവശ്യത്തിലധികം ഫണ്ടുകള്‍ ലഭ്യമാണ്. ഇത് കൂടാതെ വിവിധ കമ്പനികള്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായും വന്‍തുക സംഭാവനകള്‍ നല്‍കാറുണ്ട്. ഇതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. സംഭാവനകള്‍ കൃത്യമായി ആശുപത്രി അധികൃതര്‍ സ്വീകരിക്കുമെങ്കിലും ഇതിന്റെയൊക്കെ ഗുണം രോഗികള്‍ക്ക് ലഭിക്കാറില്ല.

ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്ന വിന്‍ക്രിസിന്‍, സിസ്പ്ലാറ്റിന്‍ തുടങ്ങിയ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ മരുന്നുകള്‍ മുടികൊഴിച്ചില്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, നാഡീവ്യൂഹത്തിലെ തകരാര്‍  തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ മരുന്നുകളുടെ ഉപയോഗം ഇതിനകം പൂര്‍ണമായും നിരോധിച്ചിട്ടുമുണ്ട്. ഇതിന് പകരം പാര്‍ശ്വഫലങ്ങള്‍ തുലോം കുറവായ  മരുന്നുകള്‍ ലഭ്യമാണ്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ സ്റ്റോറുകളില്‍ കാന്‍സര്‍ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതും രോഗികളെ ഏറെ വലയ്ക്കുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് കുറിച്ച് നല്‍കുന്ന മരുന്നുകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ന്യായവില മെഡിക്കല്‍ സ്റ്റോര്‍ അധികൃതരെ അറിയിക്കണമെന്നാണ് ആശുപത്രി വികസന സമിതിയിലെ ധാരണ. ഇതും നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല.

കാന്‍സര്‍ വാര്‍ഡുകളിലെ ജീവനക്കാരുടെ കുറവും രോഗികളെ വലയ്ക്കുന്നു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ആരോഗ്യ കേരളം പദ്ധതിയില്‍ ഫണ്ട് ലഭ്യമാണ്. എന്നാല്‍ ഇതൊന്നും അറിയില്ലെന്ന സമീപനമാണ് ആശുപത്രി ആധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
(കെ ആര്‍ ഹരി)

മരുന്നുകടകളില്‍ നിരോധിച്ച മരുന്നുകള്‍ കണ്ടെത്തി

തിരുവനന്തപുരം: മരുന്നുകടകളില്‍ നിരോധിച്ച മരുന്നുകള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ മരുന്നുകളും വില്‍പന നടത്തുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ മരുന്നു കടകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കടകളുടെ ലൈസന്‍സ് റദ്ദാക്കാനും നീക്കമുണ്ട്.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്തിയപ്പോഴാണ് ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. നിരോധിച്ച മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും വിപണിയില്‍ സുലഭമാണ്. ഡോക്ടര്‍മാരുടെ കുറിപ്പ് പോലുമില്ലാതെയാണ് ഇവ വില്‍ക്കുന്നത്. സംഭരണ സംവിധാനത്തിലും ഗുരുതരമായ അപാകതകള്‍ കണ്ടെത്താനായി. യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിച്ച മെഡിക്കല്‍ സ്റ്റോറുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരുന്നു വാങ്ങുന്നതിന്റേയും വില്‍ക്കുന്നതിന്റേയും വ്യക്തമായ കണക്കുകള്‍ പല  കടകളിലും കണ്ടെത്താനായില്ല.

എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് ലഭിച്ചിട്ടുണ്ട്  ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍  ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.

janayugom 210112

1 comment:

  1. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ രോഗികള്‍ക്ക് കാര്യക്ഷമായ ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തുന്നിന്നും നടപടികളില്ലാത്തതാണ് ഇതിനുകാരണം.

    ReplyDelete