Saturday, January 21, 2012

ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വിസ്മയങ്ങള്‍

രണ്ട് സീറ്റിന്റെമാത്രം ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറുമാസം പിന്നിടുമ്പോള്‍തന്നെ കേരള പൊലീസിന്റെ അവസ്ഥ ദയനീയമായിരിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം അട്ടിമറിച്ച് ഭീകരതയുടെ പൊലീസ് നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൊളോണിയല്‍ സംസ്കാരത്തില്‍നിന്ന് സംസ്ഥാന പൊലീസിനെ മാറ്റിയെടുക്കുന്നതിന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പരിഷ്കരിച്ച പൊലീസ് ആക്ടും പൊലീസിനെ ജനകീയവല്‍ക്കരിച്ച് നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു. കേരള സമൂഹം സഹര്‍ഷം സ്വാഗതംചെയ്ത ജനമൈത്രി സുരക്ഷാപദ്ധതി ഇപ്പോള്‍ മൃതാവസ്ഥയിലാണ്. കഴിഞ്ഞ ആറുമാസം ഒരു പ്രവര്‍ത്തനവും നടത്താതെ ഇതിലേക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ പിന്‍വലിച്ചു.

കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ച ഡിസിപിയുടെ നടപടിയെ പിന്തുണയ്ക്കുക വഴി ഉമ്മന്‍ചാണ്ടി തന്റെ പൊലീസ് നയമെന്താണെന്ന് കേരളത്തെ ബോധ്യപ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ ഇനിയുമുണ്ടാകുമെന്ന പരോക്ഷ സൂചന കൂടി നല്‍കുകയായിരുന്നു ഡിസിപിയെ സംരക്ഷിച്ചതിലൂടെ ഉമ്മന്‍ചാണ്ടി. പൊലീസ് സ്റ്റേഷനുകളെ ജനോപകാരപ്രദമാക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് കമീഷന്‍ ശുപാര്‍ശചെയ്ത കേരളാ സിവില്‍ പൊലീസ് രൂപീകരിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഈ മാറ്റം ഇതുവരെ പൂര്‍ണതയിലെത്തിയിട്ടില്ല. ഇതോടൊപ്പം ജനമൈത്രി സംവിധാനത്തിന്റെ തകര്‍ച്ചയോടെ ജനങ്ങളില്‍നിന്ന് അകന്ന പൊലീസ് സ്റ്റേഷനുകള്‍ ഇപ്പോള്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രങ്ങളായി മാറിത്തുടങ്ങിയിരിക്കുന്നു.

ഭൂമാഫിയയെ സഹായിക്കാന്‍ പൊലീസിനെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളായ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്ത വാര്‍ത്ത സമീപദിവസമാണ് പുറത്തുവന്നത്. മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലംമാറ്റി. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഉത്തരവുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പക്ഷപാതപരമായ സ്ഥലംമാറ്റങ്ങളെക്കുറിച്ച് ബോധ്യമാകും. പ്രത്യേക അന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ചിനെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ച് വിശ്വസനീയത നശിപ്പിച്ചിരിക്കുന്നു. പണവും രാഷ്ട്രീയപക്ഷപാതവും പരിഗണിച്ച് കേസുകള്‍ അട്ടിമറിക്കാനുള്ള എല്ലാ സാഹചര്യവും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒരുക്കിക്കഴിഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ കറപ്ഷന്‍ (അഴിമതി) ബ്യൂറോയാക്കി അധഃപതിപ്പിച്ചു എന്നതാണ് ആറുമാസം കഴിയുമ്പോള്‍ ഈ സര്‍ക്കാരിന്റെ എടുത്തു പറയത്തക്ക "സംഭാവന".

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അഴിമതിക്കേസുകളില്‍ പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ച നിരവധിപേര്‍ മന്ത്രിമാരായുള്ള യുഡിഎഫ് സര്‍ക്കാരില്‍നിന്ന് മറ്റൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. നിരവധി അഴിമതിക്കേസുകളില്‍ ആരോപണവിധേയരായവരും അഴിമതിയുടെ പേരില്‍ അച്ചടക്കനടപടിക്ക് വിധേയരായവരും വിജിലന്‍സിലെ സുപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നു. മന്ത്രിമാര്‍ക്കും മറ്റു യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ നിലനില്‍ക്കുന്ന കേസുകള്‍ അട്ടിമറിക്കുന്നതിനും എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നതിനും വേണ്ടി വിജിലന്‍സിലെ താഴെതലങ്ങളിലുള്ള സിവില്‍ പൊലീസ് വിഭാഗങ്ങളിലുള്ളവരെപോലും നിയമവിരുദ്ധമായി കൂട്ടമായി സ്ഥലംമാറ്റി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ എടുത്തിരിക്കുന്ന കള്ളക്കേസും പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിന് വിജിലന്‍സ് കാണിക്കുന്ന വ്യഗ്രതയും ഇതിനെ സാധൂകരിക്കുന്നതാണ്. ഡെസ്മണ്ട് നെറ്റോ വിരമിച്ചതിന് ശേഷം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയേറ്റ എഡിജിപി ശങ്കര്‍ റെഡ്ഡിയെക്കൊണ്ട് വി എസിനെതിരെ കള്ളക്കേസെടുപ്പിക്കാന്‍ നടത്തിയ ശ്രമം ലക്ഷ്യംകാണാതെ വന്നപ്പോഴാണ് നാല് ഡിജിപി തസ്തികമാത്രമുള്ള കേരളത്തില്‍ അഞ്ചാമതൊരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ പാര്‍ശ്വവര്‍ത്തിയായ വേണുഗോപാല്‍ കെ നായരെ പ്രൊമോഷന്‍ നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. ഇതിന്റെ പ്രത്യുപകാരമായി ചുമതലയേറ്റ മൂന്നാം ദിവസംതന്നെ വേണുഗോപാല്‍ കെ നായര്‍ വി എസിനെതിരെ പുറത്തിറങ്ങാത്ത ഉത്തരവിന്റെ പേരുപറഞ്ഞ് നിലനില്‍ക്കാത്ത വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ അനുമതി നല്‍കി.

1999ല്‍ ഡിഐജിയായിരിക്കെ ഡിപ്പാര്‍ട്മെന്റ് വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി ഉപയോഗിച്ചതിന്റെ പേരില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാഹനത്തിന് ഡീസല്‍ അടിക്കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ ഒരു ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് തിരിച്ചടച്ചാണ് ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്ന് ശിക്ഷാനടപടികളില്‍നിന്ന് ഒഴിവായത്. ജില്ലാ പൊലീസ് മേധാവിമാരുടെ നിയമന ഉത്തരവുകള്‍ പരിശോധിച്ചാലും ഉമ്മന്‍ചാണ്ടിയുടെ പൊലീസ് നയം ബോധ്യപ്പെടും. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായും തിരുവനന്തപുരം റൂറല്‍ , കൊല്ലം റൂറല്‍ , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ , പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് തുടങ്ങി ജില്ലകളിലെ എസ്പിമാരായും പ്രൊമോട്ട് ചെയ്യപ്പെട്ട സ്വന്തക്കാരായ കണ്‍ഫേഡ് ഐപിഎസുകാരെ നിയമിച്ചു. ഡയറക്ട് ഐപിഎസുകാരെ മുഴുവന്‍ അപ്രധാന സ്ഥാനങ്ങളിലേക്ക് ഒതുക്കുകയുംചെയ്തു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധിയാര്‍ജിച്ചവര്‍ക്കെല്ലാം ഉന്നതസ്ഥാനങ്ങളില്‍ നിയമനം നല്‍കുക വഴി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം എന്താണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷവും പിന്തുടര്‍ന്ന സര്‍വീസ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സ്ഥലംമാറ്റം സാധാരണ പോലീസ് ഉദ്യോഗസ്ഥരെ അസംതൃപ്തിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. പൊലീസ് സേനയിലെ അച്ചടക്കലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ പിന്തുണ നല്‍കുന്ന കാഴ്ചയും അടുത്തകാലത്ത് കണ്ടു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെക്കുറിച്ച് ചോദിച്ചതിന് വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് അപമര്യാദയായി പെരുമാറിയ ഷീജാദാസ് എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അച്ചടക്ക നടപടിയുടെ ഭാഗമായ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് വനിതാ സിഐയെ അന്യജില്ലയിലേക്ക് സ്ഥലംമാറ്റുകയും സസ്പെന്‍ഷനിലായിരുന്ന ഷീജാദാസിനെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിക്കുകയുംചെയ്തു. ഇങ്ങനെ അച്ചടക്കലംഘനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനംപോലും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയില്‍നിന്നുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പൊലീസ് സേനയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ മുഴുവന്‍ ആറ് മാസംകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു. ജനമൈത്രി പൊലീസ് ജനവിരുദ്ധ പൊലീസ് ആയി. പൊലീസിനെ ഭരണകക്ഷിയുടെ രാഷ്ട്രീയചട്ടുകമായി മാറ്റിയതിലൂടെ ക്രമസമാധാനപാലനരംഗത്ത് സംസ്ഥാന പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ അപ്പാടെ അപ്രസക്തമായി. കഴിഞ്ഞ അഞ്ച് വര്‍ഷവും ക്രമസമാധാനപാലനരംഗത്ത് അഖിലേന്ത്യാതലത്തില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ , എന്‍സിആര്‍ബിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം കേരളം ക്രമസമാധാനപാലനരംഗത്ത് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ആറുമാസത്തെ ഭരണത്തിന്റെ ഫലമായി യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വിസ്മയമിതാണ്.

സത്യശീലന്‍ deshabhimani 210112

1 comment:

  1. രണ്ട് സീറ്റിന്റെമാത്രം ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറുമാസം പിന്നിടുമ്പോള്‍തന്നെ കേരള പൊലീസിന്റെ അവസ്ഥ ദയനീയമായിരിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം അട്ടിമറിച്ച് ഭീകരതയുടെ പൊലീസ് നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൊളോണിയല്‍ സംസ്കാരത്തില്‍നിന്ന് സംസ്ഥാന പൊലീസിനെ മാറ്റിയെടുക്കുന്നതിന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പരിഷ്കരിച്ച പൊലീസ് ആക്ടും പൊലീസിനെ ജനകീയവല്‍ക്കരിച്ച് നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു. കേരള സമൂഹം സഹര്‍ഷം സ്വാഗതംചെയ്ത ജനമൈത്രി സുരക്ഷാപദ്ധതി ഇപ്പോള്‍ മൃതാവസ്ഥയിലാണ്. കഴിഞ്ഞ ആറുമാസം ഒരു പ്രവര്‍ത്തനവും നടത്താതെ ഇതിലേക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ പിന്‍വലിച്ചു.

    ReplyDelete