Monday, January 23, 2012

വികസനക്കുതിപ്പിനെ പിന്നോട്ടുവലിച്ച രണ്ടരവര്‍ഷം

എം ജെ ജേക്കബിന് തെരഞ്ഞെടുപ്പു കേസിന്റെ ആ രണ്ടരവര്‍ഷ കാലയളവ് വലിയ നഷ്ടബോധത്തിന്റേതാണ്. മനസ്സ് മെനഞ്ഞുവച്ചിരുന്ന കുറേ വികസനസംരംഭങ്ങള്‍ക്ക് കേസിന്റെ പിന്നാലെ രണ്ടരവര്‍ഷം നീണ്ട ഓട്ടം തടസ്സമായതിന്റെ നഷ്ടബോധം. 2006ല്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന സെമിനാര്‍ പുതിയ എം എല്‍എയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുകയായിരുന്നു. മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച സമഗ്ര രൂപരേഖ (മാസ്റ്റര്‍ പ്ലാന്‍)തന്നെ അതില്‍ ഉരുത്തിരുഞ്ഞു. പിന്നീടു കണ്ടത് അവ പ്രയോഗത്തില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കിയ എം ജെ ജേക്കബിനെയാണ്. ഈ കുതിച്ചുപായലിന് ചങ്ങലയിട്ട അനുഭവമായിരുന്നു അദ്ദേഹത്തിനെതിരായ ആ തെരഞ്ഞെടുപ്പുകേസ്.

"കേസ് സുപ്രീംകോടതി തള്ളി. പക്ഷേ, രണ്ടരവര്‍ഷം അതിന്റെ പിന്നാലെ നടക്കേണ്ടിവന്നു. വലിയ പണച്ചെലവ്, നെട്ടോട്ടത്തിന്റെ പറഞ്ഞാല്‍തീരാത്ത ബുദ്ധിമുട്ട്, മനഃക്ലേശം, വികസനപ്രവര്‍ത്തനകാര്യങ്ങള്‍ക്ക് മുഴുവന്‍ സമയവും ഉപയോഗിക്കാന്‍ കഴിയാതെവന്നത് തുടങ്ങി നാനാവിധമായിരുന്നു അലട്ടലുകള്‍" - എം ജെ "ദേശാഭിമാനി"യോടു സംസാരിക്കവേ അനുസ്മരിച്ചു.

തൊട്ടതൊക്കെ പൊന്നാക്കുന്ന മിടുക്ക് എം ജെയുടെ പൊതുപ്രവര്‍ത്തനത്തിന്റെ ചൈതന്യമാണ്. തെരഞ്ഞെടുപ്പുകേസിന്റെ നൂലാമാലയ്ക്കുള്ളിലും അതിനു മങ്ങലേറ്റില്ല. നടക്കാവ്-ഓലിയപ്പുറം റോഡിന് 10.5 കോടി രൂപ കേന്ദ്ര റോഡ്വികസന നിധിയില്‍നിന്നു നേടിയത് അതിന്റെ തെളിവാണ്. കേസിന്റെ കാര്യത്തിന് ഡല്‍ഹിയില്‍ തങ്ങുമ്പോള്‍ യാദൃഛികമായി പരിചയപ്പെട്ട ചീഫ് എന്‍ജിനിയറുമായുള്ള ചങ്ങാത്തം പ്രയോജനപ്പെടുത്തിയപ്പോള്‍ പിറവത്തിന്റെ ചിരകാല ആവശ്യമായിരുന്ന ഈ ആധുനിക റോഡ് യാഥാര്‍ഥ്യമാക്കാന്‍ എം ജെയ്ക്കു കഴിഞ്ഞു. ഹൈടെക്കിനൊപ്പം സഞ്ചരിക്കുന്ന മനസ്സാണ് എം ജെയുടേതെന്ന് പലരും പറയുന്നതു ശരിയാണ്. എഫ്എസിടിയിലെ ഓഫീസറായിരുന്ന അദ്ദേഹത്തിന്റെ ഈ അഭിരുചി സ്വാഭാവികം. പക്ഷേ, പൊതുപ്രവര്‍ത്തകരില്‍ ഇതത്ര സാധാരണമല്ല. പിറവം മേഖലയുടെ കാലാനുസൃത മുന്നേറ്റം അദ്ദേഹം വിഭാവനംചെയ്തിരിക്കുന്നത് ഇങ്ങനെ:

"കൊച്ചിയുടെ വികാസം സമീപ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അതു പ്രയോജനപ്പെടുത്താന്‍ പിറവം ഒരുക്കം തുടങ്ങണം. കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഉപഗ്രഹ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിതമാകണം. അതിന് പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനി വൈകിക്കൂടാ. ഇതു സംബന്ധിച്ച് വിശദമായ പദ്ധതിരേഖ കഴിയുന്നത്രവേഗം തയ്യാറാക്കേണ്ടതുണ്ട്"- അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരവികസനം സംബന്ധിച്ച പദ്ധതിരേഖയുടെ കരട് ഇപ്പോള്‍ത്തന്നെ അദ്ദേഹത്തിെന്‍റ പക്കലുണ്ട്. ഹില്‍പാലസ് 65 ഏക്കറുണ്ട്. അവിടംമുതല്‍ ചോറ്റാനിക്കര, കാഞ്ഞിരമറ്റത്തെ പുരാതന പള്ളി, മുളന്തുരുത്തി, പിറവം പള്ളി, ഗുരുദേവമന്ദിരം, കൂത്താട്ടുകുളം-പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം, ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ടൂറിസം പാക്കേജ് അതില്‍ വിഭാവനംചെയ്യുന്നു. മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ ഞണ്ടുകാട് തുരുത്തിന്റെ വികസനത്തിന് കഴിഞ്ഞതവണ 45 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നതാണ്. " 70 കോടിയുടെ വന്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ ടേമില്‍ പ്ലാനിട്ടതാണ്"- അദ്ദേഹം പറഞ്ഞു.

deshabhimani 230112

1 comment:

  1. എം ജെ ജേക്കബിന് തെരഞ്ഞെടുപ്പു കേസിന്റെ ആ രണ്ടരവര്‍ഷ കാലയളവ് വലിയ നഷ്ടബോധത്തിന്റേതാണ്. മനസ്സ് മെനഞ്ഞുവച്ചിരുന്ന കുറേ വികസനസംരംഭങ്ങള്‍ക്ക് കേസിന്റെ പിന്നാലെ രണ്ടരവര്‍ഷം നീണ്ട ഓട്ടം തടസ്സമായതിന്റെ നഷ്ടബോധം. 2006ല്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന സെമിനാര്‍ പുതിയ എം എല്‍എയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുകയായിരുന്നു. മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച സമഗ്ര രൂപരേഖ (മാസ്റ്റര്‍ പ്ലാന്‍)തന്നെ അതില്‍ ഉരുത്തിരുഞ്ഞു. പിന്നീടു കണ്ടത് അവ പ്രയോഗത്തില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കിയ എം ജെ ജേക്കബിനെയാണ്. ഈ കുതിച്ചുപായലിന് ചങ്ങലയിട്ട അനുഭവമായിരുന്നു അദ്ദേഹത്തിനെതിരായ ആ തെരഞ്ഞെടുപ്പുകേസ്.

    ReplyDelete