Sunday, January 22, 2012

പ്രവര്‍ത്തനലാഭമുണ്ടാക്കിയിട്ടും ഫാക്ടിന് കേന്ദ്ര അവഗണന

മദ്രാസ് ഫെര്‍ട്ടിലൈസര്‍ കമ്പനിക്ക് നാഫ്ത നഷ്ടപരിഹാരയിനത്തില്‍ ടണ്ണിന് 5284 രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ ഫാക്ടിന് നല്‍കുന്നത് 3131 രൂപ മാത്രം. ഉല്‍പ്പാദനക്ഷമത ഉയര്‍ത്തിയും സമര്‍പ്പണത്തിലൂടെയും പ്രവര്‍ത്തനലാഭമുണ്ടാക്കിയിട്ടും സബ്സിഡിയും നാഫ്ത നഷ്ടപരിഹാരവും യഥാസമയം കേന്ദ്രം അനുവദിക്കാത്തത് ഫാക്ടിന് വിനയാകുന്നു. 450 കോടി രൂപ പലിശരഹിത പ്രവര്‍ത്തനമൂലധനമായി നല്‍കണമെന്ന ശുപാര്‍ശ നടപ്പാക്കുന്നതിനുപകരം കേന്ദ്രം വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണ്്. അവഗണനകള്‍ക്കിടയിലും ഈ സാമ്പത്തികവര്‍ഷം 50 കോടി രൂപയുടെ ലാഭത്തിലേക്കാണ് ഫാക്ട് മുന്നേറുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫാക്ടിന്റെ മൊത്തം ആദായം 134 കോടി രൂപയാണ്. എന്നാല്‍ , നാഫ്ത നഷ്ടപരിഹാരം, വളം സബ്സിഡി എന്നിവ യഥാസമയം കേന്ദ്രം അനുവദിക്കാത്തതിനെത്തുടര്‍ന്ന് അറ്റാദായത്തില്‍ 43 കോടി രൂപയുടെ നഷ്ടമുണ്ടായി. പലിശയിനത്തില്‍മാത്രം ഫാക്ടിന് കഴിഞ്ഞവര്‍ഷം ചെലവിടേണ്ടി വന്നത് 141 കോടിരൂപയാണ്. 10 വര്‍ഷത്തിനിടെ പലിശയിനത്തില്‍ ചെലവിട്ടത് ആയിരം കോടിയോളം രൂപയും.

നാഫ്ത ഉപയോഗിച്ച് വളം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ അപൂര്‍വം കമ്പനികളിലൊന്നാണ് ഫാക്ട്. എല്‍എന്‍ജി ഉപയോഗിക്കുമ്പോള്‍ മില്ല്യണ്‍ മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 അമേരിക്കന്‍ ഡോളര്‍ ആണ് ചെലവെങ്കില്‍ നാഫ്തയ്ക്കിത് 25 ഡോളറായി ഉയരുന്നു. ഈ നഷ്ടം നികത്താനാണ് കേന്ദ്രം നാഫ്ത നഷ്ടപരിഹാരം നല്‍കുന്നത്. ഇക്കാര്യത്തില്‍ മദ്രാസ് ഫെര്‍ട്ടിലൈസറിനോടുള്ള സമീപനമല്ല ഫാക്ടിനോടുള്ളത്. തമിഴ്നാട്ടില്‍ നാഫ്തയ്ക്കുള്ള നികുതിയുടെ പേരിലാണ് ഒരു ടണ്‍വളത്തിന് രണ്ടായിരത്തിലേറെ രൂപ ഫാക്ടിനേക്കാളും മദ്രാസ് ഫെര്‍ട്ടിലൈസറിന് അനുവദിക്കുന്നത്. ഒരു ടണ്‍ നാഫ്തയില്‍നിന്ന് അഞ്ച് ടണ്‍ വളം ഉല്‍പ്പാദിപ്പിക്കാമെന്നിരിക്കെ 400 രൂപയുടെ അന്തരമേ വരുത്താവൂ. അന്തരം കൂടുതലായതുമൂലം ഫാക്ടിന് 1750ഓളം രൂപ നഷ്ടമാവുന്നു. ഈ വിവേചനത്തിനെതിരെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം ആരും പ്രതികരിക്കുന്നില്ല.

2010-11 സാമ്പത്തികവര്‍ഷം ഫാക്ടിനുള്ള നാഫ്ത നഷ്ടപരിഹാരം 2331 രൂപയായിരുന്നു. പുതിയ സിഎംഡി ശ്യാംലാല്‍ ഗോയല്‍ നടത്തിയ ഇടപെടലോടെയാണ് 800 രൂപകൂടി വര്‍ധിപ്പിച്ചത്. ഇതോടൊപ്പം മദ്രാസ് ഫെര്‍ട്ടിലൈസറിന്റെ തുക 4784ല്‍നിന്ന് 5284 രൂപയാക്കി. മദ്രാസ് ഫെര്‍ട്ടിലൈസറിന് അനുവദിക്കുന്ന നിരക്ക് ലഭ്യമാക്കിയാല്‍ നൂറുകോടിയിലേറെ രൂപയുടെ അറ്റാദായം ഫാക്ടും നേടും. അമോണിയം പ്ലാന്റിനൊപ്പം യൂറിയ പ്ലാന്റില്ലാത്ത പൊതുമേഖലയിലെ ഏക വളം കമ്പനിയാണ് ഫാക്ട്. ഈ അവഗണനയില്‍നിന്ന് കരകയറാന്‍ "97മുതല്‍ ശ്രമിക്കുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. യൂറിയ ഉല്‍പ്പാദനത്തിനുവേണ്ടത് അമോണിയവും അമോണിയം ഉപോല്‍പ്പന്നമായ കാര്‍ബണ്‍ഡൈ ഓക്സൈഡുമാണ്. പ്രതിവര്‍ഷം അഞ്ചുലക്ഷം ടണ്‍ യൂറിയ ഉല്‍പ്പാദിപ്പിക്കാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പ്ലാന്റില്ലാത്തതിനാല്‍ പാഴാകുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani 220112

1 comment:

  1. മദ്രാസ് ഫെര്‍ട്ടിലൈസര്‍ കമ്പനിക്ക് നാഫ്ത നഷ്ടപരിഹാരയിനത്തില്‍ ടണ്ണിന് 5284 രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ ഫാക്ടിന് നല്‍കുന്നത് 3131 രൂപ മാത്രം. ഉല്‍പ്പാദനക്ഷമത ഉയര്‍ത്തിയും സമര്‍പ്പണത്തിലൂടെയും പ്രവര്‍ത്തനലാഭമുണ്ടാക്കിയിട്ടും സബ്സിഡിയും നാഫ്ത നഷ്ടപരിഹാരവും യഥാസമയം കേന്ദ്രം അനുവദിക്കാത്തത് ഫാക്ടിന് വിനയാകുന്നു. 450 കോടി രൂപ പലിശരഹിത പ്രവര്‍ത്തനമൂലധനമായി നല്‍കണമെന്ന ശുപാര്‍ശ നടപ്പാക്കുന്നതിനുപകരം കേന്ദ്രം വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണ്്. അവഗണനകള്‍ക്കിടയിലും ഈ സാമ്പത്തികവര്‍ഷം 50 കോടി രൂപയുടെ ലാഭത്തിലേക്കാണ് ഫാക്ട് മുന്നേറുന്നത്

    ReplyDelete