Saturday, January 21, 2012

ഇ-മെയില്‍ : മുഖ്യമന്ത്രി യുക്തിസഹമായ മറുപടി നല്‍കണം- പിണറായി

ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം പൗരന്മാരുടെ ഇ-മെയില്‍ കേരള പൊലീസ് ചോര്‍ത്താന്‍ ശ്രമിച്ചതിനെപ്പറ്റി യുക്തിസഹമായ വെളിപ്പെടുത്തല്‍ നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപ.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പൊലീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കാന്‍ വൈകിക്കൂടാ. തീവ്രവാദബന്ധമുള്ള കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആരും തടസ്സം നില്‍ക്കാന്‍ പാടില്ല. എന്നാല്‍ , അന്വേഷണത്തിന്റെ പേരില്‍ , രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത പൗരന്മാരുടെ പൗരാവകാശം ഹനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. തീവ്രവാദ ബന്ധമുള്ള കേസിന്റെ മറവില്‍ 268 പേരുടെ ഇ-മെയില്‍ പരിശോധനയ്ക്കാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇത്രയധികംപേരുടെ ഇ-മെയില്‍ പരിശോധിക്കാന്‍ പൊലീസിന് ആഭ്യന്തരവകുപ്പിന്റെ നിയമപരമായ സമ്മതം വേണം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ല.

പൊലീസ് നിരീക്ഷണത്തിന് തയ്യാറാക്കിയ 268 പേരില്‍ 10 പേര്‍ ഒഴികെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. അവരില്‍ മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ഈ വ്യക്തികളെ കണ്ടെത്താനും അവരുടെ "ലോഗിന്‍" വിശദാംശങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് ഉത്തരവുണ്ടായത്. ഇതിനര്‍ഥം, ഈ വ്യക്തികളുടെ ഇ-മെയിലിലേക്ക് അവരറിയാതെ അവരുടെ "പാസ്വേര്‍ഡ്" ഉപയോഗിച്ച് പൊലീസിന് കടന്നുകയറാമെന്നാണ്. ഭരണഘടന നല്‍കുന്ന പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഗുരുതരമായ തീവ്രവാദകേസ് എന്തെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ രാജ്യദ്രോഹികളാണോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവം പുറത്തുകൊണ്ടുവന്ന "മാധ്യമ"ത്തിനെതിരെ ക്രിമിനല്‍കേസ് എടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അവിവേകമാണ്. പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. ഉടനടി കേസ് എടുക്കണമെന്ന് ഒരു മന്ത്രി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. "മാധ്യമ"ത്തിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

2 comments:

  1. ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം പൗരന്മാരുടെ ഇ-മെയില്‍ കേരള പൊലീസ് ചോര്‍ത്താന്‍ ശ്രമിച്ചതിനെപ്പറ്റി യുക്തിസഹമായ വെളിപ്പെടുത്തല്‍ നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപ.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. കേരളത്തില്‍ മുസ്ലിം വേട്ടയുണ്ടെന്ന് ആരും കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു. പാണക്കാട് ചേര്‍ന്ന അടിയന്തര മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. സാമുദായിക ഐക്യത്തിന് ചില മാധ്യമങ്ങള്‍ പോറലേല്‍പ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള നീക്കം അപലപനീയമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിരപരാധികളെ വേട്ടയാടില്ലെന്ന് ലീഗ് ഉറപ്പുവരുത്തും. യോഗത്തില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ പി എ മജീദ് എന്നിവരും പങ്കെടുത്തു. ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ രണ്ടഭിപ്രായം രൂപപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. ഇ മെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും സംഘവും ഇതിനെ എതിര്‍ക്കുന്നു.

    ReplyDelete