Saturday, January 21, 2012

മാറാട് ഗൂഢാലോചനക്കേസ് സിബിഐക്ക് വിടണം: വി എസ്

രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഫോറന്‍സിക് പരിശോധനാസംഘം ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് അന്വേക്ഷണസംഘം തലവനെ മാറ്റിയത്. കേസില്‍ തല്‍പരകക്ഷികള്‍ക്കെതിരെ അന്വേഷണമുണ്ടാവുമെന്നു കരുതിയാണ് മുഖ്യമന്ത്രി അന്വേഷണസംഘത്തെ മാറ്റിയത്. ഹൈക്കോടതി പോലും ഇതില്‍ ഇടപെട്ടു.

വാളകം സംഭവത്തില്‍ , കേസ് സിബിഐക്ക് കൈമാറുമെന്ന് പറഞ്ഞ് ഇപ്പോള്‍ ഒരു അന്വേഷണവുമില്ല. കാസര്‍കോട് കലാപത്തില്‍ തങ്ങള്‍ക്കെതിരെ അന്വേഷണം നീങ്ങുമെന്ന സാഹചര്യത്തിലാണ് ചിലര്‍ ഇടപെട്ട് കമീഷനെ പിരിച്ചുവിട്ടത്. സിമി ബന്ധമുള്ളതിനാല്‍ സംസ്ഥാനത്തെ ചിലരുടെ ഈ മെയില്‍ വിലാസങ്ങള്‍ പരിശോധിക്കണമെന്ന കത്ത് വിവാദമായി. ഉദ്യോഗസ്ഥനു തെറ്റുപറ്റിയെന്നു ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. അല്ലെങ്കില്‍ സിമി ബന്ധം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലാത്തപക്ഷം അവരോട് മാപ്പുപറയാന്‍ തയ്യാറാവണം. മാധ്യമത്തിനെതിരെ കേസെടുക്കുമെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് തിരുത്തി. എന്നാല്‍ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ആരെല്ലാം എതിര്‍ത്തുവെന്നും അനുകൂലിച്ചുവെന്നും പരസ്യമാക്കിയ ആര്യാടന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢാലോചനയാണിതിനു പിന്നിലെന്നും പറഞ്ഞു.

കാര്‍ കള്ളക്കടത്ത് പ്രതിയായ അലക്സ് ജോസഫിനെ സംരംക്ഷിക്കുന്നത് ഉന്നതര്‍ തന്നെയാണ്. ഇയാളില്‍ നിന്നും വിദേശകാറുകള്‍ വാങ്ങിയത് ആരെല്ലാമാണെന്ന് വ്യക്തമാക്കണം. പൊലീസിനെ കോടതിയും വിമര്‍ശിച്ചു. അനുമതിയില്ലാതെ വിദേശയാത്ര നടത്തി തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ച തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. എന്‍ഐയില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി കള്ളം പറയുകയായിരുന്നു. സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനം താളം തെറ്റി. കേസുകള്‍ അട്ടിമറിക്കാനും കുറ്റവാളികളെ സംരംക്ഷിക്കാനും പൊലീസ് നിര്‍ബന്ധിക്കപ്പെടുകയാണ്. പൊലീസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഉന്നതതലയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും വിഎസ് അറിയിച്ചു.

deshabhimani 210211

1 comment:

  1. രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഫോറന്‍സിക് പരിശോധനാസംഘം ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് അന്വേക്ഷണസംഘം തലവനെ മാറ്റിയത്. കേസില്‍ തല്‍പരകക്ഷികള്‍ക്കെതിരെ അന്വേഷണമുണ്ടാവുമെന്നു കരുതിയാണ് മുഖ്യമന്ത്രി അന്വേഷണസംഘത്തെ മാറ്റിയത്. ഹൈക്കോടതി പോലും ഇതില്‍ ഇടപെട്ടു.

    ReplyDelete