ഒരിക്കല്‍ സഖാവ് കെ എ കേരളീയന് ഇങ്ങനെ പറഞ്ഞുവെച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിനും എത്രയോ മുമ്പുതന്നെ ഉത്തരമലബാറിലെ പെരുമ്പളയില്‍ ഇ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ കൃഷിഭൂമി കൃഷിക്കാരന് നല്കികഴിഞ്ഞിരിക്കുന്നു. നാടന്‍ ജന്മിയുടെ മകനായി പിറന്ന കുഞ്ഞികൃഷ്ണനെന്ന പെരുമ്പളയിലെ ഇ കൃഷ്ണന്‍മാസ്റ്റര്‍ക്ക് കമ്മ്യൂണിസ്റ്റ് ചിന്താധാര ഒരു വരദാനം പോലെയായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റാകുന്നതോടൊപ്പം ഒരു ഉത്തമ അധ്യാപകന് കൂടി ആവുകയെന്ന സഖാവ് കൃഷ്ണ പിള്ളയുടെ ഉപദേശംകൂടി ഉണ്ടായതുകൊണ്ടാകാം പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ കൈവരിക്കാന്‍ തുനിഞ്ഞതുമില്ല. ഇപ്പോള്‍ നവതിയുടെ വക്കിലെത്തിയ കൃഷ്ണന്‍മാസ്റ്റര്‍ പെരുമ്പളയിലെ സ്വന്തംവീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും പഴയകാല സ്മരണകള്‍ ഓര്‍ത്തെടുത്ത് ഇന്നലെകളെപോലെ ആവേശഭരിതനാകുന്നു.
1947 അവസാനം മംഗലാപുരത്ത് എച്ച് ഇ ടി ടി സി യ്ക്ക് പഠിക്കുന്ന കാലം. ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെയും സര്‍വ്വോപരി ദേശിയ പ്രക്ഷോഭങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്യന്തം നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന സന്ദര്‍ഭം. പെരുമ്പളയിലെ കുഞ്ഞികൃഷ്ണന് തന്റെ ജീവിതത്തില്‍ അവിസ്മരണീയ മുഹൂര്‍ത്തമുണ്ടായി. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറികൂടിയായിരുന്നു അദ്ദേഹം. ആ ദിനം ഇങ്ങനെയായിരുന്നു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മംഗലാപുരം പാര്‍ട്ടി ഓഫിസിലെത്തിയ സഖാവ് കൃഷ്ണ പിള്ള അവിടെനിന്നും ഒരു ദൂതന് വഴി സ്കൂളിലേക്ക് ഒരു കത്തുകൊടുത്തയച്ചു. അതില്‍ മൂന്നുവാക്കുകള്മാത്രം. കുഞ്ഞികൃഷ്ണാ, ഞാന്‍ ഇവിടെ പാര്‍ട്ടി ഓഫിസിലുണ്ട്. അഞ്ചുമണിവരെ ഇവിടെയുണ്ടാകും. കാണണം. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദൗത്യം ചുരുക്കി വിശദീകരിച്ചു. എന്നിട്ട് പറഞ്ഞു. കുഞ്ഞികൃഷ്ണന് പെരുമ്പളയില്‍ ആഴ്ചതോറും പോയി ബ്രാഞ്ചു യോഗം വിളിച്ചുചേര്‍ക്കണം. താനില്ലാതെ അവിടെ കാര്യങ്ങള്‍ നടക്കില്ല. അതിനിടെ ഒന്നാം ഫഌറ്റ് ഫോമില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ പുറപ്പെടാനായി ചൂളം വിളിച്ചു. സഖാവ് വീണ്ടും കൈപിടിച്ചു പറഞ്ഞു. കുഞ്ഞികൃഷ്ണ, ഉന്നത മാര്‍ക്കോടെ ടി ടി സി പാസ്സാകണം. നല്ല അധ്യാപകനാകണം. കമ്മ്യൂുണിസ്റ്റുകാര് എല്ലാ മേഖലയിലും ശ്രേഷ്ഠന്മാരാണെന്നു മനസിലാക്കികൊടുക്കണം...
പിന്നീട് കുറച്ചുമാസം കഴിഞ്ഞപ്പോഴാണ് കൃഷ്ണപിള്ളയുടെ വിയോഗം എന്തെന്നില്ലാത്ത വേദനയോടെ ശ്രവിച്ചത്. കൂടികാഴ്ച അവസാനത്തേതാകുമെന്ന് ഒരിക്കലും നിനച്ചതായിരുന്നില്ല. കൃഷ്ണപിള്ളയെ കൂടാതെ സഖാക്കള്‍ കെ എ കേരളീയന്, കെ പി ആര് ഗോപാലന്, എ വി കുഞ്ഞമ്പു, ഇ കെ നായനാര്‍, എം ജി കമ്മത്ത്, എ കെ ജി, മടിക്കൈ കുഞ്ഞികണ്ണന്‍, ഡോ. സുബ്ബറാവു, കെ മാധവന് തുടങ്ങിയ നിരവധി നേതാക്കളുമായുള്ള ആത്മബന്ധവും രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ ഏറെ മുതല്‍കൂട്ടായി. ഇവരെല്ലാം പെരുമ്പളയിലെ തന്റെ തറവാടുവീടായ മാവിലതിടിയില് ഒളിവില്‍ കഴിഞ്ഞവരുമാണ്. (ഇവരില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് താലൂക്ക് പാര്‍ട്ടിസെക്രട്ടറിയായിരുന്ന കെ മാധവന് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്.) പെരുമ്പളയിലെ ഒളിത്താവളവും മാവിലതിടിയിലെ മാളിക വീടും പിന്നീട് സഖാവ് ഇ കെ നായനാരുടെ ആത്മകഥയായ ‘ഒളിമങ്ങാത്ത ഓര്‍മകളില്‍’ വിവരിക്കുന്നുണ്ട്. (ഒളിവുകാലത്ത് പാര്‍ട്ടിനേതാക്കന്മാര്‍ക്ക് അഭയം ഒരുക്കിയ പെരുമ്പളയിലെ അമ്മയായിരുന്നു കൃഷ്ണന്‍മാസ്റ്ററുടെ മൂത്തസഹോദരിയും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ ചന്ദ്രശേഖരന് എംഎല്‍എയുടെ മാതാവുമായ പരേതയായ ഇ പാര്‍വതിയമ്മ).
കെ തുക്കാറാമും അമ്മിണിയനുമായിരുന്നു പെരുമ്പളയിലെ മറ്റു കമ്മ്യൂണിസ്റ്റുനേതാക്കള്‍. കാസര്‍കോട് സെന്ററല്‍ ബോര്‍ഡ് സ്കൂളില്‍ ആറാംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു ദേശിയ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരുസംഭവമുണ്ടായത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ ഗാന്ധിജിയുടെ ആഹ്വാനമുള്കൊണ്ടു കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ ബഹിഷ്കരിച്ചു സമരം നടത്തി. പത്തുദിവസം നീണ്ട ബഹിഷ്കരണ സമരം. സ്കൂളിലേക്ക് കയറിവരുന്ന 12 കവാടങ്ങളിലും 12 വിദ്യാര്‍ഥികള്‍ നീണ്ടുകിടന്നു. ഇവരെ ചവിട്ടിയല്ലാതെ ആര്‍ക്കും സ്കൂളില്‍ പ്രവേശിക്കാനാവില്ലെന്നായി. അതിനാല്‍ തന്നെ മനസ്സുകൊണ്ടു സമരത്തില്‍ പങ്കെടുക്കാത്തവരും സ്കൂളില്‍ വരാന്‍ മടിച്ചു. എന്നാല്‍ അന്നു 12 വിദ്യാര്‍ഥികളെയും ചവിട്ടികൊണ്ടു രേണുക എന്ന പതിനൊന്നുകാരി ക്ലാസിലേക്ക് കയറിപ്പോയി. അവര്‍ക്കു അന്നതിന് ധൈര്യംവന്നത് അന്നത്തെ കാസര്‍കോട് മുനിസിഫായിരുന്ന ആന്ധ്രാസ്വദേശി റെഡ്ഡിയുടെ മകളായിരുന്നു എന്നതിനാലാണ്. മറ്റു കുട്ടികളാരും ക്ലാസില്‍ ഇല്ലാത്തതിനാല്‍ അരമണിക്കൂറിനുള്ളില്‍ അവര്‍ സമരക്കാരുടെ ദേഹത്തുചവിട്ടി തന്നെ തിരിച്ചുവന്നപ്പോള്‍ കുഞ്ഞികൃഷ്ണന് പറഞ്ഞു; രേണുക നിങ്ങള്‍ ഇപ്പോള്‍ ചവിട്ടിയത് എന്നെയല്ല, മറിച്ച് ഭാരത് മാതാവിനെയും ഗാന്ധിജിയേയുമാണ്. ഇതുകേട്ട രേണുക പൊട്ടിക്കരഞ്ഞു ഓടിപോയി. പിന്നീട് ആ സ്കൂളിലേക്ക് തിരിച്ചുവന്നതുമില്ല. ഇതിനിടെ റെഡ്ഡികുടുംബം സ്വദേശത്തേക്കുതരിച്ചുപോയി. സ്കൂള്‍ മുടക്കിച്ച 12 പേരെയും സസ്പെന്റു ചെയ്തു. ഇതില്‍ കുഞ്ഞികൃഷ്ണനും ഗോപാലകൃഷ്ണ സരളായയും ഒഴികെയുള്ള 10 പേരും മാപ്പുപറഞ്ഞ് സ്കൂളില്‍ പ്രവേശിച്ചു. എന്നാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയല്ലാതെ ഇനി സ്കൂളിലേക്കില്ലെന്നു കുഞ്ഞികൃഷ്ണന് പ്രതിജ്ഞയെടുത്തു. ആ പ്രതിജ്ഞ പാലിച്ചാണ് 1947 അവസാനത്തോടെ മംഗലാപുരത്ത് എച്ച് ഇ ടിടിസിക്ക് ചേര്‍ന്നു പഠിച്ചതും മാതൃക അധ്യാപകനായി മാറിയതും.
1942 ഒക്ടോബര്‍ രണ്ടിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വംനേടുന്നത്. അതുവരെ പെരുമ്പളയിലെ പാര്‍ട്ടി അനുഭാവിസെല് സെക്രട്ടറിയായിരുന്നു. സമരങ്ങളുടെ തുടക്കംതന്നെ നാടന്‍ ജന്മിത്വത്തിനെതിരെയും അതുവഴി കൃഷിഭൂമി കൃഷിക്കാരനു ലഭിക്കുന്നതിനും വേണ്ടിയായിരുന്നു. കൃഷിഭൂമി ജന്മി കൈയേറാന്‍ ശ്രമിക്കുന്നതായി അറിഞ്ഞാല്‍ ഉടന്‍ കൊടിപിടിച്ചുള്ള കര്‍ഷകരുടെ സമരമായിരിക്കും പെരുമ്പളയില്‍. നാടന്ജന്മിയുടെ മകനായതിനാല്‍ അധികമാരും കുഞ്ഞികൃഷ്ണനെ തൊടാനും ധൈര്യപ്പെട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കു പാര്‍ട്ടി പ്രവര്‍ത്തനം കര്‍ശനമായി നിരോധിച്ചതിനാല്‍ പാര്‍ട്ടിപ്രവര്‍ത്തനം ഒളിഞ്ഞും പേരുമാറ്റിയുമായിരുന്നു. അധ്യാപകനായതിനുശേഷം പാര്‍ട്ടിയിലെ പേര് കെ പി നാരായണന് നായര്‍ എന്നായിരുന്നു. മറ്റൊരു സംഭവമുണ്ടായത് 1943ലാണ്. അന്ന് കാഞ്ഞങ്ങാട് വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാരുടെ സമ്മേളനം നടന്നു. സഖാവ് കൃഷ്ണപിള്ളയോഗത്തില് പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി ഫണ്ടായിരുന്നു ഒരു പ്രധാന ചര്‍ച്ച. ഓരോ സെക്രട്ടറിമാരെയും കൃഷ്ണപിള്ള പേര് വിളിച്ചു അഭിപ്രായമാരാഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ കുഞ്ഞികൃഷ്ണന്റെ തീരുമാനം ഏവരെയും അതിശയിപ്പിക്കുന്നതായി. അച്ഛന് തനിക്കു വീതിച്ചുതന്ന കുടുംബ സ്വത്തില്‍നിന്നും രണ്ടു ഏക്കര്‍ ഭുമി വിറ്റുകിട്ടുന്ന പണം താന്‍ പാര്‍ട്ടിഫണ്ടിലേക്കു കൊടുക്കുമെന്നായിരുന്നു ആ തീരുമാനം. കൃഷ്ണപിള്ള ഏറെ പ്രകീര്‍ത്തിച്ചു. പിന്നീട് ദേശാഭിമാനി വാരികയില്‍ കൃഷ്ണപിള്ള എഴുതിയ ‘പാര്‍ട്ടി ഫണ്ടില്‍ സഖാക്കളുടെ കടമ’ എന്ന ലേഖനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പെരുമ്പള കുഞ്ഞികൃഷ്ണന്റെ തീരുമാനം മാതൃകാപരമായിരുന്നുവെന്ന് പ്രത്യേകം എഴുതിയിരുന്നു. സ്കൂള്‍ പഠനത്തിനിടെ കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍വച്ച് ഗാന്ധിജിയെ കാണാന്പോയവരില് ഏറ്റവും പ്രായകുറഞ്ഞ ആളും കൃഷ്ണന്മാസ്റ്ററായിരുന്നു. ഗാന്ധിജി ഏറെ സന്തോഷത്തോടെ തലയില്‍ കൈ വച്ചു അനുഗ്രഹിച്ചതും എന്തെന്നില്ലാത്ത കുളിര്‍മയോടെയാണ് ഓര്‍ക്കുന്നത്.
കേരള രൂപീകരണത്തിനുശേഷം 1956 ല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. അതിന്റെആദ്യത്തെ സെക്രട്ടറി എന്‍ ജി കമ്മത്ത്. 13 അംഗ താലൂക്ക് കമ്മിറ്റിയില്‍ പെരുമ്പള ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണനുമുണ്ടായിരുന്നു. അങ്ങനെ ഈ മേഖലയില്‍ ഒരു കാലഘട്ടത്തിലെ പ്രചോദനവും നേതാവുമായിമാറി. ഇതിനിടെതന്നെ വിവിധ സ്കൂളുകളില്‍ അധ്യാപകനായി വിശിഷ്ടസേവനം നടത്തി, ഹെഡ്മാസ്റ്ററായി വിരമിച്ചതിനുശേഷം പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റിയംഗവും കിസാന്‍സഭ ജില്ലാപ്രസിഡന്റുമായി. ഇപ്പോഴും പെരുമ്പള സെക്കന്റ് ബ്രാഞ്ചിലെ പാര്‍ട്ടിയംഗമായി തുടരുന്നു. അമ്മാവന്റെ മകള്‍ കൂടിയായ രമണിയമ്മയാണ് സഹധര്‍മിണി. നാലുമക്കള്‍. ഇ പാര്‍വതിയമ്മയുടെ മക്കളും ഇ കൃഷ്ണന് മാസ്റ്ററുടെ മരുമക്കളുമായ ഇ കെ നായര്‍ പാര്‍ട്ടി ജില്ലാഎക്സിക്യൂട്ടീവംഗവും കിസാന്‍സഭ ജില്ലാപ്രസിഡന്റുമാണ്. മഹിളസംഘം കാസര്‍കോട് മണ്ഡലം സെക്രട്ടറി ഇ മാലതി, ഹൊസ്ദുര്‍ഗ് മണ്ഡലം കമ്മിറ്റിയംഗം കരിച്ചേരിയിലെ രോഹിണിയമ്മ എന്നിവരും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരാണ്. ഒരു നാടിന്റെ വികസന പന്ഥാവിലും നെടുംതൂണായിനിന്ന സ്വാതന്ത്ര്യസമരസേനാനികൂടിയായ കൃഷ്ണന്‍മാസ്റ്റര്‍ ഇന്നും പെരുമ്പളയിലെ കമ്മ്യൂണിസ്റ്റ് കാരണവരായി ആവേശം പകരുന്നു.
(നാരായണന് കരിച്ചേരി )
janayugom 220112
ഒരിക്കല്‍ സഖാവ് കെ എ കേരളീയന് ഇങ്ങനെ പറഞ്ഞുവെച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിനും എത്രയോ മുമ്പുതന്നെ ഉത്തരമലബാറിലെ പെരുമ്പളയില്‍ ഇ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ കൃഷിഭൂമി കൃഷിക്കാരന് നല്കികഴിഞ്ഞിരിക്കുന്നു. നാടന്‍ ജന്മിയുടെ മകനായി പിറന്ന കുഞ്ഞികൃഷ്ണനെന്ന പെരുമ്പളയിലെ ഇ കൃഷ്ണന്‍മാസ്റ്റര്‍ക്ക് കമ്മ്യൂണിസ്റ്റ് ചിന്താധാര ഒരു വരദാനം പോലെയായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റാകുന്നതോടൊപ്പം ഒരു ഉത്തമ അധ്യാപകന് കൂടി ആവുകയെന്ന സഖാവ് കൃഷ്ണ പിള്ളയുടെ ഉപദേശംകൂടി ഉണ്ടായതുകൊണ്ടാകാം പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ കൈവരിക്കാന്‍ തുനിഞ്ഞതുമില്ല. ഇപ്പോള്‍ നവതിയുടെ വക്കിലെത്തിയ കൃഷ്ണന്‍മാസ്റ്റര്‍ പെരുമ്പളയിലെ സ്വന്തംവീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും പഴയകാല സ്മരണകള്‍ ഓര്‍ത്തെടുത്ത് ഇന്നലെകളെപോലെ ആവേശഭരിതനാകുന്നു.
ReplyDelete