Sunday, February 12, 2012

വിദേശ വാര്‍ത്തകള്‍ - ഗ്രീസ്, ജപ്പാന്‍ ആണവ നിലയം, വാര്‍ത്ത ചോര്‍ത്താന്‍ പണം..

ഗ്രീസില്‍ ചെലവുചുരുക്കലിന് മന്ത്രിസഭയുടെ അംഗീകാരം

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസില്‍ പ്രധാനമന്ത്രി ലൂക്കാസ് പാപദെമോസ് മുന്നോട്ടുവച്ച ചെലവുചുരുക്കല്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കടക്കെണിയിലായ ഗ്രീസിന് വായ്പാസഹായം അനുവദിക്കാനായി യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും നിര്‍ദേശിച്ച നടപടികളാണ് കടുത്ത പ്രതിഷേധത്തിനിടെ നടപ്പാക്കുന്നത്. ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് സഖ്യസര്‍ക്കാരിലെ ആറ് അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത രണ്ടുദിവസത്തെ പൊതുപണിമുടക്ക് രാജ്യം സ്തംഭിപ്പിച്ചു. തെരുവില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി.

ഇയുവും ഐഎംഎഫും നിഷ്കര്‍ഷിക്കുന്ന സാമ്പത്തിക നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം അനിയന്ത്രിതമായ പ്രതിസന്ധിയിലേക്കും സാമൂഹ്യസ്ഫോടനത്തിലേക്കും നീങ്ങുമെന്ന് പ്രധാനമന്ത്രി പാപദെമോസ് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അവശേഷിക്കുന്ന മന്ത്രിസഭാംഗങ്ങള്‍ ഏകകണ്ഠമായാണ് പദ്ധതി അംഗീകരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്പാക്കരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിട്ടെന്ന് ഏതന്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കടക്കെണിയിലായ ഗ്രീസിനെ സഹായിക്കാന്‍ 17,100 കോടി ഡോളറിന്റെ വായ്പയാണ് യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചത്. ഘട്ടംഘട്ടമായി അനുവദിക്കുന്ന വായ്പയ്ക്കായി വലിയതോതിലുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും ചെലവുചുരുക്കലിനും ഇയുവും ഐഎംഎഫും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ , ചെലവുചുരുക്കലിന്റെ പേരില്‍ സാമൂഹ്യസഹായപദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് വലിയ ജനകീയപ്രക്ഷോഭത്തിനു തിരികൊളുത്തി. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ജോര്‍ജ് പാപന്‍ഡ്ര്യൂവിന്റെ രാജിക്കുശേഷമാണ് ലൂക്കാസ് പാപദെമോസ് അധികാരമേറ്റത്.

ആണവോര്‍ജത്തിനെതിരെ ജപ്പാനില്‍ വന്‍ പ്രതിഷേധം

ടോക്യോ: ഭൂകമ്പവും സുനാമിയും വിതച്ച ആണവദുരന്തത്തിന്റെ ദുരിതം പേറുന്ന ജപ്പാന്‍ ജനത ആണവോര്‍ജത്തിനെതിരെ തെരുവിലേക്ക്. മാര്‍ച്ച് 11ലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം നിര്‍ത്തിവച്ച ആണവനിലയങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. തലസ്ഥാനമായ ടോക്യോയില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ടോക്യോയിലെ യൊയോഗി പാര്‍ക്കില്‍ കേന്ദ്രീകരിച്ചായിരുന്നു റാലി. ജനങ്ങള്‍ ആണവദുരന്തത്തിന്റെ ഭയാനകത വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് ജനങ്ങള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നത്. നൊബേല്‍ സമ്മാനജേതാവായ എഴുത്തുകാരന്‍ കെന്‍സാബ്യൂറോ ഓയും റാലിയില്‍ പങ്കെടുത്തു. സമാധാനപരമായ റാലി ജപ്പാന്‍ ആണവോര്‍ജം നിരോധിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടു.

വാര്‍ത്ത ചോര്‍ത്താന്‍ പണം: 8 പേര്‍ അറസ്റ്റില്‍

ലണ്ടന്‍ : വാര്‍ത്ത ചോര്‍ത്തിയെടുക്കാനായി കൈക്കൂലി നല്‍കിയ കേസില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരടക്കം എട്ടുപേര്‍ അറസ്റ്റില്‍ . "സണ്‍" ടാബ്ലോയിഡിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് കുടുങ്ങിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ , പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ , ഒരു സൈനികന്‍ എന്നിവരാണ് പിടിയിലായത്. അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റുചെയ്ത ഇവരെ വിവിധ പൊലീസ്സ്റ്റേഷനുകളില്‍ ചോദ്യംചെയ്യുകയാണെന്ന് സ്കോട്ട്ലന്‍ഡ് യാര്‍ഡ് അറിയിച്ചു. വാര്‍ത്തകള്‍ക്കായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നത് കണ്ടെത്താന്‍ ആരംഭിച്ച "ഓപറേഷന്‍ എല്‍വിദന്‍" വഴിയാണ് എട്ടുപേരെയും കുടുക്കിയത്. മര്‍ഡോക് പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡിലെ ഫോണ്‍ ഹാക്കിങ് പുറത്തുവന്നതിനെത്തുടര്‍ന്നാണ് ദൗത്യസംഘത്തെ നിയോഗിച്ചത്.

മാലദ്വീപില്‍ ഐക്യമന്ത്രിസഭ ഉടന്‍

മാലെ: മുഹമ്മദ് അല്‍ നഷീദിന് പ്രസിഡന്റ്സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായ മാലദ്വീപില്‍ പുതിയ മന്ത്രിസഭയെ ഉടന്‍ പ്രഖ്യാപിക്കും. നഷീദിന്റെ പന്‍ഗാമിയായി അധികാരമേറ്റ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന്‍ ദേശീയ ഐക്യ മന്ത്രിസഭയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഥിതിഗതി താരതമ്യേന ശാന്തമായ മാലദ്വീപില്‍ ഇന്ത്യക്കാ ര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചു. 29,000 ഇന്ത്യക്കാരാണ് മാലദ്വീപിലുള്ളത്. ദ്വീപിലെ സംഭവവികാസത്തോട് ഇന്ത്യയുടെ പ്രതികരണത്തില്‍ നിരാശനാണെന്ന് നഷീദ് പറഞ്ഞു. സാഹചര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇന്ത്യയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. അക്രമം അരങ്ങേറിയ അദ്ദുസിറ്റി മുഹമ്മദ് നഷീദ് ഞായറാഴ്ച സന്ദര്‍ശിക്കും. അതിനിടെ, കൊളംബോയില്‍ അഭയംതേടിയ നഷീദിന്റെ ഭാര്യക്കും മക്കള്‍ക്കും അഭയം നല്‍കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെ പറഞ്ഞു.

deshabhimani 120212

2 comments:

  1. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസില്‍ പ്രധാനമന്ത്രി ലൂക്കാസ് പാപദെമോസ് മുന്നോട്ടുവച്ച ചെലവുചുരുക്കല്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കടക്കെണിയിലായ ഗ്രീസിന് വായ്പാസഹായം അനുവദിക്കാനായി യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും നിര്‍ദേശിച്ച നടപടികളാണ് കടുത്ത പ്രതിഷേധത്തിനിടെ നടപ്പാക്കുന്നത്. ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് സഖ്യസര്‍ക്കാരിലെ ആറ് അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത രണ്ടുദിവസത്തെ പൊതുപണിമുടക്ക് രാജ്യം സ്തംഭിപ്പിച്ചു. തെരുവില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി.

    ReplyDelete
  2. ഗ്രീക്ക് പാര്‍ലമെന്റ് ചെലവുചുരുക്കല്‍ പാക്കേജ് അംഗീകാരിച്ചു. ജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന പാക്കേജിനെതിരെ കടുത്ത പ്രതിഷേധമാണ് ഗ്രീസില്‍ ഉയരുന്നത്. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സാമൂഹ്യസുരക്ഷാപദ്ധതികളും വെട്ടിക്കുറച്ചുകൊണ്ടുള്ള പാക്കേജിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും നല്‍കിയ നിര്‍ദേശങ്ങളടങ്ങിയ ചെലവു ചുരുക്കല്‍ പാക്കേജിന് ഗ്രീസ് പാര്‍ലമെന്റ് ് അംഗീകാരം നല്‍കിയതോടെ കടുത്ത സാമ്പത്തിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്്. ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയ ഗ്രീസിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ 170 കോടി യൂറോയുടെ പാക്കേജാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2010 മെയ് മാസം മുതലാണ് ഗ്രീസിന്റെ സാമ്പത്തികമേഖലയില്‍ തിരിച്ചടിയേറ്റു തുടങ്ങിയത്. പ്രതിഷേധത്തിനിടയില്‍ റഫറണ്ടം നടത്തിയാണ് ഗ്രീസ് പാര്‍ലമെന്റില്‍ പാക്കേജ് നിര്‍ദേശം അവതരിപ്പിക്കാനുള്ള അനുമതി നേടിയത്. 74 നെതിരെ 199 വോട്ടുകള്‍ക്കാണ് ചെലവുചുരുക്കല്‍ പാക്കേജ് പാസായത്. ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്ക് പടരുന്നു

    ReplyDelete