Sunday, February 12, 2012

മഹാരാജകീയത്തില്‍ ഗൗരിയമ്മയില്ല; ദിവാകരമേനോന്‍ "സീനിയറായി"

ശാരീരിക അവശതകള്‍മൂലം കേരളരാഷ്ട്രീയത്തിന് മഹാരാജാസിന്റെ പാരിതോഷികമായ കെ ആര്‍ ഗൗരിയമ്മ എത്താത്തതിനാല്‍ സി ദിവാകരമേനോന്‍ "മഹാരാജകീയം" സംഗമത്തില്‍ സീനിയറായി. 1940-43 കാലയളവില്‍ മഹാരാജാസില്‍ സാമ്പത്തികശാസ്ത്രവിഭാഗത്തില്‍ വിദ്യര്‍ഥിയായ മേനോന്‍ ക്വിറ്റ് ഇന്ത്യ സമരസേനാനിയാണ്. 1945ല്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം രാജ്യമെങ്ങും അലയടിച്ച സമരത്തിന് മഹാരാജാസില്‍ കാഹളമൂതിയവരില്‍ ജീവിച്ചിരിക്കുന്നത് കാലടി സ്വദേശിയായ ദിവാകരമേനോന്‍മാത്രം. പഴയ ഓര്‍മകളില്‍ ജീവിക്കുന്ന മേനോന് മഹാരാജാസിന്റെ വിളി കേള്‍ക്കാതിരിക്കാനായില്ല.

പി കെ വാസുദേവന്‍നായരുടെ മകന്‍ അഡ്വ. രാജേന്ദ്രന്റെ ഭാര്യ രാജേശ്വരിയുടെ പിതാവായ ദിവാകരമേനോന്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതില്‍ അഭിമാനമുണ്ടായെങ്കിലും താനുള്‍പ്പെടെ 28 പേര്‍ക്ക് പരീക്ഷ എഴുതാനായില്ലെന്ന് ദിവാകരമേനോന്‍ ഓര്‍ക്കുന്നു. പിന്നീട് വളരെ പാടുപെട്ടാണ് പരീക്ഷ എഴുതിയത്. "75ല്‍ സര്‍വീസില്‍നിന്നു പിരിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയാണ്. മറവിയുള്ളതുകൊണ്ട് പഴയകാര്യങ്ങളൊന്നും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോളേജ് സ്മരണികയിലേക്ക് ഒരു ചെറുകുറിപ്പെഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മേനോന്‍ . മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഗള്‍ഫ് രാജ്യങ്ങളിലെ ശാഖയിലെ മുപ്പത്തഞ്ചോളംപേര്‍ സംഗമത്തിനെത്തി. സ്പെയിന്‍ , യുഎസ്എ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും എത്തിയതായി സംഘാടകര്‍ അറിയിച്ചു. 4000 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി.

നിന്‍ തിരുമുറ്റത്തൊരുവട്ടംകൂടി ഞങ്ങള്‍ ...

കൊച്ചി: തണല്‍വിരിച്ച പച്ചമരങ്ങളെക്കാള്‍ തണുപ്പു പകരുന്ന ഓര്‍മകളാണ് മഹാരാജാസ് മുറ്റത്ത് ഒത്തുചേര്‍ന്ന പൂര്‍വവിദ്യാര്‍ഥികള്‍ പങ്കിട്ടത്. അനുരാഗത്തിന്റെ ആര്‍ദ്രതയും വിപ്ലവത്തിന്റെ ദീപ്തിയും ഒത്തിണങ്ങിയ ഓര്‍മകളുടെ കുടമാറ്റത്തിന് ഹരിശ്രീകുറിച്ചത് എം കെ രവീന്ദ്രന്‍ എന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയാണ്. ജീവിതത്തിന്റെ ഭാഗമായ മഹാരാജാസില്‍ ജീവന്റെ ഭാഗമായ മേഴ്സി ഇല്ലാതെ ഏകനായി വരേണ്ടിവന്നല്ലോ എന്നു പറഞ്ഞപ്പോള്‍ പഴയ തീപ്പൊരിനേതാവിന്റെ ശബ്ദമിടറി. എന്നും രാവിലെ 9.30ന് ഹിസ്റ്ററി ബ്ലോക്കിന്റെ പൊക്കത്തില്‍നിന്നു നോക്കുമ്പോള്‍ രണ്ട് കന്യാസ്ത്രീകളുടെ മധ്യത്തില്‍ നടന്നുവരുന്ന നല്ല കണ്ണുകളുള്ള, ധാരാളം മുടിയുള്ള മേഴ്സി എന്ന മരിയ ഫ്രാന്‍സിസ് കട്ടിക്കാരനെക്കുറിച്ചു പറഞ്ഞ രവിയുടെ വാക്കുകള്‍ കാവ്യമനോഹരമായിരുന്നു. ഒടുവില്‍ മേഴ്സിയുടെ ബിഎസ്സി പരീക്ഷ കഴിഞ്ഞപ്പോള്‍ ബോട്ടണി ക്ലാസിന്റെ മുന്നിലെ വരാന്തയില്‍നിന്ന് "മേഴ്സി.. നമ്മുക്ക് വിവാഹംകഴിച്ചാലോ?" എന്നു ചോദിച്ചതും "സമ്മതം" എന്ന അര്‍ഥത്തില്‍ മേഴ്സി മൂളിയതും ഓര്‍മിച്ച് ആ മൂളല്‍ നല്‍കിയ സന്തോഷത്തോളം വലിയ സന്തോഷം എന്റെ ജീവിതത്തിലുണ്ടായില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാഠശാലയാണ് മഹാരാജാസെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. "മഹാരാജാസില്‍ ബിഎയ്ക്ക് കാല്‍ കുത്തിയപ്പോള്‍ വേണമെങ്കില്‍ എന്നെ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് എന്നു വിളിക്കാമായിരുന്നു. പക്ഷേ, മഹാരാജാസില്‍നിന്ന് പടിയിറങ്ങിയ ഞാന്‍ അടിയുറച്ച കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും മാര്‍ക്സിസ്റ്റ് ചിന്താപദ്ധതിയില്‍ അവഗാഹമുള്ള ആളുമായിരുന്നു"- ഐസക് പറഞ്ഞു.

ഒറ്റമുണ്ടുടുത്ത്, പുസ്തകങ്ങള്‍ നെഞ്ചോടുചേര്‍ത്ത് മഹാരാജാസിന്റെ പ്രവേശനകവാടംവഴി അകത്തേക്കു കയറിയ ചെറുപ്പക്കാരന്റെ നെഞ്ചിടിപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. അധ്യാപകര്‍ പഠിപ്പിച്ച ഷേക്സ്പിയര്‍ നാടകങ്ങളുടെ മാറ്റൊലികളാണ് മഹാരാജാസിലെത്തുമ്പോള്‍ മനസ്സില്‍ ഉയരുന്നതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലറും ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷനായി. ഡോ. എം ലീലാവതി, പ്രൊഫ. എം അച്യുതന്‍ , പ്രൊഫ. എം കെ സാനു എന്നിവരടങ്ങിയ മഹാരാജാസിലെ പഴയ ഗുരുനാഥന്മാരെയും 93 വയസ്സുള്ള സി ദിവാകരമേനോന്‍ ഉള്‍പ്പെടെയുള്ള പൂര്‍വവിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സാനുമാസ്റ്റര്‍ക്കുള്ള ഉപഹാരം വയലാര്‍ രവി സമ്മാനിച്ചു. "മഹാരാജകീയം"സ്മരണികയുടെ പ്രകാശനം നടന്‍ മമ്മൂട്ടിയും വയലാര്‍ രവിയും മറ്റുള്ളവരും ചേര്‍ന്ന് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നിര്‍ദിഷ്ട മലയാളം സര്‍വകലാശാലയുടെ ആസ്ഥാനം മഹാരാജാസ് കോളേജായിരിക്കണമെന്ന പ്രമേയം ചടങ്ങില്‍ അവതരിപ്പിച്ചു. പി ടി തോമസ് എംപി, ടി എ അഹമ്മദ്കബീര്‍ എംഎല്‍എ, പ്രൊഫ. എം കെ സാനു, ഡോ. വി പി ഗംഗാധരന്‍ , ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, ഡോ. കെ എസ് രാധാകൃഷ്ണന്‍ , മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടി വി ആര്‍ ഷേണായ്, കെ എം റോയ്, ജസ്റ്റിസ് കെ സുകുമാരന്‍ , ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ് വത്സലകുമാരി, എന്‍ കെ വാസുദേവന്‍ , സണ്ണി മാത്യു, സരയൂ മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ആയിരക്കണക്കിന് പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയെ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഗമം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
(എം അഖില്‍)

ചിതലിനും മായ്ക്കാനായില്ല ആ കാവ്യശകലം

കൊച്ചി: നാലുപതിറ്റാണ്ടുകള്‍ക്കുമുമ്പ് മഹാരാജാസില്‍ തന്റെ ജൂനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാളായ മുഹമ്മദ്കുട്ടി എഴുതിക്കൊടുത്ത ഓട്ടോഗ്രാഫിന് ഇപ്പോഴും ആലുവ സ്വദേശിയായ ഇ എം മെഹറയുടെ മനസ്സില്‍ പൊന്നുംവിലയാണ്. ശനിയാഴ്ച മഹാരാജാസ് കോളേജില്‍ നടന്ന "മഹാരാജകീയം" പൂര്‍വ വിദ്യാര്‍ഥിസംഗമത്തില്‍ ആ പഴയ ഓട്ടോഗ്രാഫ് വായിച്ചപ്പോള്‍ മലയാളികളുടെ സ്വന്തം മമ്മൂട്ടിയുടെ മുഖത്ത് ചിരി വിടര്‍ന്നു.

"മെഹറേ... വര്‍ണരേണുക്കള്‍ ചായംവിതറിയ സായംസന്ധ്യയില്‍ , സന്ധ്യാരാഗത്തിന്റെ വെളിച്ചം തട്ടി നിന്റെ മുഖത്ത് പ്രകാശം. ചുവന്നുതുടുത്ത മുഖത്ത് ദേഷ്യം വരുമ്പോള്‍ സൗന്ദര്യം അവിടെ ഉടലെടുക്കുന്നു... അവിടെത്തന്നെ അത് അസ്തമിക്കുന്നു." സ്വന്തം കാവ്യസൃഷ്ടിയില്‍ പൂത്തുലഞ്ഞ താരത്തിന് പക്ഷേ ഓട്ടോഗ്രാഫിന്റെ ബാക്കിഭാഗം വായിക്കാനായില്ല. ചിതലുകള്‍ നിഷ്കരുണം ആ കാവ്യശകലം തിന്നൊടുക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ബഷീറിയന്‍ സ്റ്റൈലില്‍ - "മെഹറേ...താഴെ കാണുന്നതാണ് എന്റെ മേല്‍വിലാസം. വിവാഹത്തിനു തീര്‍ച്ചയായും വിളിക്കണം. സമ്മാനമായി തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല" എന്ന വാക്കുകള്‍കൂടി വായിച്ചതോടെ വേദിയിലും സദസ്സിലും പൊട്ടിച്ചിരിയുയര്‍ന്നു.
മഹാരാജാസ് കോളേജില്‍ "69-72 കാലയളവില്‍ ചരിത്രവിദ്യാര്‍ഥിയായ മെഹറ കോളേജ് വിടാന്‍ നേരത്ത് മമ്മൂട്ടിയെ തേടിപിടിച്ച് ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയായിരുന്നു. "എല്ലാ കോര്‍ണറിലും മമ്മൂട്ടിയെ കാണാമായിരുന്നു. മൂളിപ്പാട്ടും പാടി അങ്ങനെ നടക്കും. ഒരു ദിവസം ഞാന്‍ ഓട്ടോഗ്രാഫ്കൊടുത്ത് വല്ലതും എഴുതി തരാന്‍ പറഞ്ഞു."- മെഹറ പറഞ്ഞു. കൊച്ചി കോര്‍പറേഷനില്‍ ജോലി നോക്കിയിരുന്ന മെഹറ നാലുവര്‍ഷംമുമ്പാണ് പിരിഞ്ഞത്. ഓട്ടോഗ്രാഫ് കുറെക്കാലം ഡയറിക്കകത്ത് സൂക്ഷിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമത്തെക്കുറിച്ച് ഫോണില്‍ വിവരമറിയിച്ച പൂര്‍വവിദ്യാര്‍ഥി സംഘടനാഭാരവാഹികളോട് ഓട്ടോഗ്രാഫിന്റെ കഥ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മമ്മൂട്ടിയുടെ ഒരു സുഹൃത്തിന് ഓട്ടോഗ്രാഫ് കൈമാറി. പഴയ ഓര്‍മക്കുറിപ്പിന്റെ കഥയറിഞ്ഞപ്പോള്‍ മമ്മൂട്ടിയത് ആശംസാപ്രസംഗത്തിനിടയില്‍ വായിക്കുകയായിരുന്നു. ഓട്ടോഗ്രാഫ് മമ്മൂട്ടി വായിച്ചതോടെ മെഹറ സംഘാടകരുടെ ആവശ്യപ്രകാരം വേദിയിലെത്തി. "ആളാകെ മാറി പോയല്ലോ" എന്നായിരുന്നു മമ്മൂട്ടിയുടെ കുശലം. ആലുവ യുസി കോളേജിനുസമീപം മൗണ്ട് ആര്‍ബര്‍ വീട്ടില്‍ താമസിക്കുന്ന മെഹറ ഇപ്പോള്‍ മെഹറ മൊയ്തീനാണ്. മൂന്നു മക്കളുണ്ട്. കീറിപ്പറിഞ്ഞ ഓട്ടോഗ്രാഫ് മറ്റൊരു കടലാസില്‍ ഒട്ടിച്ചെടുത്ത് മമ്മൂട്ടി അത് കൂടെകൊണ്ടുപോവുകയുംചെയ്തു.

അന്ന് ഞാന്‍ ഒന്നാന്തരം കോമാളി: മമ്മുട്ടി

കൊച്ചി: ആക്ഷനും കട്ടിനുമിടയില്‍ തീരാത്ത ജീവിതമുഹൂര്‍ത്തമാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി ശനിയാഴ്ച സമ്മാനിച്ചത്. കളിയും ചിരിയും കൂട്ടുകാര്‍ക്കുള്ള "കൊള്ളി" വാക്കുകളുമായി ഓര്‍മകളുടെ മുറ്റത്ത് നിറഞ്ഞുനിന്നതും ഈ താരരാജാവായിരുന്നു. ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച "മഹാരാജകീയം" സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി കാമ്പസിന്റെ മുക്കിലും മൂലയിലും ചുറ്റിയടിച്ചിരുന്ന പഴയ മുഹമ്മദ് കുട്ടിയായിരുന്നു.

"ഇവിടെ പഠിച്ചിരുന്ന കാലത്ത് ഞാന്‍ ഒന്നാന്തരമൊരു കോമാളിയായിരുന്നു. അന്ന് പ്രചാരത്തിലുള്ള ഹിറ്റ് പാട്ടുകളും മൂളി എല്ലാ കൊറിഡോറിലും ഞാന്‍ ചുറ്റി നടക്കുമായിരുന്നു"-ഗൗരവം തീണ്ടാത്ത കൊച്ചു കൊച്ചു വാക്കുകളില്‍ മമ്മൂട്ടി പഴയ ഓര്‍മകള്‍ നെയ്തെടുത്തു. തേവര എസ്എച്ച് കോളേജില്‍ പ്രീഡിഗ്രി പഠനത്തിനുശേഷം മഹാരാജാസില്‍ത്തന്നെ പഠിക്കണമെന്ന വാശിയുണ്ടാക്കിയതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. "പെണ്‍കുട്ടികള്‍".. മഹാരാജാസിലെ സുന്ദരികളായ എല്ലാ പെണ്‍കുട്ടികളോടും പ്രണയമായിരുന്നു. മിക്കവാറും പേര്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതി കൊടുത്തിട്ടുമുണ്ട്. ജൂനിയര്‍മാര്‍ക്കും സീനിയര്‍മാര്‍ക്കും "കടിതങ്ങള്‍"കൊടുത്തിട്ടുണ്ടെന്ന് ഓര്‍മിച്ച മമ്മൂട്ടി അതിന് ന്യായീകരണമായി പറഞ്ഞ- "ഈ കാര്യത്തിന് ജൂനിയര്‍ , സീനിയര്‍ വ്യത്യാസമൊക്കെ നോക്കാന്‍ പറ്റുമോ?" എന്ന വാക്കുകള്‍ പൂര്‍വവിദ്യാര്‍ഥികള്‍ക്കിടയില്‍ ചിരിയുണര്‍ത്തി.
മമ്മൂട്ടിയുടെ ആശംസാപ്രസംഗത്തിനു തൊട്ടുമുമ്പ് സംസാരിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് "മാക്ബെത്തി"ലെ അന്ത്യരംഗസംഭാഷണം ഓര്‍ത്തെടുത്ത് ചൊല്ലിയായിരുന്നു പ്രഭാഷണം അവസാനിപ്പിച്ചത്. "ഓ...മാക്ബെത്ത് ഞാനും പഠിച്ചതാ...പക്ഷേ എനിക്കൊന്നും തരിയും ഓര്‍മയില്ല. ബാലനെപ്പോലെ പഠിച്ചിരുന്നേല്‍ കഷ്ടകാലത്തിന് വല്ല ഐഎസ്എസുകാരനും ആയേനെ"-എന്നായി മമ്മൂട്ടിയുടെ കമന്റ്. "എല്ലാവരെയും കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരോരുത്തര്‍ക്കും എത്ര മക്കള്‍ , പേരമക്കള്‍ എന്നെല്ലാം ചോദിച്ചറിയണമെന്നും കരുതിയതാണ്. എനിക്ക് രണ്ട് പേരമക്കളായി. പക്ഷേ എല്ലാവരും വളരെ മാറിപ്പോയി. കണ്ടാല്‍ തിരിച്ചറിയുന്നില്ല. ഞാന്‍ സിനിമയിലായതുകൊണ്ട് ഇങ്ങനെയിരിക്കുന്നു"- മമ്മൂട്ടി പറഞ്ഞു. "എന്നെങ്കിലും വീണ്ടും കാണാം" എന്ന യാത്രാമൊഴിയോടെ മഹാരാജാസിന്റെ ഹൃദയം കവര്‍ന്നാണ് മമ്മൂട്ടി പോയത്.

deshabhimani 120212

No comments:

Post a Comment