Sunday, February 12, 2012

വി എസിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനിക്കേണ്ട: പിണറായി


സിപിഐ എം സംസ്ഥാനസമ്മേളന സമാപന പൊതുയോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തെ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വി എസിനെ കുഴപ്പത്തിലാക്കാന്‍ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ക്യാപിറ്റല്‍ പണിഷ്മെന്റ് എന്ന വി എസിന്റെ പ്രസംഗഭാഗം പ്രതിനിധിസമ്മേളനത്തിലെ ചര്‍ച്ചയ്ക്കുള്ള മറുപടിയല്ലേയെന്ന് ലേഖകര്‍ ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിനിധിസമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് പൊതുസമ്മേളനത്തില്‍ മറുപടി നല്‍കാന്‍ പാടില്ലെന്ന സംഘടനാരീതിയെപ്പറ്റി നല്ല ബോധമുള്ള നേതാവാണ് വി എസ്. അത് തെറ്റിച്ചാല്‍ സംഘടനാരീതിയില്‍നിന്നുള്ള വ്യതിചലനമാകും. ഞങ്ങള്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന കേസുകളെക്കുറിച്ചാണ് വി എസ് പറഞ്ഞത്. ശിക്ഷകളില്‍ ഏറ്റവും വലുത് ക്യാപിറ്റല്‍ പണിഷ്മെന്റാണ്. വി എസിന്റെ പരാമര്‍ശത്തിന് ആദ്യം വ്യാഖ്യാനം നല്‍കിയത് കോടിയേരി ബാലകൃഷ്ണനാണല്ലോ എന്നു ചോദിച്ചപ്പോള്‍ , വി എസിന്റെ പ്രസംഗത്തിന്റെ തുടര്‍ച്ചയായിരുന്നു കോടിയേരിയുടേതെന്ന് പിണറായി മറുപടി നല്‍കി. സംസ്ഥാനകമ്മിറ്റിയില്‍നിന്ന് ഒഴിവായതുമായി ബന്ധപ്പെടുത്തി സരോജിനി ബാലാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംഘടനാപരമായി ശരിയല്ലെന്ന് ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. അവരുടേത് വികാരപരമായ പ്രതികരണമായേ കാണുന്നുള്ളൂ. സംസ്ഥാനകമ്മിറ്റി അംഗമെന്നനിലയില്‍ പ്രവര്‍ത്തിക്കാനുള്ള പരിമിതി കണക്കിലെടുത്താണ് അവരെ ഒഴിവാക്കിയത്. അവരോടുള്ള എല്ലാ ആദരവും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് പാര്‍ടികോണ്‍ഗ്രസില്‍ അവര്‍ പ്രതിനിധിയായത്.

ലാവ്ലിന്‍ കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി കെ ബാലിയെ സ്വാധീനിക്കാന്‍ വി എസ് ഇടപെട്ടുവെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ എന്ന് ലേഖകര്‍ ചോദിച്ചപ്പോള്‍ , അത് ശരിയല്ലെന്ന് മറുപടി പറഞ്ഞു. ഈ ന്യായാധിപനെതിരെയല്ലേ ചില പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം ആരാഞ്ഞു.

ക്രൈസ്തവ പുരോഹിതരില്‍ ഒരു ചെറിയ ന്യൂനപക്ഷത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവരാണ് ക്രൈസ്തവരെ സിപിഐ എമ്മിന് എതിരാക്കാന്‍ ശ്രമിക്കുന്നത്. പൗവ്വത്തില്‍ തിരുമേനിയെപ്പോലുള്ളവര്‍ക്ക് സിപിഐ എമ്മിനെതിരെ പറയാന്‍ വലിയ വാശിയാണ്. എന്നാല്‍ , മറ്റുള്ളവര്‍ കുറെക്കൂടി മാന്യമായി പെരുമാറുന്നു. സംസ്ഥാനത്തിനു പുറത്തുള്ള കത്തോലിക്ക പുരോഹിതര്‍ , ഇടതുപക്ഷമാണ് രക്ഷകരെന്ന് പരസ്യമായി വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളെ ഇടതുപക്ഷത്തിന് എതിരാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ യുഡിഎഫുണ്ട്. അവരുടെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടാണിത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം ന്യൂനപക്ഷവിഭാഗങ്ങളുടെ സംഘടനകള്‍ക്കും സഭകള്‍ക്കും ചില ഘട്ടങ്ങളില്‍ ആവശ്യമുണ്ട്. ഇതും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ നോക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇടനിലക്കാരെ സമീപിക്കാനോ കുറുക്കുവഴി തേടാനോ സിപിഐ എം ഉദ്ദേശിക്കുന്നില്ല. പിഡിപിയുമായി സഖ്യമോ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അവര്‍ പിന്തുണ പ്രഖ്യാപിച്ച് വേദിയിലെത്തി. ഇത് പൊതുസമൂഹത്തില്‍ ചില തെറ്റിദ്ധാരണകളുണ്ടാക്കി. ജയില്‍മോചിതനായ വേളയില്‍ മഅ്ദനിക്ക് സ്വീകരണം നല്‍കാന്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ പോയതില്‍ തെറ്റില്ല.

ആറന്മുള വിമാനത്താവളവിഷയത്തില്‍ മുഖ്യമന്ത്രിയായിരുന്ന വി എസിന്റെ ഇടപെടലുകളെപ്പറ്റിയുള്ള ആക്ഷേപം പാര്‍ടിയുടെ മുമ്പിലുണ്ടോ, അതേപ്പറ്റി പാര്‍ടി അന്വേഷണമുണ്ടോ എന്ന് ഒരു ലേഖകന്‍ ചോദിച്ചപ്പോള്‍ , അക്കാര്യം പാര്‍ടിയുടെ ശ്രദ്ധയില്‍ ഇപ്പോള്‍ വന്നിട്ടുണ്ടെന്നും മറ്റു കാര്യങ്ങളിലേക്കു കടന്നിട്ടില്ലെന്നും മറുപടി നല്‍കി.

deshabhimani 120212

1 comment:

  1. സിപിഐ എം സംസ്ഥാനസമ്മേളന സമാപന പൊതുയോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തെ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വി എസിനെ കുഴപ്പത്തിലാക്കാന്‍ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ക്യാപിറ്റല്‍ പണിഷ്മെന്റ് എന്ന വി എസിന്റെ പ്രസംഗഭാഗം പ്രതിനിധിസമ്മേളനത്തിലെ ചര്‍ച്ചയ്ക്കുള്ള മറുപടിയല്ലേയെന്ന് ലേഖകര്‍ ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete