Sunday, February 12, 2012

ഇന്തോ-ഇയു വ്യാപാര കരാര്‍ ഈ വര്‍ഷം

രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാരകരാറിന് ഈ വര്‍ഷം അവസാനത്തോടെ അന്തിമരൂപം നല്‍കാന്‍ ഇന്തോ-യൂറോപ്യന്‍യൂണിയന്‍(ഇയു) ഉച്ചകോടിയില്‍ ധാരണ. കാര്‍ഷിക- ക്ഷീര ഉല്‍പ്പന്നങ്ങള്‍ , ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയുടെ കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തി. സ്കോച്ച് വിസ്ക്കി ഉള്‍പ്പെടെയുള്ള വിവിധ ഇനം മദ്യം, ആഡംബരക്കാറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കണമെന്ന ആവശ്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. മരുന്നുകള്‍ക്ക് വില കൂടാനും ആഡംബരക്കാറുകള്‍ക്ക് വില ഇടിയാനും കരാര്‍ വഴിയൊരുക്കും. ആഡംബര കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 60 ശതമാനത്തില്‍നിന്നും മുപ്പതാക്കാമെന്ന് ഇന്ത്യ അറിയിച്ചു. എന്നാല്‍ ,തീരുവ ഇയു നിരക്കായ 6.5 ശതമാനമാക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. മെഴ്സിഡസ് ബെന്‍സ്, ഫോക്സ്വാഗണ്‍ തുടങ്ങിയ യൂറോപ്പിലെ വന്‍കിട കാര്‍നിര്‍മാതാക്കളാണ് തീരുവ ഗണ്യമായി കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്. നിലവില്‍ യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്150 ശതമാനമാണ് തീരുവ. ഇറക്കുമതി ചെയ്യുന്ന എല്ലാ മദ്യത്തിന്റെയും തീരുവ കുറയ്ക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. മുന്തിയ ഇനം സ്കോച്ച് വിസ്ക്കിയുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചു.

ചരക്കു-സേവന- നിക്ഷേപമേഖലകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെ 2007ലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാരകരാര്‍ ചര്‍ച്ച ആരംഭിച്ചത്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുകയെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇക്കാര്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പാണ് ഉച്ചകോടിയില്‍ ഇന്ത്യ നല്‍കിയത്. ബൗദ്ധിക സ്വത്തവകാശം കരാറിന്റെ ഭാഗമാക്കുന്നതോടെ ഇന്ത്യയില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരും. നിലവില്‍ ലോകവ്യാപാര സംഘടനയുമായുള്ള (ഡബ്ല്യുടിഒ) ബൗദ്ധിക സ്വത്തവകാശസംവിധാനം കൂടാതെ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേക സംവിധാനം വേണമെന്നാണ് ആവശ്യം. ഇതംഗീകരിച്ചാല്‍ നിലവില്‍ ഇന്ത്യയില്‍ ചുരുങ്ങിയ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുന്ന മിക്ക ജീവന്‍രക്ഷാ മരുന്നുകളുടെയും വില ഉയരും. എയ്ഡ്സ് രോഗത്തിനുള്ള ആന്റിറെട്രോ വൈറല്‍ മരുന്നാണ് ഇതില്‍ മുഖ്യം. നിലവില്‍ ഒരുമാസത്തേക്കുള്ള മരുന്നിന് ഇന്ത്യയില്‍ 2500 രൂപ ചെലവ് വരും. എയ്ഡ്സ് രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്ന് വിതരണംചെയ്യുന്നുണ്ട്. ഇന്തോ- ഇയു സ്വതന്ത്ര വ്യാപാര കരാര്‍നിലവില്‍ വന്നാല്‍ മരുന്ന് വില കുത്തനെ ഉയരും. ഇതോടെ സര്‍ക്കാര്‍ സബ്സിഡി തുടരുന്ന കാര്യം സംശയത്തിലാകുകയും ചെയ്യും.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇയു പ്രതിനിധികളും പങ്കെടുത്ത ഏകദിന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചു. സ്വതന്ത്ര വ്യാപാരകരാര്‍ ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് എയ്ഡ്സ് രോഗികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തി. കരാറില്‍ പ്രതിഷേധം അറിയിച്ചുള്ള നിവേദനം ഇയു നേതാക്കള്‍ക്ക് കൈമാറി. രഹസ്യമായാണ് ഇന്തോ-ഇയു സ്വതന്ത്ര വ്യാപാരകരാര്‍ ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷപാര്‍ടികള്‍ ചൂണ്ടിക്കാട്ടി. കരാറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബജറ്റ് സമ്മേളനത്തില്‍ സ്വതന്ത്ര വ്യാപാരകരാര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും ചര്‍ച്ച വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.
(എം പ്രശാന്ത്)

deshabhimani 120212

1 comment:

  1. ജീവന്‍‌രക്ഷാമരുന്നുകളുടെ വില കൂടുമെങ്കിലും ആഢംബരകാറുകളുടെയും മുന്തിയ ഇനം വിദേശ മദ്യത്തിന്റെയും വില കുറയും എന്നത് സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകരും. കൂടിയ ഇനം മദ്യം “രണ്ടെണ്ണം വീശി എല്ലാ ദുഃഖങ്ങളും മറക്കാനും“ ബന്‍സ് കാറില്‍ കിടന്ന് അന്ത്യനിദ്ര കൊള്ളാനും അവര്‍ക്ക് ഇതുവരെ അവസരം ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാന്‍ ഈ കരാറിനു കഴിയും എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

    ReplyDelete