Sunday, February 12, 2012

സംസ്ഥാന സമ്മേളനം - പ്രമേയങ്ങള്‍

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ അണിനിരക്കുക

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും തീവ്രവാദത്തിനുമെതിരായ സമരത്തില്‍ എല്ലാ മതേതര വിശ്വാസികളും മതവിശ്വാസികളും ഒന്നിച്ചണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. യോജിച്ച ജനകീയ പോരാട്ടത്തിലൂടെ മാത്രമേ സമൂഹത്തിന് കൊടുംവിപത്തായി മാറിയ വര്‍ഗീയതയെ ഒറ്റപ്പെടുത്താനാകൂവെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല. അതേസമയം, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും ഏതൊരാള്‍ക്കും സ്വാതന്ത്ര്യം നല്‍കണം. ന്യൂനപക്ഷ വര്‍ഗീയതയും തീവ്രവാദവും പരോക്ഷമായി ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ്. ന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്നുവരേണ്ട നവോത്ഥാന മുന്നേറ്റങ്ങളെ ഇത് തടയുന്നു. കേരളത്തില്‍ എന്‍ഡിഎഫിന്റെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനം ആസൂത്രിതമാണ്. സ്കൂള്‍ കുട്ടികളെ ഉള്‍പ്പെടെ വര്‍ഗീയ ഭ്രാന്തരാക്കുന്ന പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന് നിലക്കൊള്ളുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് മുഖ്യശത്രു സിപിഐ എം ആണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. യുഡിഎഫ് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. ബിജെപിയുമായി രഹസ്യമായും പരസ്യമായും സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് മടിയില്ല. എന്‍ഡിഎഫ്പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് ആരുമായും കൂട്ടുകൂടുകയെന്ന വലതുപക്ഷ ശക്തികളുടെ നിലപാടാണ് കേരളത്തിലെ വര്‍ഗീയതയുടെ വികാസത്തിന് അടിസ്ഥാന രാഷ്ട്രീയ കാരണം. എല്ലാ വര്‍ഗീയവാദവും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. വര്‍ഗീയ ഭീകരവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാലെ കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്താനാകൂ. രാജ്യം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുന്ന നിലപാടുകളാണ് വര്‍ഗീയ ശക്തികള്‍ സ്വീകരിക്കുന്നത്.

രാഷ്ട്രീയ താല്‍പ്പര്യത്തിന് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സമീപനത്തിന്റെ ഫലമായി വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. ഹിന്ദു വര്‍ഗീയതയുടെ ഹിംസാത്മകമായ രീതി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് ന്യൂനപക്ഷങ്ങളില്‍ ഒരു ചെറുവിഭാഗത്തെ ഭീകരവാദപ്രസ്ഥാനത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തത്. സമീപ ദശകങ്ങളില്‍ കേരളത്തില്‍ ജാതീയതയുടെ അതിപ്രസരവും ദൃശ്യമാണ്. വിവിധ സമുദായങ്ങളില്‍ രൂപം കൊള്ളുന്ന പുതിയ സാമ്പത്തികപ്രമാണി വര്‍ഗമാണ് ഈ സംഘടനകളുടെ നേതൃത്വത്തിലുള്ളത്. തങ്ങളുടെ സാമ്പത്തികശേഷിക്കനുസൃതമായ സാമൂഹ്യപദവി നേടിയെടുക്കുന്നതിന് അവര്‍ ജാതി സംഘടനകളെ ഉപയോഗപ്പെടുത്തുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ ആദര്‍ശാത്മക പരിവേഷമണിയാനും ഇത്തരം ജാതി രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ട്. റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥരാണ് പലപ്പോഴും ദളിത് സംഘടനകള്‍ക്ക് നേതൃത്വവും പിന്തുണയും നല്‍കുന്നത്. കോളനികള്‍ കേന്ദ്രീകരിച്ച് ഡിഎച്ച്ആര്‍എം തീവ്രവാദരീതിയിലുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ഇന്നത്തെ ജാതി സംഘടനകള്‍ക്ക് നവോത്ഥാനകാലത്ത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ച കര്‍മകള്‍ ഏറ്റെടുക്കാനാകില്ലെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു.

ജാതി സമുദായ അടിസ്ഥാനത്തിലുള്ള ആചാര്യ മര്യാദകള്‍ അടിസ്ഥാനമാക്കി സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ഗൗരവമായി കാണണമെന്നും മതനിരപേക്ഷവും ജാതിരഹിതവുമായ കേരളം സൃഷ്ടിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ജാഗ്രതപുലര്‍ത്താന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. വര്‍ഗീയതയും ജാതീയതയും നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കാന്‍ പലതരത്തില്‍ ഇടപെടുകയാണ്. മുതലാളിത്തശക്തികള്‍ ഇതിനെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്നു. സാമൂഹ്യമുന്നേറ്റങ്ങളെയും മാനുഷിക ബന്ധങ്ങളെയും തടഞ്ഞുനിര്‍ത്തുന്ന നവോത്ഥാനവിരുദ്ധ ചിന്തകളെ പ്രതിരോധിക്കാനും തൊഴിലാളിവര്‍ഗ സംസ്കാരത്തിന്റെ ചിന്തകള്‍ വളര്‍ത്തിയെടുക്കാനും സമ്മേളനം അഭ്യര്‍ഥിച്ചു.

സാമൂഹ്യപരിഷ്കരണ സന്ദേശം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളെ അതത് വിഭാഗത്തില്‍നിന്ന് രൂപപ്പെട്ടു വന്ന സമ്പന്നവിഭാഗം അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം വിഭാഗങ്ങളെ പ്രോത്സാഹിപ്പിച്ചു. 1959 ല്‍ വിമോചനസമരത്തോടെ ഇത് രാഷ്ട്രീയമണ്ഡലത്തില്‍ കൂടി വ്യാപിക്കുന്ന തരത്തില്‍ വികസിക്കുകയും ചെയ്തു. നവോത്ഥാന പാരമ്പര്യത്തെയും കൂട്ടായ്മകളെയും തിരിച്ചുപിടിക്കുക എന്നത് മര്‍മപ്രധാനമാണ്. ജാതി-മത സ്വത്വങ്ങള്‍ക്ക് അതീതമായി മനുഷ്യരെ മാറ്റിയെടുക്കുക എന്ന കാഴ്ചപ്പാടായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചതെങ്കില്‍ , ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ശാശ്വതമാണെന്നും അതിന്റെ പേരില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ മറ്റുവിഭാഗങ്ങള്‍ക്ക് മനസ്സിലാകില്ലെന്നുമുള്ള ആശയങ്ങളാണ് ഇപ്പോള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. സാമ്രാജ്യത്വശക്തികളാകട്ടെ, സമഗ്രമായ തലത്തില്‍ രൂപപ്പെട്ടു വരുന്ന പ്രതിരോധം ദുര്‍ബലപ്പെടുത്താന്‍ ജനങ്ങളെ ശിഥിലീകരിക്കുന്ന നയം പ്രോത്സാഹിപ്പിച്ചു. നവോത്ഥാന പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഇത്തരത്തിലുള്ള വിഭാഗീയനയങ്ങള്‍ക്കെതിരായി നിലപാടെടുക്കണം. വിവിധ ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയാണ് ഇത്തരം രാഷ്ട്രീയത്തിന് പശ്ചാത്തലമൊരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അത്തരം വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക എന്നത് മര്‍മപ്രധാനമാണെന്നും കാണണം-സമ്മേളനം അഭ്യര്‍ഥിച്ചു.

ആദിവാസി- ദളിത് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം

ആദിവാസികളുടെയും ദളിത് വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുവിലുള്ള വികസനപ്രക്രിയയില്‍ സംസ്ഥാനം കൈവരിച്ച നേട്ടം ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടത്ര ലഭിച്ചിട്ടില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്ലാന്‍ഫണ്ട് ചെലവഴിക്കുന്നതില്‍ സര്‍വകാല റെക്കാര്‍ഡാണ് എല്‍ഡിഎഫ് ഭരണ കാലത്തുണ്ടായത്. ശരാശരി 95 ശതമാനമാണ് ഈ കാലഘട്ടത്തില്‍ ചെലവഴിച്ചതെങ്കില്‍ യുഡിഎഫ് കാലത്ത് ഇത് 72 ശതമാനം മാത്രമാണ്. ഈ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് എല്‍ഡിഎഫ് ഇടപെട്ടു. ഭൂപ്രശ്നം പരിഹരിക്കുന്നതിനും നടപടിയെടുത്തു. കേന്ദ്ര വനാവകാശ നിയമപ്രകാരം 25,000 ആദിവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കി. ഭൂരഹിത-ഭവനരഹിത പട്ടികജാതിക്കാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ നിയമിച്ചു. ഇന്ത്യയില്‍ ആദ്യമായി പട്ടികവിഭാഗങ്ങള്‍ക്ക് കടാശ്വാസപദ്ധതി, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം കാലതാമസമില്ലാതെ എടിഎം വഴി ലഭ്യമാക്കല്‍ , ആദിവാസികള്‍ക്ക് ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര ആരോഗ്യപദ്ധതി തുടങ്ങിയവ ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ആദിവാസികള്‍ക്കുള്ള സമഗ്ര ആരോഗ്യപദ്ധതി അട്ടിമറിച്ചു. ചില വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റില്‍നിന്നുതന്നെ നീക്കുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ . ഇതു ചെറുക്കണം.

അധികാരവികേന്ദ്രീകരണം അട്ടിമറിക്കരുത്

അധികാരവികേന്ദ്രീകരണം അട്ടിമറിച്ച് പ്രാദേശിക സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സ്വയംഭരണ സംവിധാനങ്ങളാക്കി മാറ്റിയത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. എന്നാല്‍ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം അധികാരവികേന്ദ്രീകരണ പ്രക്രിയ അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്തത്. അധികാരവികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കുന്നതിനായി ആവിഷ്കരിച്ച വിവിധപരിപാടികള്‍ മുന്‍ യുഡിഎഫ് സര്‍കാര്‍ അട്ടിമറിച്ചു. ജനപങ്കാളിത്തം ദുര്‍ബലപ്പെട്ടു. അഴിമതി വ്യാപകമായി. ജിആര്‍ഡിഎ നിര്‍ത്തലാക്കി ഗ്രാമവികസന വകുപ്പിനെ പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലയിപ്പിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടം. എന്നാല്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ ഗ്രാമവികസന വകുപ്പിനെ മാത്രമല്ല, പഞ്ചായത്തുകളെയും നഗരസഭകളെയും തമ്മില്‍ വേര്‍പെടുത്തി. ഏകീകൃത കേഡര്‍ നയം ഉപേക്ഷിച്ചു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ അന്തഃസത്തയെ വെല്ലുവിളിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി നടത്തിപ്പ് വ്യാപകമാക്കുന്ന യുഡിഎഫ് സമീപനത്തിനെതിരെ പ്രതിഷേധം ഉയരണം-സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.

കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക

ലോകത്തിനാകെ മാതൃകയായ കുടുംബശ്രീ സംവിധാനം തകര്‍ക്കാനുള്ള യുഡിഎഫ് നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കുടുംബശ്രീയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിവിധങ്ങളായ പദ്ധതികളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഉല്‍പ്പാദന യൂണിറ്റുകള്‍ ഏകോപിപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനുളള വിപണനമേളകള്‍ ഒരുക്കുന്നതിനും തയ്യാറായി. കുടുംബശ്രീയുടെ സ്വയംഭരണം ഉറപ്പാക്കി. ചിട്ടയായും നിഷ്പക്ഷമായും തെരഞ്ഞെടുപ്പ് നടത്തി. സര്‍ക്കാര്‍ സബ്സിഡിയുടെ അടിസ്ഥാനത്തില്‍ നാല് ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ ഉറപ്പാക്കി. 1999 മുതല്‍ 2006 വരെ ഏതാണ്ട് 50 കോടി രൂപയാണ് കുടുംബശ്രീ വഴി ആകെ ചെലവാക്കിയത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ മാത്രം 370 കോടി രൂപ ചെലവാക്കി.

ഇപ്പോള്‍ യുഡിഎഫ് അധികാരത്തില്‍വന്നതോടെ കുടുംബശ്രീയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നിരവധി തവണ മാറ്റി അട്ടിമറിക്കാന്‍ ശ്രമിച്ചു. അയല്‍ക്കൂട്ടങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെ വിഭജിച്ച് അനര്‍ഹരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെയും വനിതാസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കുടുംബശ്രീക്ക് സമാന്തരമായി കോണ്‍ഗ്രസിന്റെ പോക്കറ്റ് സംഘടനയായ ജനശ്രീയെ കൊണ്ടുവരാന്‍ ശ്രമിക്കയാണ്. കുടുംബശ്രീക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ 50 കോടി രൂപ കുറവുവരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ , ഈ പണം ജനശ്രീയെ ഏല്‍പ്പിക്കാന്‍ കരുക്കള്‍ നീക്കുകയാണ്. പുതുതായി ആരംഭിക്കുന്ന നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ ഗ്രാമവികസന വകുപ്പിന്റെ കീഴിലാക്കി ജനശ്രീയെ ഏല്‍പ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് ഇതുവഴി നടക്കുക.

തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കുടുംബശ്രീയുടെ നേതൃപരമായ പങ്കും ഉപേക്ഷിക്കാനുള്ള നീക്കമുണ്ട്. നാലുശതമാനം പലിശയ്ക്ക് വായ്പ എന്ന സ്കീം ഉപേക്ഷിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ പലിശ ബാങ്കുകള്‍ക്കു കൈമാറാത്തതിനെ തുടര്‍ന്ന് 9-12 ശതമാനം പലിശയ്ക്കാണ് ഇപ്പോള്‍ ബാങ്കുകള്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കുന്നത്. നബാര്‍ഡ് സന്നദ്ധസംഘടനകള്‍ക്കു നല്‍കുന്ന ധനസഹായവും കുടുംബശ്രീ്ക്ക് ഇപ്പോള്‍ നല്‍കുന്നില്ല. കുടുംബശ്രീ അംഗങ്ങളെ ജനശ്രീയിലും മറ്റും ചേര്‍ന്ന് ഇരട്ട അംഗത്വം സാര്‍വത്രികമാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന കുടുംബശ്രീവിരുദ്ധ നയം അവരെ അതിവേഗം സ്ത്രീകളില്‍നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ രാഷ്ട്രീയവൈരാഗ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ കടന്നാക്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് വിപുലമായ പ്രചാരണം നടത്തുകയും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ ഒട്ടേറെ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 120212

2 comments:

  1. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും തീവ്രവാദത്തിനുമെതിരായ സമരത്തില്‍ എല്ലാ മതേതര വിശ്വാസികളും മതവിശ്വാസികളും ഒന്നിച്ചണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. യോജിച്ച ജനകീയ പോരാട്ടത്തിലൂടെ മാത്രമേ സമൂഹത്തിന് കൊടുംവിപത്തായി മാറിയ വര്‍ഗീയതയെ ഒറ്റപ്പെടുത്താനാകൂവെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.

    ReplyDelete
  2. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ അടിയന്തരനടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ അതിക്രമം വര്‍ധിക്കുന്നത് സമൂഹത്തിന്റെ തകരുന്ന മാനസികാരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പെണ്‍വാണിഭക്കേസുകളും ലൈംഗികാതിക്രമങ്ങളും സമയബന്ധിതമായി അന്വേഷിക്കാനും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും പ്രത്യേക അന്വേഷണസംവിധാനം രൂപീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീധനമെന്ന സാമൂഹ്യതിന്മയും മദ്യപാനവും എല്ലാ മനുഷ്യബന്ധങ്ങളെയും കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത ചൂഷണ വ്യവസ്ഥയുമാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമം വേണം. സ്ത്രീകള്‍ക്കു നേരെ അതിക്രമം വര്‍ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു. സൗമ്യ കേസില്‍ കുറ്റവാളി ശിക്ഷിക്കപ്പെട്ടെങ്കിലും സ്ത്രീയാത്രക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ റെയില്‍വെയോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ള പുതിയ സാങ്കേതികവിദ്യ പെണ്‍വാണിഭങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നത് വ്യാപകമാണ്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ പെണ്‍വാണിഭക്കേസുകളുടെ അന്വേഷണം പലതരത്തില്‍ അട്ടിമറിക്കുന്നു. ഐസ്ക്രീം കേസ് അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം യുഡിഎഫ് അട്ടിമറിച്ചത് സമ്മേളനം ചൂണ്ടിക്കാട്ടി.

    ReplyDelete