Sunday, February 12, 2012

കൊല്ലം നഗരം ചെങ്കടലായി


നഗരത്തിന്റെ രാജവീഥിയില്‍ ചുവപ്പിന്റെ മഹാപ്രവാഹം. സിപിഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചുവപ്പുസേനാ പരേഡും ബഹുജന റാലിയും പ്രക്ഷോച്ചൂടില്‍ ഉരുകിത്തെളിഞ്ഞ കൊല്ലത്തിന്റെ മണ്ണിനെ വീണ്ടും ചുവപ്പിച്ചു. ആശ്രാമം മൈതാനിയില്‍നിന്ന് ശനിയാഴ്ച പകല്‍ 3.35ന് ചുവപ്പുസേനാ പരേഡ് ആരംഭിച്ചു. ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ സംസ്ഥാന വളന്റിയര്‍ ക്യാപ്റ്റന്‍ രമേശിന് ചുവപ്പു പതാക കൈമാറി. 30 വളന്റിയര്‍മാര്‍ അണിനിരന്ന പ്ലാറ്റൂണുകളായി ചിട്ടയോടെ ചുവടുവച്ചുനീങ്ങിയ പരേഡില്‍ പതിനായിരത്തോളം സേനാംഗങ്ങള്‍ അണിനിരന്നു. ചിന്നക്കട, ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്‍വഴി ദേശീയപാതയിലൂടെ ചുവപ്പുനദിപോലെ പൊതുസമ്മേളന നഗരിയായ കന്റോണ്‍മെന്റ് മൈതാനിയിലേക്ക് ഒഴുകിയെത്തി. ആദ്യ പ്ലാറ്റൂണ്‍ സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ സമയം 5.35.

എ ബി ബര്‍ദന്‍ , ഡെപ്യൂട്ടി സെക്രട്ടറി സുധാകര്‍ റെഡ്ഡി, സി ദിവാകരന്‍ , പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ തുറന്ന ജീപ്പില്‍ പരേഡിനെ അനുഗമിച്ചു. ചുവപ്പുസേനയ്ക്ക് പിന്നിലായി ആശ്രാമം മൈതാനം, ശങ്കേഴ്സ് ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്ന് ബഹുജന മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് ചിന്നക്കട ഓവര്‍ബ്രിഡ്ജ് വഴി കന്റോണ്‍മെന്റ് മൈതാനിയില്‍ എത്തി. പാര്‍വതിമില്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ ആശുപത്രി, ചാമക്കട, മെയിന്‍റോഡ്, ചിന്നക്കടവഴിയും സമ്മേളന നഗരിയില്‍ എത്തി. എന്‍ അനിരുദ്ധന്‍ , പി എസ് സുപാല്‍ , ജി ലാലു, ജി എസ് ജയലാല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി. ചുവപ്പുസേനാ പരേഡും ബഹുജന മാര്‍ച്ചും സമ്മേളന നഗരിയില്‍ എത്തിയതോടെ പൊതുസമ്മേളനം ആരംഭിച്ചു. എ ബി ബര്‍ദന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പാര്‍ടി കോണ്‍ഗ്രസിനെ അനുസ്മരിച്ച് 21 കതിനാവെടികള്‍ മുഴങ്ങി. തുടര്‍ന്ന് സമ്മേളനം എ ബി ബര്‍ദന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനസെക്രട്ടറി സി കെ ചന്ദ്രപ്പന്‍ അധ്യക്ഷനായി. സി ദിവാകരന്‍ സ്വാഗതം പറഞ്ഞു. സുധാകര്‍ റെഡ്ഡി, ആനി രാജ, കെ ഇ ഇസ്മയില്‍ , പന്ന്യന്‍ രവീന്ദ്രന്‍ , സി എന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

സിപിഐ സംസ്ഥാന സെക്രട്ടറിയായി സി കെ ചന്ദ്രപ്പനെ വീണ്ടും തെരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന കൗണ്‍സിലിലേക്ക് ഒമ്പത് കാന്‍ഡിഡേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. കൗണ്‍സിലിലെ 19പേര്‍ പുതുമുഖങ്ങളാണ്. അത്രയും പേരെ നിലവിലെ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. 11 വനിതകളാണ് സമിതിയിലുള്ളത്. 2010 നവംബര്‍ 14ന് വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് ചന്ദ്രപ്പന്‍ ആദ്യം സംസ്ഥാനസെക്രട്ടറിയായത്.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കു വന്ന ചന്ദ്രപ്പന്‍ "വയലാര്‍ സ്റ്റാലിന്‍" എന്നറിയപ്പെടുന്ന വയലാര്‍ സമരനായകന്‍ സി കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. 1936 നവംബര്‍ 11ന് ജനനം. എറണാകുളം മഹാരാജാസ് കോളജിലും ചിറ്റൂര്‍ ഗവ. കോളജിലുമായി ബിരുദപഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. 1956ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. എഐഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ്, എഐവൈഎഫ് ജനറല്‍സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ നിരവധി വിദ്യാര്‍ഥി-യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. തലശേരി(1971) കണ്ണൂര്‍(1977) തൃശൂര്‍(2005) എന്നിവിടങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലെത്തി. പ്രഭാത് ബുക്ക്ഹൗസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1970 മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും നിലവില്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമാണ്. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റായിരുന്നു. സിപിഐ നേതാവ് ബുലാറോയ് ചൗധരിയാണ് ഭാര്യ.

സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം ശക്തമാക്കും: സിപിഐ

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ- വികസന പദ്ധതികള്‍ തകര്‍ത്ത് ജനങ്ങള്‍ക്കുമേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരായ എല്‍ഡിഎഫ് പ്രക്ഷോഭത്തില്‍ അണിചേരാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സിപിഐ സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു. ജനകീയ അടിത്തറ വിപുലമാക്കി എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

60 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി അട്ടിമറിച്ചു. പദ്ധതിയുടെ ഗുണം കേവലം 18 ലക്ഷംപേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടെ പൊതുവിതരണ സംവിധാനം താറുമാറാകും. നഗര പ്രദേശത്തെ പാവപ്പെട്ടവര്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതി ഉപേക്ഷിച്ചു. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരു മാസത്തെ പ്രസവാനുകൂല്യവും നവജാത ശിശുക്കളുടെ പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയും ഉപേക്ഷിച്ചു. നെല്‍ സംഭരണം മന്ദഗതിയിലാക്കി. ജപ്തിനടപടികള്‍ വ്യാപകമാക്കിയതോടെ കര്‍ഷക ആത്മഹത്യ പെരുകി. എല്‍ഡിഎഫ് ഭരണത്തില്‍ പത്തിമടക്കിയ ഭൂമാഫിയകളും വനം കൈയേറ്റക്കാരും വീണ്ടും ശക്തിപ്രാപിച്ചു. ബസ് ചാര്‍ജ് കൂട്ടിയും വൈദ്യുതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയും ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇപ്പോള്‍ വെള്ളക്കരം കൂട്ടാനും നീക്കം തുടങ്ങി. കേന്ദ്രത്തിന്റെ നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ അതേപടി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ തകര്‍ത്ത് വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ രംഗത്തും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. വന്‍കിട മുതലാളിമാരും ഉദ്യോഗസ്ഥ മേധാവികളും വലതുപക്ഷ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന അവിശുദ്ധസഖ്യം ഭരണം നിയന്ത്രിക്കുന്നു. ഇത്തരം ജനവിരുദ്ധ നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള പ്രക്ഷോഭം ശക്തമാക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കും: എ ബി ബര്‍ദന്‍

ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ ജനറല്‍സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കേന്‍ാണ്‍മെന്റ് മൈതാനിയിലെ പി എ സോളമന്‍ നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നയങ്ങളാണ് അവര്‍ നടപ്പാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ വിപുലമാകണം. എല്‍ഡിഎഫിലെ കക്ഷിയെന്ന നിലയില്‍ സിപിഐയുടെ ജനകീയാടിത്തറയും ശക്തമാകേണ്ടതുണ്ട്. ജനപിന്തുണ കൂടുതല്‍ ആര്‍ജിക്കാനുള്ള തീരുമാനങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കി. എല്ലാ കമ്യൂണിസ്റ്റ് പാര്‍ടികളെയും ഇടതുശക്തികളെയും യോജിപ്പിച്ച് എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാക്കണം. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് മാര്‍ച്ച് അവസാനം പട്നയില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് രൂപംനല്‍കും. തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള അധ്വാനവര്‍ഗത്തിന്റെ ക്ഷേമത്തിന് പ്രാമുഖ്യംനല്‍കുന്ന സോഷ്യലിസത്തില്‍ അധിഷ്ടിതമായ സാമൂഹിക വ്യവസ്ഥയാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ലക്ഷ്യമെന്നും ബര്‍ദന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ അധ്യക്ഷനായി.


എല്‍ഡിഎഫ് ശക്തിപ്പെടുത്തണം: സി കെ ചന്ദ്രപ്പന്‍

വിട്ടുപോയവരെയും പുതിയവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്ത സി കെ ചന്ദ്രപ്പന്‍ . വിട്ടുപോയവരെ തിരികെ കൊണ്ടുവരുന്ന കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. എന്നാല്‍ , ഈ പ്രശ്നത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാന്‍ സിപിഐ ശ്രമിക്കില്ല- അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്ന്സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഇത് നൂറുശതമാനം ശരിയാണ്. വിട്ടുപോയ കക്ഷികള്‍ അവരുടെ തെറ്റുതിരുത്തേണ്ടതല്ലേ എന്നു ചോദിച്ചപ്പോള്‍ അക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യേണ്ടതാണെന്നായിരുന്നു മറുപടി. വിവിധ കക്ഷികളുടെ മുന്നണിയായ എല്‍ഡിഎഫിന് നേതാവില്ല. എല്ലാ കക്ഷികള്‍ക്കും മുന്നണിയില്‍ തുല്യസ്ഥാനമാണ് ഉള്ളത്. ചിലപ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. അത്തരം ഘട്ടങ്ങളില്‍ മാന്യമായ ഭാഷ ഉപയോഗിക്കണം. സംസ്കാരം നിറഞ്ഞ സമീപനം ഉണ്ടാകണം.

കൊല്ലത്തു ചേര്‍ന്ന സിപിഐ സംസ്ഥാനസമ്മേളനം പുതിയൊരു കേരളത്തിനുവേണ്ടി പോരാടാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് പാര്‍ടി നേതൃത്വം നല്‍കും. പാര്‍ടിയുടെ ഐക്യവും കെട്ടുറപ്പും ഊട്ടിയുറപ്പിക്കുന്നതായി സമ്മേളനം. സമ്മേളനത്തില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നു തുടങ്ങുംമുമ്പുതന്നെ ചിലര്‍ പ്രചരിപ്പിച്ചു. അതൊന്നും ഉണ്ടായില്ല. വിഭാഗീയതയോ വഴക്കോ സമ്മേളനത്തില്‍ ഉണ്ടായില്ല.

സിപിഐ എം സംസ്ഥാന സമ്മേളനത്തെക്കുറിച്ചു താന്‍ നടത്തിയ അഭിപ്രായപ്രകടനം അപ്പോഴത്തെ സാഹചര്യത്തിലായിരുന്നു. അക്കാര്യത്തില്‍ വിശദീകരണം നല്‍കി. ഇനി അതുസംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ , അന്ത്യത്താഴ ചിത്രം മോര്‍ഫ് ചെയ്തുവച്ചതു ശരിയായില്ല. അതുസംബന്ധിച്ച് സിപിഐ എം നടപടിയെടുത്തതും നന്നായി. സിപിഐ എം സമ്മേളനനടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചെന്നു പറഞ്ഞത് ഏതുസാഹചര്യത്തിലാണെന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി.

deshabhimani 120212

1 comment:

  1. നഗരത്തിന്റെ രാജവീഥിയില്‍ ചുവപ്പിന്റെ മഹാപ്രവാഹം. സിപിഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചുവപ്പുസേനാ പരേഡും ബഹുജന റാലിയും പ്രക്ഷോച്ചൂടില്‍ ഉരുകിത്തെളിഞ്ഞ കൊല്ലത്തിന്റെ മണ്ണിനെ വീണ്ടും ചുവപ്പിച്ചു. ആശ്രാമം മൈതാനിയില്‍നിന്ന് ശനിയാഴ്ച പകല്‍ 3.35ന് ചുവപ്പുസേനാ പരേഡ് ആരംഭിച്ചു. ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ സംസ്ഥാന വളന്റിയര്‍ ക്യാപ്റ്റന്‍ രമേശിന് ചുവപ്പു പതാക കൈമാറി. 30 വളന്റിയര്‍മാര്‍ അണിനിരന്ന പ്ലാറ്റൂണുകളായി ചിട്ടയോടെ ചുവടുവച്ചുനീങ്ങിയ പരേഡില്‍ പതിനായിരത്തോളം സേനാംഗങ്ങള്‍ അണിനിരന്നു. ചിന്നക്കട, ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്‍വഴി ദേശീയപാതയിലൂടെ ചുവപ്പുനദിപോലെ പൊതുസമ്മേളന നഗരിയായ കന്റോണ്‍മെന്റ് മൈതാനിയിലേക്ക് ഒഴുകിയെത്തി. ആദ്യ പ്ലാറ്റൂണ്‍ സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ സമയം 5.35.

    ReplyDelete