നേഴ്സുമാരെ അടിമകളായിക്കാണുന്ന നിലപാടാണ് മാനേജ്മെന്റിന്റേതെന്ന് സമരസമിതി ആരോപിച്ചു. പ്രവൃത്തിപരിചയമനുസരിച്ച് വേതനവ്യവസ്ഥ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. നേഴ്സുമാരുടെ പ്രതിനിധിയായ ബിപിന്‍ ജോസഫ്, സമരസഹായസമിതി അംഗങ്ങളായ സി കെ വര്‍ഗീസ്, മനോജ് മനനേക്കര, നിബു ജോസഫ്, എം എസ് രാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലേക്ഷോറിലെ നേഴ്സുമാര്‍ക്ക് മന്ത്രി ബാബുവിന്റെ പരിഹാസം
കൊച്ചി: ലേക്ഷോര്‍ ആശുപത്രിയില്‍ സമരം തുടരുന്ന നേഴ്സുമാര്‍ക്ക് മന്ത്രി കെ ബാബുവിന്റെ പരിഹാസം. സമരക്കാരെ സന്ദര്‍ശിച്ച് മന്ത്രി വിവരങ്ങള്‍ ആരായണമെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അഭ്യര്‍ഥിച്ചപ്പോഴാണ് മന്ത്രി പരിഹാസം ചൊരിഞ്ഞത്. ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നേഴ്സാണ് സമരം തുടങ്ങി നാലാം ദിവസം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ വിളിച്ചത്. മന്ത്രിയെന്നനിലയില്‍ പരിമിതികളുണ്ടെന്നും സമരക്കാരെ സന്ദര്‍ശിക്കാനാവില്ലെന്നുമുള്ള പരുക്കന്‍ മട്ടിലുള്ള മറുപടിയാണ് ബാബു നല്‍കിയത്. തുടര്‍ദിവസങ്ങളില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും മന്ത്രി ഷിബു ബേബിജോണും നേഴ്സുമാരെ സന്ദര്‍ശിച്ചു. വീണ്ടും മന്ത്രിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ "ഞാന്‍ മന്ത്രിയാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് ചില പരിമിതികളുണ്ട്. ആദ്യം പോയി അതിന്റെ നിയമം പഠിക്ക്. എന്നിട്ടു വേണം വിളിക്കാന്‍" എന്നായിരുന്നു പ്രതികരണം. ആലപ്പുഴ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളായ നേഴ്സാണ് മന്ത്രിയെ വിളിച്ചത്.
തീരുമാനമായില്ല; കോലഞ്ചേരിയിലും ലേക്ഷോറിലും സമരം തുടരും
കൊച്ചി/ആലുവ: കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലേക്ഷോര്‍ ആശുപത്രിയിലും നേഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായില്ല. കോലഞ്ചേരി പ്രശ്നം ചര്‍ച്ചചെയ്യാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ആലുവ പാലസിലും ലേക്ഷോര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ അഡീഷണല്‍ ലേബര്‍ കമീഷണര്‍ ടോണി വിന്‍സന്റിന്റെ നേതൃത്വത്തില്‍ വൈറ്റ്ഫോര്‍ട്ട് ഹോട്ടലിലുമായിരുന്നു ചര്‍ച്ചകള്‍ .
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രശ്നം അവസാനിപ്പിക്കാന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനും നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷനും മുന്നില്‍ മന്ത്രി നിര്‍ദേശം സമര്‍പ്പിച്ചു. ഇതനുസരിച്ച് പുതുതായി ചേര്‍ന്നവര്‍ക്ക് മിനിമം വേതനമായി 8400 രൂപ നല്‍കണം. ഒരുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 10,000 രൂപയെങ്കിലും മിനിമം വേതനമായി നല്‍കിയിരിക്കണം. ഇരുഭാഗവും 24 മണിക്കൂറിനകം തീരുമാനം അറിയിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ തീരുമാനം ലേബര്‍കോടതിയുടെ പരിധിക്കു വിടുമെന്നും മന്ത്രി പറഞ്ഞു.
ലേക്ഷോര്‍ ആശുപത്രിയിലെ പ്രശ്നം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഷിബു ബേബിജോണ്‍ പങ്കെടുത്തില്ല. മിനിമം വേതനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇവിടെ പ്രശ്ന പരിഹാരത്തിനു തടസ്സമായത്. തുടക്കക്കാര്‍ക്ക് 10,000 രൂപയും മറ്റുള്ളവര്‍ക്ക് ജോലിയിലെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 14,750 രൂപവരെയും മിനിമം വേതനം നല്‍കണമെന്നാണ് നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലേക്ഷോര്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ചര്‍ച്ച ഞായറാഴ്ചയും തുടരും.
deshabhimani 120212
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സംയുക്ത സമരസഹായസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോലഞ്ചേരിയിലെ വിവിധ രാഷ്ട്രീയപാര്‍ടികളും പൂതൃക്ക, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ന്നു രൂപീകരിച്ച സംയുക്ത സമരസഹായസമിതി ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചു. നേഴ്സുമാരുടെ അവകാശങ്ങള്‍ അംഗീകരിക്കാനും ചര്‍ച്ചചെയ്യാനും തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഞായറാഴ്ച പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളില്‍ വാഹനപ്രചാരണജാഥയും വിശദീകരണയോഗവും നടത്തും.
ReplyDelete