Monday, March 5, 2012

പ്രതിരോധമന്ത്രാലയ ചോര്‍ത്തല്‍ : ഉപകരണം വച്ചത് 2 കാറില്‍

പ്രതിരോധമന്ത്രാലയത്തിനും പ്രതിരോധമന്ത്രിയുടെ വീടിനുമടുത്ത് നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ വാഹനങ്ങളിലാണ് രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു രഹസ്യവും ചോര്‍ന്നിട്ടില്ലെന്ന് മന്ത്രിയും പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിച്ച് അവകാശപ്പെട്ടെങ്കിലും ഗുരുതരമായ വീഴ്ചകളുടെ വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്.

അടുത്തയിടെ സൈന്യത്തിനു വേണ്ടി ഇറക്കുമതിചെയ്ത ഉപകരണം സ്വകാര്യവ്യക്തികളുടെ പക്കലും ഉണ്ടാവാമെന്ന് ആശങ്കയുണ്ട്. രാജസ്ഥാന്‍ രജിസ്ട്രേഷനുള്ള ടാറ്റ സഫാരി കാറിലും ഡല്‍ഹി രജിസ്ട്രേഷനുള്ള മാരുതി എസ്റ്റീം കാറിലുമാണ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന ആശയവിനിമയങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ളതാണ് ഉപകരണം. കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ ജനനത്തീയതി വിവാദം കൊടുമ്പിരിക്കൊണ്ട വേളയില്‍ കഴിഞ്ഞ മാസമാണ് ഉക്രെയ്നില്‍ നിന്ന് ഉപകരണം സേനാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഉപകരണങ്ങള്‍ വച്ച കാറുകള്‍ പ്രതിരോധ മന്ത്രാലയത്തിനും മന്ത്രി എ കെ ആന്റണിയുടെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വീടിനുമിടയിലുള്ള സ്ഥലങ്ങളിലാണ് പാര്‍ക്കുചെയ്തിരുന്നത്. രണ്ട് വാഹനവും കൃഷ്ണമേനോന്‍ മാര്‍ഗിലും കുശക് റോഡിലും സ്ഥിരമായി പാര്‍ക്കു ചെയ്തിരുന്നുവെന്ന് മിലിട്ടറി ഇന്റലിജന്റ്സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഉപകരണങ്ങള്‍ എത്രയെണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കാന്‍ കസ്റ്റംസിനോടും സ്വകാര്യ വ്യക്തികളടക്കം ആരൊക്കെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് അന്വേഷിക്കാന്‍ ഇന്റലിജന്റ്സ് ബ്യൂറോയോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളല്ലാത്തവ ഉടന്‍ അവ തിരിച്ചേല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ , രഹസ്യമായി ഇത് ഉപയോഗിക്കുന്നവര്‍ ഇതനുസരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. സൈനിക ആവശ്യങ്ങള്‍ക്ക് ഡിഫന്‍സ് ഇന്റലിജന്റ്സ് ഏജന്‍സിയും സിഗ്നല്‍ ഇന്റലിജന്റ്സും മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. സിഗ്നല്‍ ഇന്റലിജന്റ്സിന് ജമ്മു കശ്മീര്‍ , അസം, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍മാത്രമേ ഈ ഉപകരണം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഡല്‍ഹിയില്‍ അവര്‍ ഈ ഉപകരണം ഉപയോഗിക്കാന്‍ പാടില്ല. നിയമവിരുദ്ധമായി ഈ ഉപകരണം പ്രതിരോധമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിച്ചുവെന്നത് അതീവ ഗുരുതര പാളിച്ചയാണ്. അന്വേഷണത്തിലൂടെ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പൂഴ്ത്തിവയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം.
(വി ജയിന്‍)

deshabhimani 050312

1 comment:

  1. പ്രതിരോധമന്ത്രാലയത്തിനും പ്രതിരോധമന്ത്രിയുടെ വീടിനുമടുത്ത് നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ വാഹനങ്ങളിലാണ് രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു രഹസ്യവും ചോര്‍ന്നിട്ടില്ലെന്ന് മന്ത്രിയും പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിച്ച് അവകാശപ്പെട്ടെങ്കിലും ഗുരുതരമായ വീഴ്ചകളുടെ വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്.

    ReplyDelete