Monday, March 5, 2012

കേരളത്തില്‍ 31 വനിതാ ആര്‍പിഎഫുകാര്‍മാത്രം

ട്രെയിനില്‍ സ്ത്രീയാത്രക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍വര്‍ധിക്കുമ്പോഴും കേരളത്തില്‍ ആകെയുള്ളത് 31 വനിതാ ആര്‍പിഎഫുകാര്‍ . സ്ത്രീകള്‍ക്കെതിരെ യാത്രക്കാരുടെയും ടിടിഇമാരുടെയും ഭാഗത്തുനിന്ന് കൈയേറ്റം പെരുകുമ്പോഴും പേരിനുപോലും വനിതാ സുരക്ഷാ ജീവനക്കാരില്ലാത്തത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ട്രെയിനുകളില്‍ സുരക്ഷാജീവനക്കാരെ നിയമിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും പരസ്പരം പഴിചാരുന്നതല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല.

തിരുവനന്തപുരം ഡിവിഷനില്‍ 19 വനിതാ ആര്‍പിഎഫുകാരും പാലക്കാട് ഡിവിഷനില്‍ 12 പേരുമാണ് നിലവിലുള്ളത്. ഇവരില്‍ എട്ടുപേരെ കഴിഞ്ഞമാസം മാത്രമാണ് നിയമിച്ചത്. ട്രെയിനില്‍ നിരന്തരം യാത്രചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ മതിയായ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന് സ്ത്രീസംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ റെയില്‍വേ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. മൂന്നുമാസത്തിനിടെ യാത്രക്കാരുടെ 87 പരാതിയാണ് തിരുവനന്തപുരം ഡിവിഷനില്‍മാത്രം രജിസ്റ്റര്‍ചെയ്തത്. ഇതില്‍ ഏറിയ പങ്കും സ്ത്രീയാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനുള്ള പരാതിയാണ്. തിരുവനന്തപുരം ഡിവിഷനില്‍ നിലവില്‍ 460 ആര്‍പിഎഫുകാരാണുള്ളത്. എല്ലാ ട്രെയിനിലും മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെങ്കില്‍ കുറഞ്ഞത് 600 പേരെങ്കിലും വേണം. ഏതാനും മാസംമുമ്പ് ദക്ഷിണ റെയില്‍വേയിലെ 1600 ആര്‍പിഎഫ് ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരുന്നു. പരീക്ഷ നടത്തി എട്ടു മാസത്തെ പരിശീലനവും കഴിഞ്ഞാലെ ഇവരെ ജോലിക്ക് നിയമിക്കാനാകൂ.

സൗമ്യയുടെ മരണത്തിനുശേഷം പ്രതിഷേധം ശക്തമായതിനാല്‍ രാത്രികാലങ്ങളില്‍ വനിതാ കമ്പാര്‍ട്മെന്റുകളോട് ചേര്‍ന്നുള്ള കോച്ചുകളില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ നിയോഗിച്ചിരുന്നു. എറണാകുളം- തൃശൂര്‍ റൂട്ടില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സ്ക്വാഡ്പട്രോളിങ്ങും നടത്തിയിരുന്നു. എന്നാല്‍ , സംഭവത്തിന്റെ ചൂടാറിയതോടെ സ്ക്വാഡ് പട്രോളിങ്ങും നിലച്ചു. ട്രെയിനുകളിലെ ക്രമസമാധാനത്തിന്റെയും കേസുകളുടെ അന്വേഷണത്തിന്റെയും ചുമതല സംസ്ഥാന റെയില്‍വേ പൊലീസിനാണെന്ന് ദക്ഷിണ റെയില്‍വേ ചീഫ് സെക്യൂരിറ്റി കമീഷണര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ , ട്രെയിനുകളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കണമെങ്കില്‍ റെയില്‍വേ യാത്രാപാസ് അനുവദിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും ഡിജിപിയും റെയില്‍വേ ദക്ഷിണ മേഖലാ മാനേജര്‍ക്ക് കത്ത് നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. പാസ് അനുവദിച്ചില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയ്ക്ക് മറ്റു നടപടികളൊന്നും കൈക്കൊള്ളുന്നുമില്ല. സീസണ്‍ ടിക്കറ്റ് നല്‍കിയായാലും പൊലീസുകാരെ വണ്ടികളില്‍ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

എല്ലാ പ്രശ്നത്തിനും കാരണം യാത്രക്കാരുടെ മദ്യപാനമാണെന്ന് വരുത്തിത്തീര്‍ത്ത് ദ്രോഹിക്കുന്നതൊഴിച്ചാല്‍ ആര്‍പിഎഫ് ഒന്നും ചെയ്യുന്നില്ല. യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഊതിപ്പിക്കുന്ന പരിപാടിമാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. കഴുകുകപോലും ചെയ്യാതെ ആയിരക്കണക്കിന് യാത്രക്കാരുടെ വായില്‍ ഒരേപൈപ്പ് വയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നവും സൃഷ്ടിക്കും
(സുമേഷ് കെ ബാലന്‍)

deshabhimani 050312

1 comment:

  1. ട്രെയിനില്‍ സ്ത്രീയാത്രക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍വര്‍ധിക്കുമ്പോഴും കേരളത്തില്‍ ആകെയുള്ളത് 31 വനിതാ ആര്‍പിഎഫുകാര്‍ . സ്ത്രീകള്‍ക്കെതിരെ യാത്രക്കാരുടെയും ടിടിഇമാരുടെയും ഭാഗത്തുനിന്ന് കൈയേറ്റം പെരുകുമ്പോഴും പേരിനുപോലും വനിതാ സുരക്ഷാ ജീവനക്കാരില്ലാത്തത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ട്രെയിനുകളില്‍ സുരക്ഷാജീവനക്കാരെ നിയമിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും പരസ്പരം പഴിചാരുന്നതല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല.

    ReplyDelete