Monday, March 5, 2012

സാമ്രാജ്യത്വത്തിനുമുന്നില്‍ ക്രുഷ്ചേവ് നല്ലപിള്ള ചമഞ്ഞു: വി എസ്

പി എം ആന്റണി ഫൗണ്ടേഷന്‍ യാഥാര്‍ഥ്യമായി

ആലപ്പുഴ: ജനകീയ നാടകകൃത്തും അക്കാദമി അവാര്‍ഡ് ജേതാവും സംവിധായകനുമായിരുന്ന പി എം ആന്റണിയുടെ സ്മരണയ്ക്കായി രൂപീകരിച്ച പി എം ആന്റണി ഫൗണ്ടേഷന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. പണത്തിനും പ്രതാപത്തിനുംവേണ്ടി സാമൂഹ്യതിന്മകള്‍ക്കെതിരെ മൗനംപാലിക്കാന്‍ തയ്യാറാകാത്ത നാടകകാരനായിരുന്നു പി എം ആന്റണിയെന്ന് വിഎസ് പറഞ്ഞു. ചൂഷണത്തിനും മത യാഥാസ്ഥിതികത്വത്തിനും അന്ധവിശ്വാസത്തിനുമെതിരെ അരങ്ങിലും സമുഹത്തിലും ഒരുപോലെ അദ്ദേഹം പോരാടിയെന്നും വിഎസ് അനുസ്മരിച്ചു. ഞായറാഴ്ച ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ചടങ്ങില്‍ ദേവദത്ത് ജി പുറക്കാട് അധ്യക്ഷനായി. പി എം ആന്റണി രചിച്ച സ. സ്റ്റാലിന്‍ എന്ന നാടകഗ്രന്ഥം സൂര്യകാന്തി തീയറ്റേഴ്സ് അശോകന് നല്‍കി വി എസ് അച്യുതാനന്ദന്‍ പ്രകാശനംചെയ്തു. സ്മരണിക പ്രകാശനം പ്രൊഫ. എം കെ സാനു നിര്‍വഹിച്ചു. ഡോ. ജേക്കബ് ഏറ്റുവാങ്ങി. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന നാടക ഗ്രന്ഥം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പ്രകാശനംചെയ്തു. പി കെ മേദിനി ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാനാ മാസിഡോ സംസാരിച്ചു. ജി ബാലചന്ദ്രന്‍ സ്വാഗതവും പി വി ജോസഫ് നന്ദിയും പറഞ്ഞു.

രാവിലെ നഗര ചത്വരഹാളില്‍ നടന്ന "ആവിഷ്കാര സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ 25-ാം വര്‍ഷം" എന്ന സെമിനാര്‍ ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. കെ ജി ജഗദീശന്‍ അധ്യക്ഷനായി. പി കെ വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണംനടത്തി. ബി രാജീവന്‍ വിഷയം അവതരിപ്പിച്ചു. എം എന്‍ രാവുണ്ണി, ജെ രഘു, സെബാസ്റ്റ്യന്‍ വട്ടമറ്റം എന്നിവര്‍ സംസാരിച്ചു. കെ രവീന്ദ്രന്‍ സ്വാഗതവും ഡി അശോകന്‍ നന്ദിയും പറഞ്ഞു. പകല്‍ രണ്ടിന് നടന്ന "നാടക ഗറില്ലയ്ക്ക് സ്നേഹപൂര്‍വം" ഡോക്യുമെന്ററി പ്രകാശനം സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വഹിച്ചു. അമീര്‍ ഖലീല്‍ അധ്യക്ഷനായി. ചാക്കോ ഡി അന്തിക്കാട്, ആര്യാട് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകലാ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്തു. സിറിള്‍ ഡൊമനിക്, ദാനവന്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. ജനകീയ നാടക പ്രസ്ഥാനങ്ങള്‍ എന്ന സെമിനാറില്‍ ടി വി സാംബശിവന്‍ മോഡറേറ്ററായി. പ്രൊഫ. ചന്ദ്രഹാസന്‍ വിഷയം അവതരിപ്പിച്ചു. സിവിക് ചന്ദ്രന്‍ , സതീഷ് കെ സതീഷ്, അജയന്‍ , മീനാരാജ്, പ്രേം പ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പി എം ആന്റണി രചിച്ച ആലപ്പുഴ സൂര്യകാന്തി തീയറ്റേഴ്സിന്റെ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന നാടകം അരങ്ങേറി.

സാമ്രാജ്യത്വത്തിനുമുന്നില്‍ ക്രുഷ്ചേവ് നല്ലപിള്ള ചമഞ്ഞു: വി എസ്

ആലപ്പുഴ: സോവിയറ്റ് ഭരണത്തിലും പാര്‍ടിയിലും ഉണ്ടായ എല്ലാ പാളിച്ചകളും സ്റ്റാലിന്റെ തലയില്‍ ചുമത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ ക്രുഷ്ചേവ് നല്ലപിള്ള ചമയുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്റ്റാലിന്റെ ജീവിതത്തെപ്പറ്റി സാമ്രാജ്യത്വശക്തികള്‍ അരനൂറ്റാണ്ടിലേറെയായി വര്‍ഷിക്കുന്ന നുണകള്‍ തുറന്നുകാട്ടുന്നതാണ് പി എം ആന്റണി രചിച്ച സ്റ്റാലിന്‍ എന്ന നാടകം. പി എം ആന്റണി ഫൗണ്ടേഷന്‍ ആലപ്പുഴ നഗരചത്വരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാലിന്റെ ശരിതെറ്റുകളെ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിനുപകരം വഞ്ചനാപരമായ നിലപാടാണ് ക്രുഷ്ചേവ് സ്വീകരിച്ചത്. വിപ്ലവനായകനെന്ന നിലയിലും സോഷ്യലിസ്റ്റ് ഭരണാധികാരിയും എന്ന നിലയിലു മുള്ള സ്റ്റാലിന്റെ പങ്ക് നിഷേധിക്കുന്നതായിരുന്നു ഇത്. മഹത്തായ വിപ്ലവപ്രവര്‍ത്തനത്തിനിടെ സ്റ്റാലിന് വലിയ പാളിച്ച വന്നതായും വി എസ് പറഞ്ഞു.

"ഭരണകൂടത്തോട് ഒത്തുകളിച്ച് സാമൂഹ്യ പരിഷ്കരണം സാധ്യമല്ല"

ആലപ്പുഴ: ജാതി മത ശക്തികളെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വോട്ടിന് മാലിന്യക്കുപ്പയിലെ കീറക്കടലാസിന്റെ വിലപോലും ലഭിക്കില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ജനകീയ നാടകകാരന്‍ പി എം ആന്റണി ഫൗണ്ടേഷന്‍ രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ആവിഷ്കാര സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ 25-ാം വര്‍ഷം"എന്ന സെമിനാര്‍ നഗരചത്വരത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമത ശക്തികളെ ആശ്രയിച്ചാണ് ഇന്നത്തെ ഭരണകൂടം നിലനില്‍ക്കുന്നത്. പുരോഗമന ആശയങ്ങള്‍ക്കെതിരെ ജാതിമത സംഘടനകളെ ഇവര്‍ മുന്നില്‍നിര്‍ത്തുന്നു. ഇവര്‍ക്ക് നിലവിലുള്ള വ്യവസ്ഥിതിക്ക് ഒരുമാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. ഇതിനെ എതിര്‍ക്കുന്നത് ചെറിയ വിഭാഗംമാത്രമാണ്. ഭരണകൂടത്തോട് ഒത്തുകളിച്ച് ഒരു സാമൂഹ്യ പരിഷ്കരണവും സാധ്യമല്ല. ഇതിനെ തുറന്നുകാട്ടേണ്ടത് സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കുന്ന കലാകാരന്മാരുടെ ചുമതലയാണ്. എന്നാല്‍ ഒരുപറ്റം കലാകാരന്മാര്‍ പേരിനും പ്രശസ്തിക്കും വേണ്ടി നീക്കുപോക്കുകള്‍ക്ക് തയ്യാറാകുന്നു. മറ്റുള്ളവര്‍ പരിപാടിക്കുവിളിക്കാനും നേട്ടങ്ങള്‍ക്കും നിലപാട് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ഇവര്‍ കരുതുന്നു- അദ്ദേഹം പറഞ്ഞു.

കെ ജി ജഗദീശന്‍ അധ്യക്ഷനായി. പി കെ വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്രിസ്തുവിനെ ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം സഭ പ്രതിഷേധവുമായി രംഗത്തെത്തുന്നത് കേരളത്തിലെ പുതിയ ജന്മിത്വത്തിന്റെ പ്രത്യയശാസ്ത്രമായി ക്രൈസ്തവസഭ മാറിയതുകൊണ്ടാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച ബി രാജീവന്‍ പറഞ്ഞു. എം എന്‍ രാവുണ്ണി, സെബാസ്റ്റ്യന്‍ വട്ടമറ്റം, ജെ രഘു എന്നിവര്‍ സംസാരിച്ചു. കെ രവീന്ദ്രന്‍ സ്വാഗതംപറഞ്ഞു.

deshabhimani 050312

1 comment:

  1. സോവിയറ്റ് ഭരണത്തിലും പാര്‍ടിയിലും ഉണ്ടായ എല്ലാ പാളിച്ചകളും സ്റ്റാലിന്റെ തലയില്‍ ചുമത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ ക്രുഷ്ചേവ് നല്ലപിള്ള ചമയുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്റ്റാലിന്റെ ജീവിതത്തെപ്പറ്റി സാമ്രാജ്യത്വശക്തികള്‍ അരനൂറ്റാണ്ടിലേറെയായി വര്‍ഷിക്കുന്ന നുണകള്‍ തുറന്നുകാട്ടുന്നതാണ് പി എം ആന്റണി രചിച്ച സ്റ്റാലിന്‍ എന്ന നാടകം. പി എം ആന്റണി ഫൗണ്ടേഷന്‍ ആലപ്പുഴ നഗരചത്വരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete