Monday, March 5, 2012

വൈദ്യുതീകരണ പദ്ധതി: ഏറ്റവും വീഴ്ച മലപ്പുറത്ത്- വേണുഗോപാല്‍

രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണയോജന പദ്ധതി നടത്തിപ്പില്‍ ഏറ്റവും വീഴ്ച വന്നത് മലപ്പുറം ജില്ലയിലാണെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ . ആറ് വടക്കന്‍ജില്ലകളില്‍ മെയ് 31നകം പണിപൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും പൂര്‍ത്തിയായില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
115 കോടി അനുവദിച്ചിട്ടും രണ്ടു വര്‍ഷത്തിനകം 20 കോടി മാത്രമാണ് ഈ ജില്ലകളില്‍ ചെലവഴിച്ചത്. 592 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. പൂര്‍ത്തിയായത് പതിന്നാലിടത്തു മാത്രമാണ്. തെക്കന്‍കേരളത്തിലെ ഏഴ് ജില്ലകള്‍കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 224 കോടിരൂപയാണ് പദ്ധതിക്കായി സംസ്ഥാനത്തിന് ലഭിക്കുക. നഗരവൈദ്യുതീകരണ ശൃംഖല മെച്ചപ്പെടുത്താനുള്ള ആര്‍എപിഡിആര്‍പി പദ്ധതിയില്‍ സംസ്ഥാനത്തിന് 1170 കോടി അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം 42 പട്ടണങ്ങളില്‍ നടപ്പാക്കും. ഇതിന് 872 കോടി അനുവദിച്ചു.

ഒഡീഷ താപനിലയം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കാസര്‍കോട് ബേക്കലില്‍ നടന്ന യോഗത്തില്‍ താപനിലയം സ്വകാര്യമേഖലയിലാക്കാന്‍ നീക്കമുണ്ടായിട്ടില്ല. പവര്‍ഫിനാന്‍സ് കോര്‍പ്പറേഷനില്‍നിന്ന് വായ്പയെടുത്തവരുടെ യോഗമാണ് ചേര്‍ന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഐടി സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി വിതരണം പരിഷ്കരിക്കുന്നതിനുള്ള "സ്കാഡ" പദ്ധതിക്ക് 83.15 കോടി അനുവദിച്ചു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ 28 പട്ടണങ്ങള്‍ പദ്ധതിയുടെ ലിസ്റ്റില്‍പ്പെടും. ഇതില്‍ 21ഉം കണ്ണൂര്‍ ജില്ലയിലാണ്. പുതുതായി ഉള്‍പ്പെടുത്തുന്ന പട്ടണങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ഓഫ് പവര്‍ സഞ്ജയ്കുമാര്‍ , എന്‍ കെ ഗോയല്‍ , എഡിഎം എന്‍ ടി മാത്യു എന്നിവരും പങ്കെടുത്തു.

deshabhimani 050312

No comments:

Post a Comment