Monday, March 5, 2012

വീരേന്ദ്രകുമാറിന്റെ വ്യാജമിനിട്സ്: നാണംകെട്ടത് നേതൃത്വം

എല്‍ഡിഎഫ് വിട്ട ശേഷം എം പി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ടി രൂപീകരിക്കാന്‍ വ്യാജപേരുകളും മിനിട്സും ഉപയോഗിച്ചത് പുറത്തായതോടെ പ്രവര്‍ത്തകരും നേതാക്കളും നാണം കെട്ടു. അതിനിടെ, കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് മാതൃഭൂമിയിലെയും വീരേന്ദ്രകുമാറിന്റെ ഓഫീസിലെയും ജീവനക്കാര്‍ വ്യാജപാര്‍ടിയുടെ ഭാരവാഹികളാകാന്‍ സമ്മതിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജപാര്‍ടി രൂപീകരണം യുഡിഎഫിനും തലവേദനയായി. വീരേന്ദ്രകുമാറിന്റെ പാര്‍ടിക്ക് യുഡിഎഫില്‍ ഇടം നല്‍കിയത് അബദ്ധമായെന്ന ചിന്തയിലാണ് പല ഘടകകക്ഷിനേതാക്കളും.

എല്‍ഡിഎഫ് വിടുന്നതിനുമുമ്പു തന്നെ വീരേന്ദ്രകുമാര്‍ പാര്‍ടി രൂപീകരണത്തിന് നീക്കമാരംഭിച്ചിരുന്നു. തനിക്കൊപ്പമുള്ളവരെ വിശ്വാസമില്ലാത്തതിനാലാണ് മാതൃഭൂമി ജീവനക്കാരെയും സ്വന്തം കീഴ്ജീവനക്കാരെയും ഭാരവാഹിക്കസേരയിലിരുത്തി പ്രോഗ്രസീവ് ജനത എന്ന തട്ടിക്കൂട്ട് പാര്‍ടിക്കുരൂപം നല്‍കിയത്. 2010 മാര്‍ച്ച് 15നാണ് ഈ കടലാസ് പാര്‍ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ രജിസ്ട്രേഷന്‍ ലഭിക്കുന്നത്. ദേശീയപാര്‍ടി എന്ന ലേബലില്‍ വ്യാജപേരുള്‍പ്പെടുത്തി നാഷണല്‍ കൗണ്‍സില്‍വരെ വീരേന്ദ്രകുമാര്‍ രൂപീകരിച്ചു. 2010 ഏപ്രില്‍ ഏഴിന് കോഴിക്കോട്ട് ഈ പാര്‍ടിയുടെ നാഷണല്‍ കൗണ്‍സില്‍ ചേര്‍ന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ യോഗം പാര്‍ടിയുടെ പേരുമാറ്റാന്‍ തീരുമാനിക്കുകയും 75 അംഗ ദേശീയ എക്സിക്യൂട്ടീവ് രൂപീകരിക്കുകയുംചെയ്തു. രൂപീകരണസമ്മേളനത്തിലെ വ്യാജപേരുകാര്‍ തന്നെയായിരുന്നു ദേശീയ എക്സിക്യൂട്ടീവിലും സ്ഥാനം പിടിച്ചത്.

2010 മെയ് 24ന് കോഴിക്കോട്ടുതന്നെ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ ദേശീയ പാര്‍ടി കേരളത്തില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. പാര്‍ടിയുടെ പ്രവര്‍ത്തനമേഖല പുനര്‍നിര്‍ണയം എന്ന ഏക അജന്‍ഡ ചര്‍ച്ച ചെയ്തതായാണ് മിനിട്സിലുള്ളത്. കേരളം ഒഴികെ ഒരിടത്തും പ്രവര്‍ത്തകരില്ലാത്തതിനാലും കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിനാലും പ്രവര്‍ത്തനമേഖല കേരളസംസ്ഥാനം മാത്രമായി നിര്‍ത്താന്‍ തീരുമാനിക്കുന്നു എന്നെഴുതിവച്ചു. ഇത്രയും ഏര്‍പ്പാടുകള്‍ക്കു ശേഷമാണ് വീരേന്ദ്രകുമാറിന്റെ ലയനനാടകം ആരംഭിക്കുന്നത്. കീഴ്ജീവനക്കാരെ സമ്മര്‍ദത്തിലാഴ്ത്തി പുത്തന്‍പാര്‍ടിയുടെ പ്രസിഡന്റും സെക്രട്ടറി ജനറലുമൊക്കെയാക്കിയ വീരേന്ദ്രകുമാര്‍ സ്വയം ലയനാപേക്ഷ നല്‍കി നാണംകെട്ടു. മെയ് 24ന് സംസ്ഥാനത്തുമാത്രം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തതോടെ മിനിട്സില്‍ നാഷണല്‍ കൗണ്‍സില്‍ യോഗം എന്നെഴുതിവയ്ക്കുന്നത് നിര്‍ത്തി. പിന്നീട് ചേര്‍ന്നതൊക്കെ സംസ്ഥാന നിര്‍വാഹകസമിതിയാണ്. തൊട്ടടുത്ത മാസം ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതിയുടെ ഏക അജന്‍ഡ വീരേന്ദ്രകുമാര്‍ ലയനമായിരുന്നു.

deshabhimani 050312

2 comments:

  1. എല്‍ഡിഎഫ് വിട്ട ശേഷം എം പി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ടി രൂപീകരിക്കാന്‍ വ്യാജപേരുകളും മിനിട്സും ഉപയോഗിച്ചത് പുറത്തായതോടെ പ്രവര്‍ത്തകരും നേതാക്കളും നാണം കെട്ടു. അതിനിടെ, കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് മാതൃഭൂമിയിലെയും വീരേന്ദ്രകുമാറിന്റെ ഓഫീസിലെയും ജീവനക്കാര്‍ വ്യാജപാര്‍ടിയുടെ ഭാരവാഹികളാകാന്‍ സമ്മതിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജപാര്‍ടി രൂപീകരണം യുഡിഎഫിനും തലവേദനയായി. വീരേന്ദ്രകുമാറിന്റെ പാര്‍ടിക്ക് യുഡിഎഫില്‍ ഇടം നല്‍കിയത് അബദ്ധമായെന്ന ചിന്തയിലാണ് പല ഘടകകക്ഷിനേതാക്കളും.

    ReplyDelete
  2. വ്യാജപേരുകളും മിനിട്സുമുപയോഗിച്ച് രൂപീകരിച്ച പുതിയ പാര്‍ടി പിരിച്ചുവിട്ട് എം പി വീരേന്ദ്രകുമാര്‍ മാപ്പ് പറയണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സോഷ്യലിസ്റ്റ് സംഗമം ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ആദര്‍ശം ബലികഴിച്ച വീരേന്ദ്രകുമാര്‍ മകന്‍ ശ്രേയാംസ് കുമാറിനുവേണ്ടിയാണ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയതെന്ന് യോഗം പ്രമേയത്തില്‍ പറഞ്ഞു. ഭൂരിപക്ഷം നേതാക്കളും എതിര്‍ത്തിട്ടും വീരേന്ദ്രകുമാര്‍ മകനുവേണ്ടി പാര്‍ടി പിളര്‍ത്തിയെന്ന് യോഗം കുറ്റപ്പെടുത്തി. വ്യാജപേരും മിനിട്സുമുപയോഗിച്ച് തെരഞ്ഞെടുപ്പു കമീഷനെ അടക്കം തെറ്റിദ്ധരിപ്പിച്ച് വീരേന്ദ്രകുമാര്‍ നടത്തിയ നാടകം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തീരാകളങ്കമാണുണ്ടാക്കിയത്. വര്‍ഗീസ് ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, അഡ്വ. എം കെ പ്രേംനാഥ് തുടങ്ങിയവര്‍ ഇതേക്കുറിച്ച് പ്രതികരിക്കണമെന്ന് സംഗമം ഉദ്ഘാടനംചെയ്ത എസ്ജെഡി സംസ്ഥാന നിര്‍വാഹക സമിതി അംഗം പാലോട് സന്തോഷ് ആവശ്യപ്പെട്ടു. വീരേന്ദ്രകുമാറിന്റെ വഞ്ചനയ്ക്കെതിരെ എല്ലാ ജില്ലയിലും സോഷ്യലിസ്റ്റ് സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത സംഗമത്തില്‍ ജഗതി പി ഹരികുമാര്‍ അധ്യക്ഷനായി.

    ReplyDelete