Monday, March 5, 2012

കരോടന് സഹായമില്ല; യുഡിഎഫിനു പക്ഷേ വോട്ട് വേണം

വാദ്യമേളകലയുടെ കുലപതിയും തിമിലവിദ്വാനുമായ കരവട്ടേടത്ത് നാരായണമാരാരോട് (കരോടന്‍) സര്‍ക്കാരിനും സംഗീത നാടക അക്കാദമിക്കും അവഗണന. വാദ്യകലാരംഗത്ത് സംസ്ഥാന ഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ പല്ലാവൂര്‍ പുരസ്കാരം 2010ല്‍ നേടിയ കരോടന്‍ ചികിത്സയ്ക്കും ഉപജീവനത്തിനും ഉഴലുന്നു. ചികിത്സാസഹായത്തിനുവേണ്ടി സംഗീത നാടക അക്കാദമിക്ക് ആറുമാസംമുമ്പു നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞദിവസം അനുവദിച്ചുകിട്ടിയത് 3000 രൂപ. ശനിയാഴ്ച ആ തുകയ്ക്കുള്ള ചെക്ക് അദ്ദേഹത്തിനു ലഭിച്ചു. " വാദ്യകലയില്‍ വാസനാവൈഭവത്തിന്റെയും സമ്പ്രദായശുദ്ധിയാര്‍ന്ന ശിക്ഷണത്തിന്റെയും സ്ഥിരോഹാത്സത്തിന്റെയും സാക്ഷാത്കാരമായ കരവട്ടേടത്ത് നാരായണമാരാര്‍ ...." എന്നാണ് 2010ല്‍ അവാര്‍ഡിനൊപ്പം സമര്‍പ്പിച്ച പ്രശസ്തിപത്രത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മന്ത്രിയായിരുന്ന ടി എം ജേക്കബിന് കലാകാരന്മാരുടെ പെന്‍ഷനുവേണ്ടി നാരായണമാരാര്‍ അപേക്ഷ കൊടുത്തിട്ട് മറുപടിപോലും കിട്ടിയിട്ടില്ല. വോട്ട്പിടിക്കുന്നതിന്റെ ഭാഗമായി അനൂപ് ജേക്കബ് പാമ്പാക്കുട പഞ്ചായത്തിലെ മേമുറി നെയ്ത്തുശാലപ്പടിയിലെ വീട്ടിലെത്തിയപ്പോള്‍ രോഗശയ്യയില്‍ കിടന്ന് അപേക്ഷയുടെ കാര്യം വീണ്ടും ഉണര്‍ത്തിച്ചു. അച്ഛന്റെ പ്രതികരണംതന്നെ മകനും.

ആഗസ്തിലാണ് കരോടന്‍ തളര്‍ന്നുവീണത്. മാസങ്ങള്‍ നീണ്ട ചികിത്സയോടെ ഭിത്തിയില്‍ പിടിച്ച് അല്‍പ്പം നടക്കാം. ഇത്രയുമാകാന്‍ രണ്ടുലക്ഷം രൂപ ചെലവ്. ആശുപത്രിക്കിടക്കയില്‍ കിടന്ന് സംഗീത നാടക അക്കാദമിക്ക് അപേക്ഷ അയച്ചെങ്കിലും 3000 കൊടുക്കാനുള്ള തീരുമാനമെടുക്കാന്‍ ആറുമാസം വേണ്ടിവന്നു. 5000 രൂപവരെ സെക്രട്ടറിക്ക് കൈയോടെ അനുവദിക്കാവുന്നതേയുള്ളു. സാംസ്ക്കാരികവകുപ്പും രക്ഷയ്ക്കെത്തിയില്ല. അപേക്ഷ മന്ത്രി വഴി സര്‍ക്കാരില്‍ എത്തിച്ചിട്ടുണ്ട്. ഒരു സഹായത്തിനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ജനസമ്പര്‍ക്കപരിപാടിയില്‍ വേണ്ടതിനും വേണ്ടാത്തതിനും സ്വന്തം പാര്‍ടിക്കാര്‍ കൂട്ടിക്കൊണ്ടുവന്നവര്‍ക്ക് വാരിക്കോരിക്കൊടുത്തപ്പോഴും ഇദ്ദേഹത്തെ അവഗണിച്ചു. ഇതോടെ നാട്ടുകാര്‍ രക്ഷയ്ക്കെത്തി. ഷട്കാല ഗോവിന്ദമാരാര്‍ കലാസമിതിതന്നെ 5000 രൂപ നല്‍കി. മാരാര്‍ ക്ഷേമസമിതി പതിനായിരത്തോളം രൂപയും. ഈ പാവം കലാകാരനെ അവഗണിച്ചാല്‍ അധികാരികള്‍ക്ക് ഒന്നും സംഭവിക്കില്ല. അതുതന്നെയാണ് ആ അപേക്ഷയില്‍ അടയിരിക്കാന്‍ അധികാരികള്‍ധൈര്യപ്പെടുന്നതെന്നേ കരുതേണ്ടു.

തൃശൂര്‍ പൂരത്തിന് 28 വര്‍ഷം തിമില വായിച്ചു. തിരുവാമ്പാടിയുടെ പഞ്ചവാദ്യത്തിന്റെ ചൈതന്യമായിരുന്നു കരോടെന്‍റ സാന്നിധ്യം. ഇപ്പോള്‍ 74 വയസ്സായി. രോഗിയും. "ഇനി കൊട്ടാന്‍ കഴിയുമെന്നു തോന്നുന്നില്ല"- കരോടന്റെ വേദനമുറ്റിയ വാക്കുകള്‍ . വാദ്യോപാസന അദ്ദേഹത്തിന് ഉപജീവനമാര്‍ഗംകൂടിയായിരുന്നു. മൂന്നുസെന്റ് സ്ഥലവും പഴയ ഒരു കൊച്ചുവീടുംമാത്രം സ്വന്തം. യുഡിഎഫ് സര്‍ക്കാരിലെ സാംസ്കാരികമന്ത്രി എംഎല്‍എയായിരുന്ന മണ്ഡലത്തിലെ ഈ കലാകാരന് ഒരുവിധ പെന്‍ഷനും അനുവദിച്ചിട്ടില്ല. ഭാര്യ തങ്കമ്മയോടൊപ്പമാണ് താമസം. രണ്ടു പെണ്‍മക്കള്‍ വിവാഹിതരാണ്.

deshabhimani 050312

2 comments:

  1. മന്ത്രിയായിരുന്ന ടി എം ജേക്കബിന് കലാകാരന്മാരുടെ പെന്‍ഷനുവേണ്ടി നാരായണമാരാര്‍ അപേക്ഷ കൊടുത്തിട്ട് മറുപടിപോലും കിട്ടിയിട്ടില്ല. വോട്ട്പിടിക്കുന്നതിന്റെ ഭാഗമായി അനൂപ് ജേക്കബ് പാമ്പാക്കുട പഞ്ചായത്തിലെ മേമുറി നെയ്ത്തുശാലപ്പടിയിലെ വീട്ടിലെത്തിയപ്പോള്‍ രോഗശയ്യയില്‍ കിടന്ന് അപേക്ഷയുടെ കാര്യം വീണ്ടും ഉണര്‍ത്തിച്ചു. അച്ഛന്റെ പ്രതികരണംതന്നെ മകനും

    ReplyDelete
  2. തൃശൂര്‍ പൂരത്തിന് 28 വര്‍ഷം തിമില വായിച്ചു.?? why govt should pay money for his medical? did he work for govt? It seems to me the devasom board or where ever he worked should take care of his expense... there are many citizen who want help. why this person alone different from others?

    ReplyDelete