Monday, March 5, 2012

കുടുംബഡോക്ടര്‍ പദ്ധതി നടപ്പാക്കണം: ഡോ. ബി ഇക്ബാല്‍

ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും സംയോജിപ്പിച്ച് കുടുംബ ഡോക്ടര്‍ പദ്ധതി നടപ്പാക്കണമെന്ന് ഡോ. ബി ഇക്ബാല്‍ . സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് "ആരോഗ്യം വിഷന്‍ 20/20" ശില്‍പ്പശാലയില്‍ "ആരോഗ്യരംഗം: സാര്‍വദേശീയ-ദേശീയ പ്രവണതകള്‍" വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളും നേരിടുന്നത്. ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും ഈ മേഖലയിലില്ല. സംസ്ഥാനത്ത് ആധുനിക സംവിധാനങ്ങളോടുകൂടിയ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കണം. പ്രമേഹമടക്കമുള്ളവയുട മരുന്ന് ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. അതിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയും. സമീപഭാവിയില്‍ രാജ്യത്ത് വന്‍കിട വിദേശ ആശുപത്രികള്‍ ആരംഭിക്കും. ഇത് വലിയ പ്രത്യാഘാതമാണ് രാജ്യത്തെ ആരോഗ്യമേഖലയില്‍ സൃഷ്ടിക്കുക. വിദേശ സര്‍വകലാശാലകള്‍ വരുന്നതിനേക്കാള്‍ വലിയ വിപത്താകുമത്. ആരോഗ്യവും ജീവനും സാമ്രാജ്യത്വവാദികള്‍ തീറെഴുതിയെടുക്കുന്ന കാലം വിദൂരമല്ല.. ലോകമാകെ 25 ലക്ഷത്തോളം പേരിലാണ് അടുത്തിടെ പുതിയ മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടത്തിയത്. ഇവയില്‍ ഭൂരിഭാഗവും നിയമപരമോ ശാസ്ത്രീയമോ ആയിരുന്നില്ല. ആഗോള സുരക്ഷയെന്നാല്‍ ആയുധനിര്‍മാണമല്ല. ആരോഗ്യ സംരക്ഷണത്തിലൂടെയേ ആഗോള സുരക്ഷ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടും ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ , എത്യോപ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ആരോഗ്യ മേഖലയില്‍ കേരള മാതൃകയെയും കവച്ചുവച്ചതായി ഡോ. കെ പി അരവിന്ദന്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ "കേരള മാതൃക-പ്രതിസന്ധിയും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കുറഞ്ഞ ചെലവില്‍ നല്ല ആരോഗ്യം" എന്ന കേരള മാതൃക മുദ്രാവാക്യം ഇന്ന് പേരിനുമാത്രമായി. പകര്‍ച്ചവ്യാധികളെ ഒരു പരിധിവരെ ചെറുത്തുതോല്‍പ്പിച്ചതോടെ രോഗാതുരത കുറഞ്ഞു. എന്നാല്‍ ഉയര്‍ന്ന ചികിത്സാ ചെലവും ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതുമാണ് ആരോഗ്യ മേഖലയിലെ പ്രധാന പ്രതിസന്ധികള്‍ . ജീവിതച്ചെലവിനേക്കാള്‍ പതിന്മടങ്ങ് വേഗത്തിലാണ് ചികിത്സാ ചെലവ് വര്‍ധിക്കുന്നത്. ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവയ്ക്കുന്ന തുക ഓരോ വര്‍ഷവും കുറഞ്ഞുവരുന്നു. ഇത് രാജ്യത്ത് ഏറ്റവും കുറവുമാണ്. ആരോഗ്യ സബ്സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഐഎംഎ ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ഡോ. വി ജി പ്രദീപ്കുമാറും സംസാരിച്ചു. എം മുരളീധരന്‍ സ്വാഗതം പറഞ്ഞു. "കേരള ആരോഗ്യം 20/20"- ഒരു പരിപ്രേക്ഷ്യം ചര്‍ച്ചയില്‍ ഐഎംഎ, കെജിഎംഒഎ, കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ , ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ , ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ , കേരളശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഗവ.നേഴ്സസ് അസോസിയേഷന്‍ , കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

deshabhimani 050312

1 comment:

  1. ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും സംയോജിപ്പിച്ച് കുടുംബ ഡോക്ടര്‍ പദ്ധതി നടപ്പാക്കണമെന്ന് ഡോ. ബി ഇക്ബാല്‍ . സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് "ആരോഗ്യം വിഷന്‍ 20/20" ശില്‍പ്പശാലയില്‍ "ആരോഗ്യരംഗം: സാര്‍വദേശീയ-ദേശീയ പ്രവണതകള്‍" വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete