Monday, March 5, 2012

ഉത്സവത്തിനിടെ ആര്‍എസ്എസ് ആക്രമണം


പേരൂര്‍ക്കട: ആര്‍എസ്എസ് ആക്രമണത്തില്‍ പേരൂര്‍ക്കട സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിഐയുടെ ജീപ്പും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ ജീപ്പും അക്രമികള്‍ തകര്‍ത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ മണ്ണന്തലയിലാണ് സംഭവം. പേരൂര്‍ക്കട സിഐ ജയചന്ദ്രന്‍ , മണ്ണന്തല എസ്ഐ ടി എസ് സനില്‍കുമാര്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നസറുദീന്‍ , എഎസ്ഐമാരായ സുരേന്ദ്രന്‍ , വേണുഗോപാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ആശുപത്രി വിട്ടു. മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗാനമേളയ്ക്കിടെ നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് വിലക്കിയിട്ടും ഒരുവിഭാഗം വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ഗാനമേളസ്ഥലത്തുനിന്ന് പറഞ്ഞയച്ചു.

തുടര്‍ന്ന് ഇരുപത്തഞ്ചോളം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ സംഘടിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. റോഡ് പണിക്ക് ഇറക്കിയിട്ടിരുന്ന മെറ്റലും തടിക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. പേരൂര്‍ക്കട സിഐയുടെ ബൊലേറോ ജീപ്പും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ മഹീന്ദ്ര ജീപ്പും കല്ലേറില്‍ തകര്‍ന്നു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം എത്തി അക്രമികളെ വിരട്ടിയോടിച്ചു. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസുകാരായ മലപ്പനിക്കോണം സൂര്യനഗര്‍ അഭിലാഷ്ഭവനില്‍ അഖിലേഷ് (22), മലപ്പനിക്കോണം കുന്നത്തുവിളാകംവീട്ടില്‍ വിനോദ് (37) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തെപ്പറ്റി ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും മണ്ണന്തല പൊലീസ് പറഞ്ഞു.

deshabhimani 050312

1 comment:

  1. ആര്‍എസ്എസ് ആക്രമണത്തില്‍ പേരൂര്‍ക്കട സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിഐയുടെ ജീപ്പും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ ജീപ്പും അക്രമികള്‍ തകര്‍ത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ മണ്ണന്തലയിലാണ് സംഭവം.

    ReplyDelete