Monday, March 5, 2012

"പിള്ള"ച്ചേട്ടന്‍ ചിന്തയുടെ ആജീവനാന്ത ഏജന്റ്

മൂന്നര പതിറ്റാണ്ടുമുമ്പ് പത്തനംതിട്ട നഗരത്തിലെ ഒരു പീടികമുറിയില്‍നിന്നാണ് ശങ്കരപ്പിള്ളച്ചേട്ടന്‍ ദേശാഭിമാനി പ്രസിദ്ധീകരണങ്ങളും ചിന്ത വാരികയുമായുള്ള ബന്ധം തുടങ്ങുന്നത്. ചിന്ത വാരിക ആരംഭിച്ചകാലം മുതല്‍ അതിന്റെ ഏജന്റായി മുടങ്ങാതെ പ്രവര്‍ത്തിച്ചു. ഇടതുപക്ഷ വിരോധികളും പിന്തിരിപ്പന്മാരും കൊടികുത്തിവാണ പത്തനംതിട്ടയില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നത് ജുമാമസ്ജിദിന് സമീപമുള്ള ഈ പീടികയിലായിരുന്നു. നേതാക്കള്‍ പാര്‍ടിപ്രവര്‍ത്തനത്തിന് കേന്ദ്രമാക്കിയതും ഇവിടമാണ്. ചിന്ത വാരികയുടെയും ദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെയും വില്‍പ്പനയും വിതരണരംഗത്തെ നിസ്തുലമായ സേവനവും ശങ്കരന്‍നായരെ "ചിന്ത ശങ്കരപ്പിള്ള"ച്ചേട്ടനാക്കി.

പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനുമുമ്പ് റാന്നി, കോന്നി, കോഴഞ്ചേരി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഴയ പത്തനംതിട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പാര്‍ടി പ്രവര്‍ത്തകര്‍ ഈ കടയിലെത്തി പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ വാങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രഹസ്യമായി പ്രവര്‍ത്തനം നടത്തിയ പല നേതാക്കള്‍ക്കും ബന്ധപ്പെടാനുള്ള കേന്ദ്രമായിരുന്നു ഇത്.

ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന പിള്ളച്ചേട്ടന്‍ 1970 മുതല്‍ 80 വരെ സിപിഐ എം അംഗമായിരുന്നു. ത്യാഗസമ്പന്നമായ ജീവിതമായിരുന്നു നയിച്ചത്. പാര്‍ടിപ്രവര്‍ത്തനത്തിന്റെ പ്രധാന ഘട്ടം ആശയരംഗത്തുള്ള അറിവ് പ്രചരിപ്പിക്കലാണെന്ന് ഇദ്ദേഹം എന്നും പറയുമായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരണങ്ങള്‍ എത്തുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് നഗരത്തിലെത്തും. രണ്ടു കിലാമീറ്റര്‍ വീട്ടില്‍നിന്നും കാല്‍നടയായാണ്. വരുംവഴിയില്‍ നായ്ക്കളെ തുരത്താന്‍ നീളമുള്ള വടി കരുതും. പ്രസിദ്ധീകരണങ്ങള്‍ എടുത്ത് കൃത്യമായി വിതരണംചെയ്യും. പണം പിരിക്കുന്നതും അടയ്ക്കുന്നതും സമയബന്ധിതമായി വേണമെന്ന നിര്‍ബന്ധവും പിള്ളച്ചേട്ടന് ഉണ്ടായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വ്യാപാരം നിര്‍ത്തി കടമുറി ഒഴിഞ്ഞുകൊടുത്തു. ഇതിനുശേഷം നടന്നാണ് പ്രസിദ്ധീകരണങ്ങള്‍ വരിക്കാരിലെത്തിച്ചത്. വാര്‍ധക്യത്തിലും പൂര്‍ണ ആരോഗ്യവാനായിരുന്ന ഇദ്ദേഹം പ്രസിദ്ധീകരണങ്ങളുടെ വിതരണരംഗത്ത് സജീവമായിരുന്നു. പിള്ളച്ചേട്ടന്റെ വേര്‍പാട് സിപിഐ എമ്മിന്റെ ജില്ലയിലെ ആശയപ്രചാരണ രംഗത്തിനും തീരാനഷ്ടമായി.

deshabhimani 050312

1 comment:

  1. മൂന്നര പതിറ്റാണ്ടുമുമ്പ് പത്തനംതിട്ട നഗരത്തിലെ ഒരു പീടികമുറിയില്‍നിന്നാണ് ശങ്കരപ്പിള്ളച്ചേട്ടന്‍ ദേശാഭിമാനി പ്രസിദ്ധീകരണങ്ങളും ചിന്ത വാരികയുമായുള്ള ബന്ധം തുടങ്ങുന്നത്. ചിന്ത വാരിക ആരംഭിച്ചകാലം മുതല്‍ അതിന്റെ ഏജന്റായി മുടങ്ങാതെ പ്രവര്‍ത്തിച്ചു. ഇടതുപക്ഷ വിരോധികളും പിന്തിരിപ്പന്മാരും കൊടികുത്തിവാണ പത്തനംതിട്ടയില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നത് ജുമാമസ്ജിദിന് സമീപമുള്ള ഈ പീടികയിലായിരുന്നു. നേതാക്കള്‍ പാര്‍ടിപ്രവര്‍ത്തനത്തിന് കേന്ദ്രമാക്കിയതും ഇവിടമാണ്. ചിന്ത വാരികയുടെയും ദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെയും വില്‍പ്പനയും വിതരണരംഗത്തെ നിസ്തുലമായ സേവനവും ശങ്കരന്‍നായരെ "ചിന്ത ശങ്കരപ്പിള്ള"ച്ചേട്ടനാക്കി.

    ReplyDelete