Wednesday, May 9, 2012

ആഭ്യന്തരമന്ത്രി മലക്കംമറിഞ്ഞു


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവിഷയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കംമറിഞ്ഞു. പൊലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലുമാണ് അന്വേഷണസമയത്തെ പറ്റിയുള്ള വ്യത്യസ്ത നിലപാടുകള്‍ മന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. അന്വേഷണം നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുമെന്നും പ്രതികളെ സമയബന്ധിതമായി പിടികൂടുമെന്നും രാവിലെ യോഗത്തില്‍ ആമുഖമായി പറഞ്ഞ മന്ത്രി പിന്നീട് നിലപാട് മാറ്റി. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി തിരുത്തി. അന്വേഷണം ശരിയായ ദിശയില്‍ പോകാനുള്ള സാവകാശം നല്‍കണം.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുമുമ്പ് പ്രതികളെ പിടികൂടുമോ എന്ന ചോദ്യത്തിന് ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മറുപടി നല്‍കി. ചന്ദ്രശേഖരന് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തെ പറ്റി അദ്ദേഹത്തോടുതന്നെ ചോദിക്കണം. സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു "നോണ്‍ ഇഷ്യൂ" ആണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

അന്വേഷണം ഇഴയുന്നു; ഡിജിപി ഇന്ന് വടകരയില്‍

വടകര: ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് ബുധനാഴ്ച വടകരയിലെത്തും. പ്രത്യേകാന്വേഷണസംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോളുമായും മറ്റും ചര്‍ച്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തും. ഇതുവരെ നിര്‍ണായക പുരോഗതിയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിച്ചതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചൊവ്വാഴ്ച തിരുവനന്തപുരത്തായിരുന്നു. വളയം, ചൊക്ലി, ന്യൂമാഹി ഭാഗങ്ങളില്‍ ആയുധപരിശോധനയും തെരച്ചിലുമുണ്ടായെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കസ്റ്റഡിയിലെടുത്തതല്ലാതെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ഏഴു പ്രതികള്‍ കസ്റ്റഡിയിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു.

യുഡിഎഫ് ബന്ധം അന്വേഷണ സംഘത്തെ വെട്ടിലാക്കുന്നു

തലശേരി: ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലായ വാഹനം വാടകയ്ക്കെടുത്ത അഴിയൂര്‍ പൂഴിത്തലയിലെ പൂഴിയില്‍ വീട്ടില്‍ ഹാരിസ് മുസ്ലിംലീഗുകാരനാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാഹിക്കടുത്ത പൂഴിത്തലയിലെ ലീഗ് ഓഫീസിനു പിറകിലാണ് ഹാരിസിന്റെ വീട്. ഇയാളുടെ ലീഗ്ബന്ധം നാട്ടിലെല്ലാവര്‍ക്കും അറിയാം. കേന്ദ്രമന്ത്രി വയലാര്‍രവിയുമായി അടുപ്പമുള്ള എ കെ പ്രകാശന്റെ മകളുടെ ഭര്‍ത്താവാണ് വാഹന ഉടമ നവീന്‍ദാസ്. ഇതോടെ, കേസില്‍ നിര്‍ണായക തെളിവുകള്‍ നല്‍കേണ്ടവരെല്ലാം യുഡിഎഫ് ബന്ധമുള്ളവരാണെന്ന് വ്യക്തമായി. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരു തുമ്പും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ് കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയബന്ധവും ഉന്നത സ്വാധീനവും വെളിപ്പെടുന്നത്. കസ്റ്റഡിയിലുള്ള രണ്ട് പ്രധാനികളും കോണ്‍ഗ്രസ്- ലീഗ് അനുഭാവികളാണെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീനിന്റെ വാഹനം ഹാരിസ് മുഖേനയാണ് ക്വട്ടേഷന്‍ സംഘത്തിനു ലഭിച്ചതെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.

സിപിഐ എമ്മിനെതിരെ വീണ്ടും ചെന്നിത്തല

കോഴിക്കോട്: ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിന്റെ പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും അന്വേഷിക്കണം. കൊലപാതകത്തിനു പിന്നില്‍ സിപിഐ എം ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് മേഖലയില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ സന്ദര്‍ശനത്തില്‍നിന്ന് ഘടകകക്ഷികള്‍ വിട്ടുനിന്നതെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani 090512

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവിഷയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കംമറിഞ്ഞു. പൊലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലുമാണ് അന്വേഷണസമയത്തെ പറ്റിയുള്ള വ്യത്യസ്ത നിലപാടുകള്‍ മന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. അന്വേഷണം നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുമെന്നും പ്രതികളെ സമയബന്ധിതമായി പിടികൂടുമെന്നും രാവിലെ യോഗത്തില്‍ ആമുഖമായി പറഞ്ഞ മന്ത്രി പിന്നീട് നിലപാട് മാറ്റി. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി തിരുത്തി. അന്വേഷണം ശരിയായ ദിശയില്‍ പോകാനുള്ള സാവകാശം നല്‍കണം.

    ReplyDelete