Wednesday, May 9, 2012

ഭൂസമരം ശക്തമായി; വനഭൂമിയില്‍ കുടില്‍കെട്ടി


ഭൂമി ആവശ്യപ്പെട്ട് എകെഎസ് തിങ്കളാഴ്ച തുടങ്ങിയ സമരം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച മേപ്പാടി പഞ്ചായത്തിലെ ചുണ്ടേലിനടുത്ത ആനപ്പാറ നിക്ഷിപ്ത വനഭൂമിയിലും ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. കണിയാമ്പറ്റ, മുട്ടില്‍, കോട്ടത്തറ, മേപ്പാടി, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും ഭൂമിയില്ലാത്ത ആദിവാസികളാണ് സമരത്തില്‍ അണിചേര്‍ന്നത്. രാവിലെ പതിനൊന്നോടെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സമീപത്തു നിന്ന് പ്രകടനമായാണ് ഇവര്‍ സമരഭൂമിയിലെത്തി കൊടിനാട്ടിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്ന് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്ത 200 ഏക്കറില്‍ കോട്ടക്കുന്ന് വില്ലേജിലെ 240/1, 240/2 സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയില്‍ നടന്ന സമരത്തില്‍ ഇരുന്നൂറോളം ആദിവാസികള്‍ പങ്കാളികളായി. നിരന്തരം വഞ്ചിക്കപ്പെട്ട് ഒടുവില്‍ സമരരംഗത്തിറങ്ങിയ ആദിവാസികള്‍ ഭൂമി ലഭിച്ചശേഷം മാത്രമേ പിന്മാറൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ആദിവാസികളെ കബളിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം പാഴായി. സര്‍ക്കാരിനുവേണ്ടി സമരക്കാരുമായി സംസാരിച്ച കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ടാണ് സമരത്തില്‍നിന്ന് പിന്മാറാന്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമിവിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സമരം ചെയ്തിട്ടും നിവേദനം നല്‍കിയിട്ടും അനങ്ങാത്ത സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിക്കാന്‍ കഴിയില്ലെന്ന് സമര നേതാക്കള്‍ കലക്ടറുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പ്രശ്നത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ സുപ്രീം കോടതി വിധിച്ച വനഭൂമിയാണ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് നല്‍കിയതായി സര്‍ക്കാര്‍ രേഖ നല്‍കിയത്. ഈ നടപടി തികച്ചും ആദിവാസി വിരുദ്ധമാണ്. മാത്രമല്ല മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ വിതരണം ചെയ്ത പട്ടയങ്ങളില്‍ ഡിഎഫ്ഒമാര്‍ ഒപ്പിടാത്തതിനാല്‍ നിയമസാധുതയുമില്ല. കോടതിവിധിയും നിയമങ്ങളും ഉണ്ടായിട്ടും ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വിതരണം ചെയ്യാതെ സര്‍ക്കാര്‍ വഞ്ചിക്കുന്ന സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എകെഎസ് നേതാക്കള്‍ കലക്ടറെ അറിയിച്ചു.

ജില്ലയില്‍ കാല്‍ ലക്ഷത്തോളവും ഭൂരഹിത-നാമമാത്ര ഭൂമിയുള്ള ആദിവാസികളാണ്. ഇവര്‍ക്കെല്ലാം ഏറ്റെടുത്തു നല്‍കാന്‍ 25000 ഏക്കര്‍ ഭൂമി വേണമെന്നിരിക്കേ കുറച്ചു ഭൂമി ഉടന്‍ ഏറ്റെടുത്ത് നല്‍കാമെന്ന പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്നും സമിതി വ്യക്തമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പി വാസുദേവന്‍, പ്രസിഡന്റ് സീത ബാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചൊവ്വാഴ്ചത്തെ സമരം സിഐടിയു ജില്ലാ പ്രസിഡന്റ്് പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എകെഎസ് ഏരിയാ പ്രസിഡന്റ് വി പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എകെഎസ് ജില്ലാ പ്രസിഡന്റ് സീത ബാലന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് വി പി ശങ്കരന്‍ നമ്പ്യാര്‍, എകെഎസ് ജില്ലാ സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എകെഎസ് ഏരിയാ സെക്രട്ടറി കെ ബാലന്‍ സ്വാഗതവും എ ടി ഉഷ നന്ദിയും പറഞ്ഞു.

deshabhimani 090512

1 comment:

  1. ഭൂമി ആവശ്യപ്പെട്ട് എകെഎസ് തിങ്കളാഴ്ച തുടങ്ങിയ സമരം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച മേപ്പാടി പഞ്ചായത്തിലെ ചുണ്ടേലിനടുത്ത ആനപ്പാറ നിക്ഷിപ്ത വനഭൂമിയിലും ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. കണിയാമ്പറ്റ, മുട്ടില്‍, കോട്ടത്തറ, മേപ്പാടി, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും ഭൂമിയില്ലാത്ത ആദിവാസികളാണ് സമരത്തില്‍ അണിചേര്‍ന്നത്.

    ReplyDelete