Tuesday, May 8, 2012

ബംഗാള്‍ ഇനി അമേരിക്കന്‍ പങ്കാളിയെന്ന് ഹിലരി


മാറിയ രാഷ്ട്രീയസ്ഥിതിയില്‍ പശ്ചിമബംഗാളിനെ അമേരിക്കയുടെ പങ്കാളിത്ത സംസ്ഥാനമായി കണക്കാക്കുമെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്‍. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള ചര്‍ച്ചയിലാണ് ഹിലരി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഉന്നതതലത്തിലുള്ള ഒരു അമേരിക്കന്‍ രാഷ്ട്രീയ ഭരണാധികാരി ബംഗാളിലെ ഒരു മുഖ്യമന്ത്രിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തുന്നത്. വിവിധരംഗങ്ങളില്‍ ബംഗാളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ഹിലരി ഉറപ്പുനല്‍കി. രാഷ്ട്രീയ കാരണങ്ങളാലാണ് അമേരിക്ക ഇവിടെ നിക്ഷേപം നടത്താതിരുന്നതെന്ന് ഹിലരി പറഞ്ഞതായി മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതി മാറി. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിച്ചതില്‍ ഹിലരി സന്തുഷ്ടി പ്രകടിപ്പിച്ചതായും മമത അറിയിച്ചു.

അമേരിക്കയും ബംഗാളും ഇനി മിത്രങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ സഹായവും പിന്തുണയും ഹിലരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐടി, ടൂറിസം, നിര്‍മാണമേഖല, തുറമുഖ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലായിരിക്കും അമേരിക്കന്‍ നിക്ഷേപം. ചില്ലറ വില്‍പ്പനരംഗത്ത് വിദേശ നിക്ഷേപം, തീസ്താ കരാര്‍ എന്നിവ ചര്‍ച്ച ചെയ്തില്ലെന്നും മമത പറഞ്ഞു. എന്നാല്‍, അമേരിക്കക്ക് ഏറെ താല്‍പ്പര്യമുള്ള വിദേശനിക്ഷേപം സംബന്ധിച്ച് മമതയുടെ നിലപാടില്‍ മാറ്റംവരുത്താനുള്ള അനുനയശ്രമങ്ങള്‍ ഹിലരിയില്‍ നിന്നുണ്ടായിട്ടുണ്ടന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പകല്‍ 11.05ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലെത്തിയ ഹിലരി മമതയുമായി തനിച്ച് 20 മിനിറ്റിലധികം ചര്‍ച്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി അമിത്മിത്ര, ഇന്ത്യന്‍ സ്ഥാനപതി നാന്‍സി പവല്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായി. സംസ്ഥാന വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. പകരം അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള ഫിക്കി മുന്‍ ജനറല്‍ സെക്രട്ടറി അമിത് മിത്രയെയാണ് മമത ഒപ്പം കൂട്ടിയത്. തന്റെ "രാഷ്ട്രീയവളര്‍ച്ച" വിശദീകരിക്കുകയും ഇടതുമുന്നണി ഭരണത്തെ അപഹസിക്കുകയും ചെയ്യുന്ന ഒമ്പതു പേജുള്ള കുറിപ്പ് മമത ഹിലരിക്ക് കൈമാറി. ബംഗാളില്‍ എക്കാലവും ശക്തമായ സാമ്രാജ്യത്വവിരുദ്ധവികാരം പരിഗണിക്കാതെ അമേരിക്കന്‍ ചങ്ങാത്തത്തിന് ഒരുങ്ങുന്ന മമതയ്ക്കെതിരെ വ്യാപക പ്രതിഷേധത്തിന് ഹിലരിയുടെ സന്ദര്‍ശനം ഇടവരുത്തിയിട്ടുണ്ട്.
(ഗോപി)

deshabhimani 080512

1 comment:

  1. മാറിയ രാഷ്ട്രീയസ്ഥിതിയില്‍ പശ്ചിമബംഗാളിനെ അമേരിക്കയുടെ പങ്കാളിത്ത സംസ്ഥാനമായി കണക്കാക്കുമെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്‍. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള ചര്‍ച്ചയിലാണ് ഹിലരി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഉന്നതതലത്തിലുള്ള ഒരു അമേരിക്കന്‍ രാഷ്ട്രീയ ഭരണാധികാരി ബംഗാളിലെ ഒരു മുഖ്യമന്ത്രിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തുന്നത്. വിവിധരംഗങ്ങളില്‍ ബംഗാളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ഹിലരി ഉറപ്പുനല്‍കി. രാഷ്ട്രീയ കാരണങ്ങളാലാണ് അമേരിക്ക ഇവിടെ നിക്ഷേപം നടത്താതിരുന്നതെന്ന് ഹിലരി പറഞ്ഞതായി മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതി മാറി. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിച്ചതില്‍ ഹിലരി സന്തുഷ്ടി പ്രകടിപ്പിച്ചതായും മമത അറിയിച്ചു.

    ReplyDelete