Tuesday, May 8, 2012

അക്രമം ഭരണത്തണലില്‍


അക്രമവും കൊള്ളയുമാണ് തങ്ങളുടെ പ്രധാന പരിപാടിയെന്ന മട്ടിലാണ് ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധ സംഘം യുഡിഎഫിനോടൊപ്പം അഴിഞ്ഞാടുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് വ്യാപക അക്രമങ്ങളും കൊള്ളയും തീവെപ്പുമാണ് നടന്നത്. സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മസംയമനവും ഇടപെടലുമാണ് സംഘര്‍ഷങ്ങള്‍ പടരാതെ സൂക്ഷിച്ചത്. ഏകപക്ഷീയമായ അക്രമങ്ങളാണ് മേഖലയില്‍ നടക്കുന്നത്. വന്‍ പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും ഭരണത്തണലില്‍ വ്യാപക അക്രമമാണ് മേഖലയില്‍ തുടരുന്നത്.

പാര്‍ടി ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ലോക്കല്‍ സെക്രട്ടറിമാരായ പി രാജന്‍, വി പി ഗോപാലകൃഷ്ണന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ എഴുപതോളം വീടുകളും വാഹനങ്ങളും പാര്‍ടി ഓഫീസുകളും കടകളും ഇതുവരെ നശിപ്പിച്ചു. അമ്മമാരെയും കുഞ്ഞുങ്ങളെയും പ്രായമായവരെപ്പോലും കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് തെറിവിളിച്ച് അക്രമി സംഘം അഴിഞ്ഞാടിയത്. ഭീതിയിലായ പല കുടുംബങ്ങളും വീട് വിട്ട് ബന്ധുവീടുകള്‍ അഭയം തേടി. തകര്‍ത്ത പല വീടുകളും താമസയോഗ്യമാക്കാന്‍ മാസങ്ങളോളം വേണ്ടിവരും.

സിപിഐ എമ്മില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് ഓര്‍ക്കാട്ടേരി കേന്ദ്രീകരിച്ച് രൂപീകരിച്ച പാര്‍ടിവിരുദ്ധ സംഘം തുടക്കം മുതലേ പാര്‍ടിയെ വെല്ലുവിളിക്കാനും പ്രവര്‍ത്തകരെ ആക്രമിക്കാനും പാര്‍ടി ഓഫീസുകളും സ്തൂപങ്ങളും തകര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഓര്‍ക്കാട്ടേരി മുയിപ്ര, മുക്കാട്ട്, മണപ്പുറം, നെല്ലാച്ചേരി ഒഞ്ചിയം ഭാഗങ്ങളില്‍ നിരന്തരമായി സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനാണ് സംഘം ശ്രമിച്ചത്. സിപിഐ എം വിരുദ്ധ മനോഭാവം ഇളക്കിവിട്ട് അക്രമങ്ങള്‍ നടത്തി യുവാക്കളെ കേസില്‍ കുടുക്കി സംഘടന ശക്തിപ്പെടുത്തുകയെന്ന നയമാണ് സ്വീകരിച്ചത്. ആദ്യഘട്ടങ്ങളില്‍ നാദാപുരംറോഡിലെ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ടു. ഒഞ്ചിയത്തെ എം ആര്‍ സ്മാരകത്തിന്റെ കോണിപ്പടി ഇളക്കി പൊട്ടക്കിണറ്റില്‍ എറിഞ്ഞ സംഭവവുമുണ്ടായി. വിവിധ പ്രദേശങ്ങളിലെ രക്തസാക്ഷി സ്തൂപങ്ങളും സ്മാരക മന്ദിരങ്ങളും തകര്‍ത്തു. എളങ്ങോളിയിലെ കേളു ഏട്ടന്‍ സ്മാരക മന്ദിരത്തിന് തീവെച്ചു. മുയിപ്രയിലെ വായനശാലയും അഗ്നിക്കിരയാക്കി. ഓര്‍ക്കാട്ടേരി, ഏറാമല, കുന്നുമ്മക്കര ഭാഗങ്ങളില്‍ നിരവധി പ്രവര്‍ത്തകരെ ആക്രമിച്ചു. വൈക്കിലശ്ശേരി മത്തായി ചാക്കോ സ്മാരകം തകര്‍ത്തു. ഒഞ്ചിയം ബാങ്കിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് നാശനഷ്ടമുണ്ടാക്കി, കണ്ണൂക്കര സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞ് നശിപ്പിച്ചു.

അക്രമപരമ്പരയിലൂടെ അണികളെ നിര്‍ത്താനുള്ള തന്ത്രമാണ് പാര്‍ടി വിരുദ്ധ സംഘം മേഖലയില്‍ പയറ്റുന്നത്. സിപിഐ എം പാര്‍ടികോണ്‍ഗ്രസിന്റെ മുന്നോടിയായി സംഘടിപ്പിച്ച നവോത്ഥാന സെമിനാര്‍ അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. പാര്‍ടി വിരുദ്ധരുടെ ഈയിടെ നടന്ന സമ്മേളനത്തില്‍ അണികള്‍ ചോര്‍ന്നുപോകുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സിപിഐ എം തന്നെയാണ് ഒഞ്ചിയത്തെ പ്രമുഖ കക്ഷിയെന്നും ഇത് മറികടക്കാന്‍ കഴിയണമെന്നുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രധാനമായും എടുത്തുപറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി പരസ്യമായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണമെന്നും ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടിരുന്നു. പഞ്ചായത്തിലടക്കം യുഡിഎഫുമായി ചേര്‍ന്നാണ് ഇവര്‍ ഭരണം പങ്കിടുന്നത്. ഇക്കാര്യത്തിലെല്ലാം അണികളില്‍നിന്നുയര്‍ന്ന എതിര്‍പ്പും പ്രതിഷേധവും മറികടക്കാനായിരുന്നു പാര്‍ടിവിരുദ്ധപ്പട അക്രമം ആയുധമാക്കിയത്. പുതിയ സാഹചര്യത്തില്‍ അധികാരത്തിന്റെ തണലില്‍, ഭരണകക്ഷിയുടെ പിന്‍ബലത്തിലാണ് അഴിഞ്ഞാട്ടം.

അക്രമം തടയണം: എളമരം കരീം

ഒഞ്ചിയത്തെ കൊലപാതകത്തിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എളമരം കരീം എംഎല്‍എ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടേതുമടക്കം 67 വീടുകള്‍ തകര്‍ത്തു. നിരവധി പാര്‍ടി ഓഫീസുകളും വായനശാലകളും ബോംബിട്ടും തീയിട്ടും നശിപ്പിച്ചു. അക്രമത്തില്‍ പരിക്കേറ്റ് മൂന്നുപേര്‍ ആശുപത്രിയിലാണ്.

ഒഞ്ചിയം പ്രദേശത്ത് സമാധാനാനന്തരീക്ഷം സൃഷ്ടിക്കാനും അക്രമം തടയാനും പൊലീസ് നടപടി സ്വീകരിക്കണമെന്ന് മന്ത്രിയെ സന്ദര്‍ശിച്ച് കരീം ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്ത അവസ്ഥയാണ്. ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ പാര്‍ടിയെ വേട്ടയാടുകയാണ്. കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്ന് പരസ്യമായി വ്യക്തമാക്കിയതാണ്. സംഭവത്തെ അപലപിച്ച സിപിഐ എം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. പാര്‍ടിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. എത്രയും വേഗം പ്രതികളെ കണ്ടെത്തി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാവശ്യമായ ഊര്‍ജിത നടപടിയാണാവശ്യം. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമാകണം. 

സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ നടത്തിയ പ്രസ്താവനകളാണ് നാട്ടില്‍ പ്രകോപനവും അക്രമവും സൃഷ്ടിച്ചത്. അക്രമത്തിന് പ്രോത്സാഹനമേകുന്ന വിധം മാധ്യമങ്ങളില്‍ കള്ളവാര്‍ത്തകളാണ് വരുന്നത്. പൊലീസിനെ ചൂണ്ടിക്കാട്ടിയാണീ വാര്‍ത്തകള്‍. ഊഹാപോഹങ്ങള്‍ നിരത്തിയുള്ള ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി പൊലീസ് ബോധ്യപ്പെടുത്തണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. എംഎല്‍എമാരായ സി കെ നാണു, ഇ കെ വിജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അക്രമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ പ്രവര്‍ത്തകനെ മര്‍ദിച്ചു

വടകര: റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ അക്രമവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്ത പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ വടകര ഗോകുലം സ്റ്റാര്‍ വിഷന്‍ (ജിഎസ്വി) ചാനലിന്റെ ക്യാമറാമാന്‍ പി കെ അബ്ദുള്‍ ഗഫൂറിനെ (26)യാണ് ആര്‍എംപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എഡിജിപി വിന്‍സന്‍ എം പോള്‍ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത് ചിത്രീകരിക്കുകയായിരുന്നു ഗഫൂര്‍. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങള്‍ ചിത്രീകരിച്ചെന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ വീട്ടില്‍വച്ച് കൈയേറ്റം ചെയ്തത്. തുടര്‍ന്ന് റോഡിലേമക്ക് വലിച്ചിറക്കി ഭീകരമായി മര്‍ദിച്ചു. പരിക്കേറ്റ ഗഫൂറിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചന്ദ്രശേഖരന്റെ കൊലപാതകം: സമഗ്ര അന്വേഷണം വേണം -എല്‍ഡിഎഫ്

 ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മറ്റിയോഗം ആവശ്യപ്പെട്ടു. കൊലപാതകത്തെ യോഗം അപലപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുന്ന 18ന് വഞ്ചനാ ദിനമായി ആചരിക്കാനും നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഒഞ്ചിയം മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കൊലപാതകത്തില്‍ പാര്‍ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന-ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. സംസ്ഥാനഭഭരണ നേതൃത്വവും യുഡിഎഫ് നേതാക്കളും ഏതാനും മാധ്യമങ്ങളും കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെക്കുന്ന പ്രചാരവേലയാണ് നടത്തുന്നത്. ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭഭാഗമാണ്.

സംഭവത്തിനുശേഷം ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ വ്യാപക അക്രമമാണുണ്ടായത്. 68 വീടുകളും സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ 9 ഓഫീസുകളും തകര്‍ത്തു. ചില വീടുകളും തീവച്ച് നശിപ്പിച്ചു. നിരവധി വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ത്തു. അക്രമത്തില്‍ മാരകമായി പരിക്കേറ്റവര്‍ ചികിത്സയിലാണ്. അക്രമത്തിനിരയായ വീടുകളും പാര്‍ടി ഓഫീസുകളും ചൊവ്വാഴ്ച ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ സന്ദര്‍ശിക്കും. യോഗത്തില്‍ ടി വി ബാലന്‍ അധ്യക്ഷനായി. ജില്ലാകണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു. ഘടകകക്ഷി നേതാക്കള്‍ സംസാരിച്ചു.

deshabhimani 080512

1 comment:

  1. അക്രമവും കൊള്ളയുമാണ് തങ്ങളുടെ പ്രധാന പരിപാടിയെന്ന മട്ടിലാണ് ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധ സംഘം യുഡിഎഫിനോടൊപ്പം അഴിഞ്ഞാടുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് വ്യാപക അക്രമങ്ങളും കൊള്ളയും തീവെപ്പുമാണ് നടന്നത്. സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മസംയമനവും ഇടപെടലുമാണ് സംഘര്‍ഷങ്ങള്‍ പടരാതെ സൂക്ഷിച്ചത്. ഏകപക്ഷീയമായ അക്രമങ്ങളാണ് മേഖലയില്‍ നടക്കുന്നത്. വന്‍ പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും ഭരണത്തണലില്‍ വ്യാപക അക്രമമാണ് മേഖലയില്‍ തുടരുന്നത്.

    ReplyDelete