Wednesday, May 9, 2012
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക സമ്മാനം ഡിസ്റ്റിലറിക്ക് അനുമതി
ഡിസ്റ്റിലറിക്കു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയുടെ ബന്ധുവെന്ന് സൂചന
മദ്യക്കടലില്‍ മുങ്ങിത്താഴുന്ന കേരളത്തില്‍ പ്രതിവര്‍ഷം രണ്ടുകോടി ലിറ്റര്‍ വിദേശമദ്യം കൂടി ഒഴുക്കാനുള്ള ഡിസ്റ്റിലറിക്ക് പാലക്കാട്ടെ മുതലമടയില്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദക്കൊടുങ്കാറ്റിളക്കുന്നു. ക്രമേണ ഉല്‍പാദനശേഷി പ്രതിവര്‍ഷം 10 കോടി ലിറ്ററാക്കി ഉയര്‍ത്താനുള്ള പ്രോജക്ട് റിപ്പോര്‍ട്ട്കൂടി അംഗീകരിച്ചുകൊണ്ടുള്ളതാണ് എക്‌സൈസ് വകുപ്പിന്റെ ഈ വിവാദഉത്തരവ്.
കോഴിക്കോട് ഏലത്തൂരില്‍ പ്രവര്‍ത്തിച്ചുവന്നതും ജനരോഷത്തെയും പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും എതിര്‍പ്പിനേയും തുടര്‍ന്ന് മദ്യോല്‍പാദനം നിര്‍ത്തിവച്ചതുമായ യുണൈറ്റഡ് ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കുന്നുവെന്ന മറപിടിച്ചാണ് പുതിയ ഉത്തരവ്. കോഴിക്കോട്ടെ ഡിസ്റ്റിലറിക്കുപകരം പാലക്കാട്ടെ ഈ ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പില്‍ നടന്ന പിന്നാമ്പുറനീക്കങ്ങള്‍ക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തടയിടുകയും ഈ മദ്യനിര്‍മാണശാലയ്ക്കുള്ള അനുമതി അന്നത്തെ എക്‌സൈസ് മന്ത്രി പി കെ ഗുരുദാസന്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് രഹസ്യനീക്കങ്ങള്‍ക്കൊടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം 'വാര്‍ഷിക സമ്മാന'മായി കോടിക്കണക്കിനു ലിറ്റര്‍ വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന വമ്പന്‍ ഡിസ്റ്റിലറി ഒരു ഉത്തരവിലൂടെ കേരളീയര്‍ക്കു 'സമര്‍പ്പി'ച്ചിരിക്കുന്നത്. ഒരു കേന്ദ്രമന്ത്രിയുടെ ബന്ധുവാണ് പുതിയ മദ്യനിര്‍മാണശാലയ്ക്കു പിന്നിലെന്ന സൂചനയും ശക്തമായി.
റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ അരുംകൊലയും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും സൃഷ്ടിച്ച വാര്‍ത്താപ്രപഞ്ചത്തിനിടയില്‍ കേരളീയര്‍ മുഴുകി നില്‍ക്കുന്ന തക്കം നോക്കിയാണ് മിന്നല്‍ നീക്കത്തിലൂടെ എക്‌സൈസ്‌വകുപ്പ് മദ്യനിര്‍മാണശാലയ്ക്കുവേണ്ടി രഹസ്യമായി ഉത്തരവിറക്കിയത്. നിര്‍ദ്ദിഷ്ട ഡിസ്റ്റിലറിക്കെതിരെ മുതലമടയിലേയും അയല്‍പഞ്ചായത്തുകളിലേയും ജനങ്ങള്‍ പടക്കളത്തിലിറങ്ങിക്കഴിഞ്ഞു.
പൊതുസമൂഹവും സാംസ്‌ക്കാരികകേരളവും ഈ ഉത്തരവിനെതിരേ ശബ്ദമുയര്‍ത്തി. കോണ്‍ഗ്രസിലും മദ്യമാഫിയയെ പ്രീണിപ്പിക്കുന്ന ഈ നയത്തിനെതിരേ കലാപമിരമ്പുന്നു. ഈ ഉത്തരവ് ഞെട്ടിപ്പിക്കുന്നതാണെന്നും മദ്യപ്പുഴയൊഴുക്കാനും മുതലമടയെ മറ്റൊരു പ്ലാച്ചിമടയാക്കാനുമുള്ള ഹീനമായ സര്‍ക്കാര്‍ നീക്കത്തിനെതിരേ കേരളീയര്‍ ഒറ്റക്കെട്ടായി ആഞ്ഞടിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
കേരളത്തിലേയ്ക്ക് ഏറ്റവുമധികം സ്പിരിറ്റുകള്ളക്കടത്തു നടത്തുന്ന ഗോവിന്ദപുരം ചെക്ക്‌പോസ്റ്റിനെ തൊട്ടുരുമ്മി 36 ഏക്കറിലാണ് പുതിയ ഡിസ്റ്റിലറി സ്ഥാപിക്കുന്നതെന്ന് ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. പൂട്ടിക്കിടക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ 'പ്രവര്‍ത്തനം നിലച്ച ഡിസ്റ്റിലറിയിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കാന്‍' വേണ്ടിയാണ് പാലക്കാട്ടേയ്ക്ക് ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കുന്നതെന്ന് ഉത്തരവിലെ ഉദ്ദേശകാരണങ്ങള്‍ വ്യക്തമാക്കുന്ന ഭാഗത്ത് വിചിത്രമായ ഒരു വിശദീകരണവും നല്‍കിയിട്ടുണ്ട്.
മുതലമടയിലേയും സമീപത്തേയും അഞ്ചു പഞ്ചായത്തുകളുടെ കുടിവേള്ള സ്രോതസ്സുകളായ മീന്‍കര, ചുള്ളിയാര്‍ ഡാമുകള്‍ വറ്റിവരളുന്നതിനും ഭൂഗര്‍ഭജലനിരപ്പ് കുത്തനെ താഴുന്നതിനും പുറമേ ഭീതിജനകമായ മാലിന്യവല്‍ക്കരണത്തിനും പുതിയ ഡിസ്റ്റിലറി വഴിമരുന്നിടുമെന്ന ആശങ്കയുമുണ്ട്. ഇപ്പോള്‍ത്തന്നെ മുതലമടയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കേയാണ് വെള്ളത്തിനുപകരം മദ്യനദി സൃഷ്ടിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കമെന്ന ആരോപണവും ഉയരുന്നു.
മുതലമട പഞ്ചായത്തില്‍ നിന്നുകൂടി ലൈസന്‍സ് നേടിയാല്‍ മദ്യശാലയ്ക്കുള്ള അനുമതികളെല്ലാം പൂര്‍ത്തിയാവും. അനുമതി നല്‍കുന്നതിനെതിരേ എല്‍ ഡി എഫ് അംഗങ്ങള്‍ അണിചേര്‍ന്നതോടെ തീരുമാനം മാറ്റിവച്ചിട്ടുണ്ടെങ്കിലും യു ഡി എഫിനെ വിലയ്‌ക്കെടുത്ത് ആ ലൈസന്‍സ് തരപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കള്‍ രംഗത്തുണ്ട്. ഡിസ്റ്റിലറിക്കുവേണ്ടി നടന്ന ഗൂഢാലോചനയെ പ്രതിരോധിക്കുമെന്ന് സി പി എം വ്യക്തമാക്കി.
സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രഖ്യാപിതനയത്തിനെതിരേയുള്ള ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ലജ്ജാകരവും രാജ്യദ്രോഹപരവും ജനദ്രോഹപരവുമായ ഈ ഉത്തരവ് കേരളത്തെയാകെ ഞെട്ടിപ്പിക്കുന്നുവെന്ന് സുഗതകുമാരി പറഞ്ഞു. മാര്‍ക്ലിമ്മീസ് മെത്രാപ്പൊലീത്ത, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരും വിവാദഉത്തരവിനെ അപലപിച്ചു.
janayugom 090512
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മദ്യക്കടലില്‍ മുങ്ങിത്താഴുന്ന കേരളത്തില്‍ പ്രതിവര്‍ഷം രണ്ടുകോടി ലിറ്റര്‍ വിദേശമദ്യം കൂടി ഒഴുക്കാനുള്ള ഡിസ്റ്റിലറിക്ക് പാലക്കാട്ടെ മുതലമടയില്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദക്കൊടുങ്കാറ്റിളക്കുന്നു. ക്രമേണ ഉല്‍പാദനശേഷി പ്രതിവര്‍ഷം 10 കോടി ലിറ്ററാക്കി ഉയര്‍ത്താനുള്ള പ്രോജക്ട് റിപ്പോര്‍ട്ട്കൂടി അംഗീകരിച്ചുകൊണ്ടുള്ളതാണ് എക്‌സൈസ് വകുപ്പിന്റെ ഈ വിവാദഉത്തരവ്.
ReplyDelete