Tuesday, May 8, 2012

നുണയുടെ ചാകര; കരക്കടുപ്പിക്കാനാകാതെ മാധ്യമങ്ങള്‍


സിപിഐ എമ്മിനെ കുരുക്കാന്‍ വാര്‍ത്താവല വിരിച്ച മാധ്യമങ്ങള്‍ ഇനിയെങ്ങോട്ടെന്നറിയാതെ കുഴങ്ങുന്നു. സംഭവസമയം മുതല്‍ സിപിഐ എമ്മിനെതിരെ കഥകള്‍ മെനയുന്ന ദൃശ്യ-പത്ര മാധ്യമങ്ങള്‍ പടച്ചുവിട്ട ഭാവനാസൃഷ്ടികളുടെ പൊള്ളത്തരം ജനം തിരിച്ചറിയാന്‍ തുടങ്ങിയതോടെ പുതിയ കഥകള്‍ തേടി പരക്കം പായുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. "ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ" എന്ന സമാന്യവല്‍ക്കരണത്തിനപ്പുറം ചന്ദ്രശേഖരന്റെ കൊലയുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ എന്തുണ്ടെന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടുന്നു.

കൊലക്കേസിലെ ആദ്യതെളിവായ കാറിന്റെ ഉടമയുടെ പ്രത്യക്ഷ കോണ്‍ഗ്രസ് ബന്ധം മറച്ചുവച്ച് അയാളെ സിപിഐ എം പ്രവര്‍ത്തകനാക്കിയ മലയാള മനോരമ ഇപ്പോള്‍ വീണിടത്തുനിന്ന് ഉരുളുകയാണ്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കം നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ റഫീഖാണ് കോണ്‍ഗ്രസുകാരനായ നവീന്‍ദാസിന്റെ കാര്‍ വാടകക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. ഇതൊന്നും പറയാതെ സിപിഐ എം ബന്ധത്തെക്കുറിച്ച് നുണകൃഷി തുടരുന്ന ദൃശ്യമാധ്യമങ്ങള്‍ രണ്ടു നാളുകള്‍ക്കുള്ളില്‍ എഴുന്നെള്ളിച്ച വിഡ്ഡിത്തങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

പരോളില്‍ ഇറങ്ങിയവരുടെ പേരുവിവരം വച്ചാണ് ഏറ്റവും ഒടുവിലത്തെ കളി. യുഡിഎഫ് ഗവണ്‍മെന്റിന്റെ ആഭ്യന്തരവകുപ്പ് പരിശോധിച്ച് അനുവദിച്ച പരോളുകാരുടെ ലിസ്റ്റ് അന്വേഷണ സംഘം കണ്ടെടുത്തതെന്ന മട്ടിലാണ് "ന്യൂസ് ബ്രേക്ക്". ചന്ദ്രശേഖരന് ലഭിച്ച അവസാനത്തെ കോള്‍ ആരുടേതെന്ന ചോദ്യത്തോടെ വായനക്കാരെ മുള്‍മുനയില്‍നിര്‍ത്തിയവര്‍ ഒടുവില്‍ പറഞ്ഞു ആ കോള്‍ ഒരു സഹപ്രവര്‍ത്തകന്റേതായിരുന്നുവെന്ന്. പ്രതികള്‍ അതിര്‍ത്തികടന്നെന്ന് രാവിലെ പറഞ്ഞവര്‍ ഉച്ചയായപ്പോള്‍ അവര്‍ പാര്‍ടി ഗ്രാമങ്ങളിലുണ്ടെന്ന് മാറ്റി. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുവെന്ന് പറഞ്ഞവര്‍ എവിടെയെന്നോ ആരുടെ വീട്ടിലെന്നോ പറഞ്ഞില്ല. കൊലക്ക് ഉപയോഗിച്ച ആയുധം പിടിച്ചെന്നായി അടുത്ത ബ്രേക്ക്. എവിടെ? ആര്? ഒന്നിനും ഉത്തരമില്ല. ഗൗരവതരമായ ഒരു കൊലക്കേസ് അന്വേഷണത്തെ ഇത്തരത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കൈകാര്യം ചെയ്യുന്നതിനെ വായനക്കാരും കാഴ്ചക്കാരും തരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയുള്ളത് രാഷ്ട്രീയ പക്ഷപാതംവച്ചുള്ള ഓവര്‍ടൈം പണിമാത്രം. അതാണ് നടക്കുന്നതെന്നറിയാന്‍ മനോരമയുടെ വാര്‍ത്തയിലെ ഒറ്റ വാചകം മതി- "നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടി കൊടുക്കരുതെന്ന് സിപിഐ എം പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്".
(മനോഹരന്‍ മോറായി)

deshabhimani 080512

No comments:

Post a Comment