Monday, July 16, 2012

കടലിരമ്പം പോലെ റാബിയയുടെ ഓര്‍മകള്‍


""ജയിലിലിട്ട് ഒമ്പതുമാസം കഴിഞ്ഞപ്പോഴാണ് കത്ത് കിട്ടിയത്. പെരുന്നാളാണ്. തയ്യല്‍ക്കാരനോട് പറഞ്ഞ് കുട്ടികള്‍ക്കെല്ലാം പുത്തനുടുപ്പ് നല്‍കണം. ഉപ്പയില്ലാത്തതിന്റെ കുറവ് അവരെ അറിയിക്കരുത്. ഞാന്‍ ഉടന്‍ പുറത്തിറങ്ങും"". എന്‍ അബ്ദുള്ളയുടെ വിധവ റാബിയ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. കാര്‍ഡ് ലഭിച്ചതിന്റെ നാലാം നാള്‍ സഹദേവന്‍ വന്നു പറഞ്ഞു അബ്ദുള്ളയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഉടന്‍ പോകണം. ചികിത്സ നല്‍കാതെ മരണക്കിടക്കയിലേക്കാണ് അവര്‍ അബ്ദുള്ളക്കയെ തള്ളിവിട്ടതെന്നു പറഞ്ഞുനിര്‍ത്തിയപ്പോള്‍ റാബിയയുടെ ഉള്ളില്‍ കടലിരമ്പി. ഓര്‍മകള്‍ അയവിറക്കുമ്പോള്‍ റാബിയയുടെ മനസ്സില്‍ പൊലീസ് ഭീകരതയുടെ ഇരുണ്ട ദിനങ്ങള്‍.

അടിയന്തരാവസ്ഥയില്‍ ചോറ്റുപാത്രം തട്ടിത്തെറിപ്പിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ ഭര്‍ത്താവിനെ ജീവച്ഛവമായാണ് പിന്നീട് കണ്ടതെന്ന് കണ്ണീരോടെ ഇവര്‍ പറയുന്നു. പാര്‍ടി നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തി മൂന്നാംമുറ പ്രയോഗിക്കുന്ന രീതി നേരത്തെയും ഉണ്ടായിരുന്നെന്ന് റാബിയ ഓര്‍ക്കുന്നു. ഇളയമകള്‍ ഷാഹിനയെ പ്രസവിച്ച് മൂന്നാം നാളിലാണ് അബ്ദുള്ളയെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. ""ഷാഹിനക്ക് ഉപ്പയെ കണ്ട ഓര്‍മയില്ല. ഉപ്പയെ കാണണമെന്ന് പറഞ്ഞ് അവള്‍ കരയുമ്പോള്‍ ദുബായിലാണെന്ന് പറഞ്ഞാണ് സമാധാനിപ്പിക്കുക. അഞ്ച് വയസായപ്പോഴാണ് ഫോട്ടോ കാണിച്ച് ഉപ്പ മരിച്ചുപോയെന്ന് പറഞ്ഞത്""- നിറകണ്ണുകളോടെ റാബിയ വിവരിച്ചു.

കണ്ണൂര്‍ മേഖലയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍ അബ്ദുള്ളയുടെ 36-ാം രക്തസാക്ഷി ദിനമാണ് ജൂലൈ 16. മത്സ്യത്തൊഴിലാളികളെയും ബീഡി- ചുരുട്ട് തൊഴിലാളികളെയും സംഘടിപ്പിച്ച് പാര്‍ടി നേതൃത്വത്തിലേക്ക് വന്ന അബ്ദുള്ള ഏവര്‍ക്കും പ്രിയപ്പെട്ട സഖാവായിരുന്നു. സാംസ്കാരിക പ്രവര്‍ത്തകന്‍കൂടിയായിരുന്നു അബ്ദുള്ള. മരക്കാര്‍കണ്ടി യുവജന വായനശാലയുടെ സ്ഥാപകരിലൊരാളാണ്. 1948ല്‍ പാര്‍ടി നിരോധിച്ചപ്പോള്‍ പൊലീസ് മര്‍ദനവും കോണ്‍ഗ്രസ് ഗുണ്ടാമര്‍ദനവും നിരവധി തവണ ഏല്‍ക്കേണ്ടി വന്നു. അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനായി സെന്‍ട്രല്‍ ജയിലിലടച്ച അബ്ദുള്ളക്ക് ചികിത്സയോ പരോളോ അനുവദിച്ചില്ല. ഒമ്പതാം മാസം ജീവച്ഛവമായാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നെ കൂടുതല്‍ ദിവസം നീണ്ടില്ല. സ്വന്തമായൊരു വീട് അബ്ദുള്ളയുടെ സ്വപ്നമായിരുന്നു. പാര്‍ടിയുടെ സഹായത്തോടെ നിര്‍മിച്ച വീട്ടിലാണ് റാബിയയും മക്കളായ അജീറും ഷാഹിനയും പേരക്കുട്ടികളും താമസിക്കുന്നത്. മറ്റ് മക്കളായ അഷ്റഫും ആരിഫും ഗള്‍ഫിലാണ്.
(പി കെ ബൈജു)

deshabhimani 160712

1 comment:

  1. ""ജയിലിലിട്ട് ഒമ്പതുമാസം കഴിഞ്ഞപ്പോഴാണ് കത്ത് കിട്ടിയത്. പെരുന്നാളാണ്. തയ്യല്‍ക്കാരനോട് പറഞ്ഞ് കുട്ടികള്‍ക്കെല്ലാം പുത്തനുടുപ്പ് നല്‍കണം. ഉപ്പയില്ലാത്തതിന്റെ കുറവ് അവരെ അറിയിക്കരുത്. ഞാന്‍ ഉടന്‍ പുറത്തിറങ്ങും"". എന്‍ അബ്ദുള്ളയുടെ വിധവ റാബിയ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. കാര്‍ഡ് ലഭിച്ചതിന്റെ നാലാം നാള്‍ സഹദേവന്‍ വന്നു പറഞ്ഞു അബ്ദുള്ളയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഉടന്‍ പോകണം. ചികിത്സ നല്‍കാതെ മരണക്കിടക്കയിലേക്കാണ് അവര്‍ അബ്ദുള്ളക്കയെ തള്ളിവിട്ടതെന്നു പറഞ്ഞുനിര്‍ത്തിയപ്പോള്‍ റാബിയയുടെ ഉള്ളില്‍ കടലിരമ്പി. ഓര്‍മകള്‍ അയവിറക്കുമ്പോള്‍ റാബിയയുടെ മനസ്സില്‍ പൊലീസ് ഭീകരതയുടെ ഇരുണ്ട ദിനങ്ങള്‍.

    ReplyDelete