Thursday, December 13, 2012

പ്രിയപ്പെട്ടവന്റെ സ്മരണയില്‍ ദു:ഖാര്‍ദ്രയായി അമ്മിണിയമ്മ

കൊല്ലം: തോപ്പില്‍ഭാസിയുടെ ഓര്‍മകളില്‍ ഭാര്യ അമ്മിണിയമ്മ വിതുമ്പി. സിപിഐ എം ചവറ ഏരിയ കമ്മിറ്റി നല്ലേഴത്ത്മുക്കില്‍ സംഘടിപ്പിച്ച "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" നാടകത്തിന്റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങിലാണ് വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊലക്കയറില്‍നിന്നിറങ്ങിവന്ന മനുഷ്യനുമായുള്ള വിവാഹത്തിന് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അമ്മിണിയമ്മ പറഞ്ഞു. എന്‍ ശ്രീധരനാണ് തോപ്പില്‍ ഭാസിയുമായുള്ള വിവാഹാലോചന കൊണ്ടുവന്നത്. ഏക മകളെ കൊലക്കേസ് പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അമ്മ സമ്മതിച്ചില്ല. ഒടുവില്‍ അധ്യാപകന്‍ കൂടിയായ ശങ്കരനാരായണന്‍ തമ്പി അമ്മയെ പറഞ്ഞ് ഒരുവിധം ബോധ്യപ്പെടുത്തി വിവാഹം ഉറപ്പിച്ചു. അപ്പോള്‍ എനിക്ക് പ്രായം 15 വയസ്. എന്നാല്‍, വിവാഹത്തിന് ഞാന്‍ സമ്മതിച്ചില്ല. ഒരു വര്‍ഷം നീണ്ട ആലോചനകള്‍ക്കൊടുവില്‍ സമ്മതംമൂളി. പതിനാറാമത്തെ വയസ്സിലായിരുന്നു താലികെട്ട്. ഇത്ര വലിയ മനുഷ്യന്റെ ഭാര്യാകാന്‍ കഴിഞ്ഞതില്‍ ഇന്നു ഞാന്‍ അഭിമാനിക്കുന്നു- അമ്മിണിയമ്മയുടെ സങ്കടം അണപൊട്ടി. മാനസിക പ്രയാസംകൊണ്ട് കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞവസാനിപ്പിച്ച അമ്മിണിയമ്മയെ വേദിയിലുണ്ടായിരുന്ന എം എ ബേബി സാന്ത്വനിപ്പിച്ചു. പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്ന് മക്കളായ മാല, സോമന്‍ എന്നിവര്‍ക്കൊപ്പമാണ് അമ്മിണിയമ്മ ചടങ്ങിനെത്തിയത്. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" നാടകത്തിലെ കഥാപാത്രം മാലയുടെ പേരാണ് തോപ്പില്‍ഭാസി പിന്നീട് മകള്‍ക്കിട്ടത്.

deshabhimani 131212

No comments:

Post a Comment