Wednesday, April 10, 2013

ബംഗാളില്‍ 10 സിപിഐ എം ഓഫീസുകള്‍ കത്തിച്ചു


പശ്ചിമബംഗാളിലെങ്ങും തൃണമൂല്‍ ആക്രമണം. സിപിഐ എം ഓഫീസുകള്‍ വ്യാപകമായി തകര്‍ത്ത തൃണമൂലുകാര്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ചു. പത്ത് ഓഫീസിന് തീയിട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഇടതുമുന്നണി ചീഫ് വിപ്പുമായ റോജക് മൊള്ളയുടെ വീടിനുനേരെ കല്ലേറുണ്ടായി. ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ ഡല്‍ഹിയില്‍ കൈയേറ്റം ചെയ്തെന്ന കള്ളക്കഥയുണ്ടാക്കിയാണ് തൃണമൂലുകാര്‍ അഴിഞ്ഞാടിയത്. അമിത് മിത്രയെ ആക്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിതന്നെയാണ് പ്രചാരണം നടത്തിയത്. വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ വാര്‍ത്താസമ്മേളനത്തിനുശേഷമായിരുന്നു സംസ്ഥാനമൊട്ടുക്ക് തൃണമൂല്‍ ആക്രമണം.

കൊല്‍ക്കത്തയില്‍ സിപിഐ എമ്മിന്റെ മൂന്ന് സോണല്‍ ഓഫീസിന് തീയിട്ടു. കുച്ച്ബിഹാറില്‍ ഏഴ് ഓഫീസ് കത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എസ്എഫ്ഐ ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ഹൂഗ്ലിയിലെ ശ്രീരാംപുരിലാണ് എസ്എഫ്ഐ ഓഫീസുകള്‍ക്കുനേരെ വ്യാപക അക്രമം ഉണ്ടായത്. സിലുഗുരിയില്‍ സിപിഐ എം ജില്ലാ ഓഫീസ് തകര്‍ത്ത തൃണമൂലൂകാര്‍ സിപിഐ എം നേതാവിന്റെ കാറും അടിച്ചുതകര്‍ത്തു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ അനുസ്മരണയോഗം തൃണമൂലുകാര്‍ കൈയേറി. ഇവിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. ഹൂഗ്ലി, ബരക്പുര്‍, ശ്രീരാംപുര്‍, ഉത്തര 24 പര്‍ഗാന, ദക്ഷിണ 24 പര്‍ഗാന, കിഴക്കന്‍ മിഡ്നാപുര്‍, പടിഞ്ഞാറന്‍ മിഡ്നാപുര്‍, ദുര്‍ഗാപുര്‍ എന്നിവിടങ്ങളിലാണ് പാര്‍ടി ഓഫീസുകള്‍ തകര്‍ത്തത്.

സുദീപ്ത ഗുപ്തയുടെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന മമത ബാനര്‍ജിക്കെതിരെ ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തിയ ബംഗാള്‍ ധനമന്ത്രിയുടെ കുര്‍ത്ത കീറിയെന്ന് പിന്നീട് മമതയും അമിത് മിത്രയും ആരോപിച്ചു. ഇതിനുശേഷമായിരുന്നു തൃണമൂലുകാര്‍ വ്യാപകമായി അക്രമം നടത്തിയത്. ബംഗാളില്‍ സിപിഐ എം ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു പ്രതിഷേധിച്ചു. പൊലീസിന്റെ നിഷ്ക്രിയത്വമാണ് ആക്രമണം വ്യാപകമാകാന്‍ കാരണമായത്. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു പലയിടത്തും ആക്രമണം.

deshabhimani 100413

No comments:

Post a Comment