Wednesday, April 10, 2013

കേരളത്തിന്റെ 17000 കോടിയുടെ വാര്‍ഷിക അടങ്കലിന് അംഗീകാരം


കേരളത്തിന്റെ വാര്‍ഷിക അടങ്കല്‍ പദ്ധതിയില്‍ 2990 കോടി രൂപയുടെ വര്‍ധന. കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ വാര്‍ഷിക അടങ്കല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമീഷന്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21.34 ശതമാനം വര്‍ധന. 14,010 കോടി രൂപയുടേതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായമായി 4,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള വിഹിതത്തിലാണ് കൂടുതല്‍ വര്‍ധന. 93 ശതമാനമാണ് ഈ വിഹിതത്തിലെ വര്‍ധന. ന്യൂനപക്ഷ ക്ഷേമവകുപ്പിന് ആദ്യമായി പണം അനുവദിച്ചതുകൊണ്ടാണ് ഈ വര്‍ധനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ന്യൂനപക്ഷക്ഷേമത്തിന് 40 കോടിയും പിന്നോക്ക വിഭാഗത്തിന് 60 കോടിയും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്10 കോടിയും നീക്കിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ മേഖലയ്ക്ക് 23 ശതമാനവും സഹകരണ മേഖലയ്ക്ക് 21 ശതമാനവും പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചു. പഞ്ചായത്ത്-കമ്യൂണിറ്റി വികസനം എന്നിവയ്ക്ക് 18 ശതമാനം, പ്രത്യേക പാക്കേജുകള്‍ക്ക് 38, ജലസേചന പദ്ധതികള്‍ക്ക് 20, ഗതാഗത മേഖലയ്ക്ക് 58, ക്ഷീര വികസന മേഖലയ്ക്ക് 36, ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് 20, വിദ്യാഭ്യാസ മേഖലയ്ക്ക് 18, ആരോഗ്യ മേഖലയ്ക്ക് 15, നഗര വികസനത്തിന് 18, പട്ടികജാതി- പട്ടികവര്‍ഗ വികസനത്തിന് 47, ഒബിസി, ന്യൂനപക്ഷ, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 93 ശതമാനം - എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ അനുവദിക്കാമെന്ന് അറിയിച്ചതായി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കുന്ന തുകയില്‍ 10 ശതമാനം ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ക്ക് അയവ് വരുത്തി ചെലവാക്കാനാകും. ഈ ആവശ്യം ആദ്യമുന്നയിച്ച കേരളത്തിനാണ് ഈ ആനുകൂല്യം ആദ്യം നല്‍കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലുറപ്പടക്കം എല്ലാ കേന്ദ്രപദ്ധതികളുടെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഇതുവഴി സാധിക്കും- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ എം മാണി, കെ സി ജോസഫ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ സി പി ജോണ്‍, ജി വിജയരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 090413

No comments:

Post a Comment