Saturday, April 20, 2013
മരണം തൊട്ട "23", മറന്നില്ല പതിറ്റാണ്ടായിട്ടും
മാഞ്ചസ്റ്റര്‍ സിറ്റിക്ക് 23 വെറുമൊരു ജഴ്സിയല്ല, ഒരു തുള്ളി കണ്ണീരാണ്. പത്തു വര്‍ഷമായി ഈ ജഴ്സി സിറ്റി മറ്റാര്‍ക്കും കൊടുത്തിട്ടില്ല. ഒരു വേര്‍പാടിന്റെ ചിരസ്മരണയായി ഇതവര്‍ കാത്തുവെക്കുന്നു. 23-ാം നമ്പറിലാണ് അവരുടെ പ്രിയങ്കരനായിരുന്ന മാര്‍ക് വിവിയന്‍ ഫോ കളിക്കാനിറങ്ങിയത്. മരണം ഫോയെ കളിക്കളത്തില്‍നിന്ന് വിളിച്ചിട്ട് ഇപ്പോള്‍ 10 വര്‍ഷം തികയുന്നു. 2003 ജൂണ്‍ 26ന് കോണ്‍ഫെഡറേഷന്‍ കപ്പ് സെമിഫൈനലായിരുന്നു ആ ദുരന്തവേദി. ഫോയുടെ കാമറൂണും കൊളംബിയയും തമ്മിലായിരുന്നു മത്സരം. 72-ാം മിനിറ്റില്‍ മരണം ഫോയെ തൊട്ടു. കളിപൂര്‍ത്തിയാകാതെ ആ ഇരുപത്തെട്ടുകാരന്‍ കൂടെപോയി. ദുരന്തദിനത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ രണ്ടു ഇംഗ്ലീഷ് ക്ലബ്ബുകള്‍ ഫോയെ അനുസ്മരിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ് തലത്തില്‍ ഫോ അവസാനമായി കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ടീം വെസ്റ്റ്ഹാം യുണൈറ്റഡും. വരുന്ന ശനിയാഴ്ച സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീമിയര്‍ മത്സരം ഇവര്‍ ഫോക്ക് ആദരഞ്ജലിയായി സമര്‍പ്പിക്കുന്നു.
ഫുട്ബോള്‍ലോകത്തെ കണ്ണീരണിയിപ്പിച്ചുകൊണ്ടായിരുന്നു മരണം ഫോയ്ക്കുമേല്‍ ചുവപ്പുകാര്‍ഡ് വീശിയത്. 2003ല്‍ ഫ്രാന്‍സില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കാമറൂണായിരുന്നു കറുത്ത കുതിരകള്‍. ബ്രസീലിനെയും തുര്‍ക്കിയെയും തോല്‍പ്പിച്ച് ആഫ്രിക്കക്കാര്‍ സെമിയിലേക്ക്. രണ്ടുകളിയിലും ഫോയുടെ നിര്‍ണായക സാന്നിധ്യമുണ്ടായിരുന്നു. ഗ്രൂപ്പില്‍ അമേരിക്കയ്ക്കെതിരായ അപ്രധാന മത്സരത്തില്‍ ഈ മിഡ്ഫീല്‍ഡര്‍ വിശ്രമത്തിനിരുന്നു. അടുത്ത കളി സെമിയില്‍ ലാറ്റിനമേരിക്കന്‍ ടീം കൊളംബിയുമായി. ഫോ ഒരുങ്ങി, കാമറൂണും. ല്യോണിലായിരുന്നു മത്സരം. 12352 കാണികള്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു. ഒമ്പതാം മിനിറ്റില്‍ പിയുസ് എന്‍ഡിഫിയിലൂടെ കാമറൂണിന് ലീഡ്. 23-ാം മിനിറ്റില്‍ ഫോയ്ക്ക് റഫറിയുടെ മഞ്ഞക്കാര്‍ഡ്. കളി ആദ്യപകുതിയും കഴിഞ്ഞ് പുരോഗിമിച്ചു. 72-ാം മിനിറ്റ്. നടുത്തളത്തില്‍ ഫോ വിറച്ചു, കുഴഞ്ഞുവീണു. കൈകള്‍ രണ്ടും മടങ്ങി, മുഖം പുല്ലില്‍ പൂണ്ടു. ആരും ആ സമയം അടുത്തുണ്ടായിരുന്നില്ല. കൊളംബിയന്‍ താരം ജയ്റോ പാറ്റിനോ ഫോയുടെ അടുത്തേക്ക് കുതിച്ചെത്തി. സ്ട്രെക്ചറില്‍ കയറ്റുമ്പോഴേക്കും ഫോയുടെ മുഖം വാടിയിരുന്നു. പുറത്തുവച്ച് കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. നേരെ ആശുപത്രിയിലേക്ക്. 45 മിനിറ്റോളം ഡോക്ടര്‍മാര്‍ കിണഞ്ഞുശ്രമിച്ചു. ഫോയുടെ ഹൃദയം ഉണര്‍ന്നില്ല.
കഥയറിയാതെ കളിച്ച് വിജയിച്ചുവന്ന സഹതാരങ്ങള്‍ വിങ്ങിപ്പൊട്ടി. കാമറൂണ്‍ പൊട്ടിക്കരഞ്ഞു, ലോകം വിതുമ്പി. ഹൃദയംതകര്‍ന്ന് കാമറൂണ്‍ ഫൈനലിനിറങ്ങി. ആതിഥേയരായ ഫ്രാന്‍സായിരുന്നു എതിരാളികള്‍. ചങ്കുപിടയുന്ന വേദനയിലും അവര്‍ പന്തുതട്ടി. കളി പൂര്‍ത്തിയാകാതെപോയ പോരാളിക്ക് വിജയതിലകം അണിയിച്ചുകൊടുക്കാന്‍ കാമറൂണ്‍ പോരാടി. ഗോള്‍ഡന്‍ ഗോളില്‍ പക്ഷേ, ഫ്രാന്‍സ് കിരീടം തൊട്ടു. ഫോയ്ക്ക് വെങ്കല പന്ത് നല്‍കി, ആ പ്രതിഭയ്ക്കുള്ള ആദരം ഫിഫ നിറവേറ്റി.
1975 മെയ് ഒന്നിന് ജനിച്ച ഫോ ജൂനിയര്‍ തലംതൊട്ടേ ശ്രദ്ധേയനായിരുന്നു. 1994ല്‍ ലോകകപ്പിലൂടെ കാമറൂണ്‍ ടീമില്‍ അരങ്ങേറി. കനോണ്‍ യൗന്‍ഡെയിലായിരുന്നു ക്ലബ് അരങ്ങേറ്റം. 1994 മുതല്‍ "99വരെ ലെന്‍സില്‍. തുടര്‍ന്ന് ഒരുവര്‍ഷം വെസ്റ്റ്ഹാം യുണൈറ്റഡില്‍. 2000 മുതല്‍ ഫ്രഞ്ച് ക്ലബ് ല്യോണില്‍. ഇതിനിടെ 2002ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ സിറ്റിയിലേക്കുമെത്തി. 35 മത്സരത്തില്‍ ഒമ്പതു ഗോളുകള്‍ സിറ്റിക്കായി നേടി.
deshabhimani 200413
Subscribe to:
Post Comments (Atom)
No comments:
Post a Comment